22.6 C
Iritty, IN
July 8, 2024
  • Home
  • Kerala
  • ലക്ഷദ്വീപ്‌ റിസോർട്ട്‌ പദ്ധതിക്ക്‌ വേഗം കൂട്ടി അഡ്‌മിനിസ്‌ട്രേഷൻ ; ഉയരുന്നു രാജ്യവ്യാപക പ്രതിഷേധം .
Kerala

ലക്ഷദ്വീപ്‌ റിസോർട്ട്‌ പദ്ധതിക്ക്‌ വേഗം കൂട്ടി അഡ്‌മിനിസ്‌ട്രേഷൻ ; ഉയരുന്നു രാജ്യവ്യാപക പ്രതിഷേധം .

ഏറെ പ്രതിഷേധങ്ങൾക്കിടയിലും ലക്ഷദ്വീപ്‌ തീരത്തെ ഇക്കോ ടൂറിസം റിസോർട്ട്‌ നിർമാണ പദ്ധതിയുമായി ലക്ഷദ്വീപ്‌ അഡ്‌മിനിസ്‌ട്രേഷൻ മുന്നോട്ട്‌. മൂന്ന്‌ ദ്വീപിന്റെ തീരത്തും കടലിലുമായി 370 റിസോർട്ടുകൾ നിർമിക്കാനാണ്‌ പദ്ധതി. 806 കോടി രൂപ ചെലവുവരുന്ന പദ്ധതി ഏഷ്യയിലെ തന്നെ കാലാവസ്ഥാ വ്യതിയാനത്തിന്‌ ആക്കംകൂട്ടുമെന്ന പഠനങ്ങൾ പുറത്തുവന്നിട്ടുണ്ട്‌. അതെല്ലാം അവഗണിച്ചാണ്‌ പദ്ധതി നിർമാണത്തിന്‌ റിക്വസ്‌റ്റ്‌ ഫോർ പ്രൊപ്പോസൽ (ആർഎഫ്‌പി) ക്ഷണിച്ചിട്ടുള്ളത്‌.

കടമാത്ത്‌, മിനിക്കോയ്‌, സുഹേലി ദ്വീപുകൾ കേന്ദ്രീകരിച്ചാണ്‌ പദ്ധതി. കടമാത്ത്‌ ദ്വീപിൽ നിർമിക്കുന്ന 70 റിസോർട്ടുകളിൽ 20 എണ്ണം കടലിലായിരിക്കും. മിനിക്കോയ്‌ ദ്വീപിൽ ആകെയുള്ള 100 റിസോർട്ടുകളിൽ 25 എണ്ണവും സുഹേലിയിൽ ആകെയുള്ള 70 റിസോർട്ടുകളിൽ 30 എണ്ണവും കടലിലാണ്‌ നിർമിക്കുക. മൂന്നുവർഷത്തിനകം നിർമാണം പൂർത്തിയാക്കി 72 വർഷം പ്രവർത്തിപ്പിച്ചശേഷം കൈമാറുന്ന വ്യവസ്ഥകളോടെ പൊതുസ്വകാര്യ പങ്കാളിത്തത്തിലാണ്‌ പദ്ധതി. ഡിസൈൻ, നിർമാണ രീതി, ചെലവ്‌ എന്നിവയുടെ വിശദാംശങ്ങളാണ്‌ അഡ്‌മിനിസ്‌ട്രേഷൻ ക്ഷണിച്ചിട്ടുള്ളത്‌. തുടർന്ന്‌ പ്രീ ബിഡ്‌ നടപടികളിലേക്ക്‌ കടക്കുമെന്നും മാധ്യമങ്ങളിൽ നൽകിയ പരസ്യത്തിൽ പറയുന്നു.

ബിജെപി നേതാവുകൂടിയായ പ്രഫുൽ കോഡ പട്ടേൽ അഡ്‌മിനിസ്‌ട്രേറ്ററുടെ ചുമതലയേറ്റശേഷമാണ്‌ നടപടി വേഗത്തിലാക്കിയത്‌. നിതി ആയോഗും കേന്ദ്ര ആഭ്യന്തരമന്ത്രാലയവും ചേർന്ന്‌ 10 വൻകിട ഹോട്ടലുകൾ സ്ഥാപിക്കാൻ പദ്ധതി ആവിഷ്‌കരിച്ചിരുന്നു. പഠനങ്ങളുടെ വെളിച്ചത്തിൽ പിന്നീട്‌ ഉപേക്ഷിച്ചു. ലക്ഷദ്വീപ്‌ തീരത്തിന്റെ പാരിസ്ഥിതിക സവിശേഷതകളും ദ്വീപുജനതയുടെ ജീവിത സാഹചര്യങ്ങളും തകരുമെന്ന വിലയിരുത്തലോടെയായിരുന്നു അത്‌. പ്രഫുൽ പട്ടേൽ എത്തിയതോടെ ആ പദ്ധതി വീണ്ടും പൊടിതട്ടിയെടുത്തു. കഴിഞ്ഞ സെപ്‌തംബറിൽ നിതി ആയോഗ്‌ സിഇഒ അമിതാഭ്‌ കാന്തും കലക്‌ടർ അസ്‌കർ അലിയും ചേർന്ന്‌ ഡൽഹിയിൽ പദ്ധതി അവതരിപ്പിച്ചിരുന്നു. എന്നാൽ പ്രതീക്ഷിച്ചപോലെ സംരംഭകർ പ്രതികരിച്ചില്ല.

രാജ്യവ്യാപകമായി സമുദ്ര ജൈവ ശാസ്‌ത്രജ്ഞരും പരിസ്ഥിതിപ്രവർത്തകരും മുപ്പതോളം സർവകലാശാലകളും പദ്ധതിക്കെതിരെ രംഗത്തുണ്ട്‌. വൻകിട നിർമാണത്തോടെ ദ്വീപിന്റെ തീരത്തെ തടാകങ്ങളും പവിഴപ്പുറ്റും കടൽവെള്ളരിയും സൂക്ഷ്‌മ സസ്യ, ജീവി സമ്പത്തും നശിക്കുമെന്ന്‌ ഇവർ മുന്നറിയിപ്പ്‌ നൽകുന്നു. ഭാവിയിൽ സമുദ്രതാപനമുയരാനും കടൽകയറ്റം, വെള്ളപ്പൊക്കം, മഹാമാരി എന്നിവ അടിക്കടിയുണ്ടാകാനും കാരണമാകും. ലക്ഷദ്വീപിനെ മാത്രമല്ല ഏഷ്യയെയാകെ ഇത്‌ ബാധിക്കുമെന്ന മുന്നറിയിപ്പും അവഗണിച്ചാണ്‌ അഡ്‌മിനിസ്‌ട്രേഷന്റെ നീക്കങ്ങൾ.

Related posts

കണ്ണീർപ്പുഴ ; തൂവൽതീരം കണ്ണീർത്തീരമായി

ഭാഗ്യക്കുറി ഒന്നാം സമ്മാനാർഹർക്കുള്ള പരിശീലനം ബുധനാഴ്ച

Aswathi Kottiyoor

മനുഷ്യൻ വീണ്ടും ചന്ദ്രനിലേക്ക്: ആർട്ടിമിസ് വിക്ഷേപണം വിജയകരം

Aswathi Kottiyoor
WordPress Image Lightbox