ഒമിക്രോണ്‍ ആശങ്ക പരക്കുമ്പോള്‍ സംസ്ഥാനത്ത് സമയപരിധി കഴിഞ്ഞിട്ടും മറ്റ് കാരണങ്ങളില്ലാതെ രണ്ടാം ഡോസ് വാക്സീനെടുക്കാനുളളവര്‍ ഏഴുലക്ഷത്തിലേറെ. എട്ടുലക്ഷത്തിലേറേ പേര്‍ ഒന്നാം ഡോസ് കുത്തിവയ്പെടുത്തിട്ടില്ല. ബോധവത്കരണം ലക്ഷ്യമിട്ട് പ്രത്യേക വാക്സീനേഷന്‍ ക്യാംപെയിൻ ഇന്ന് തുടങ്ങും. സംസ്ഥാനത്തെ രണ്ടാം ഡോസ് വാക്സീനേഷന്‍ 64 ശതമാനത്തിലെത്തി നിലച്ച മട്ടാണ്. സമയപരിധി കഴിഞ്ഞിട്ടും വാക്സീനെടുക്കാത്തവര്‍ ആകെ 14,18,709 പേര്‍. മൂന്ന് ലക്ഷത്തിലേറെ പേര്‍ ആദ്യ ഡോസിനു ശേഷം പോസിറ്റീവായവരാണ്. എഴുപതിനായിരത്തിലേറെ പേര്‍ ആദ്യ ഡോസിനുശേഷം മറ്റ് രാജ്യങ്ങളിലേക്ക് മടങ്ങി. രണ്ടുലക്ഷത്തിലേറേ പേര്‍ കണക്കുകളിലെ ഇരട്ടിപ്പില്‍ വന്നവരെന്നാണ് സര്‍ക്കാര്‍ രേഖ.
അലര്‍ജിയുളളവര്‍, മരണപ്പെട്ടവര്‍ ഇവരെയൊക്കെകൂടി ഒഴിവാക്കിയ ശേഷവും 7, 27,274 പേര്‍ രണ്ടാം ഡോസെടുക്കാന്‍ ബാക്കിയുണ്ട്. ഒന്നാം ഡോസ് വാക്സീനേഷനും 96 ശതമാനമെത്തിയശേഷം കാര്യമായ ചലനമില്ല. ഒന്നാം ഡോസിന് അര്‍ഹരായ എട്ടു ലക്ഷത്തിലേറെ പേരാണ് ഇനിയും ബാക്കിയുളളത്. ഇവരെ ലക്ഷ്യമിട്ടാണ് വാര്‍ഡുതല ക്യാംപെയിൻ തുടങ്ങുന്നത്.
തദ്ദേശ ആരോഗ്യ വകുപ്പുകള്‍ സംയുക്തമായാണ് പ്രവര്‍ത്തനം. വാക്സീന്‍ എടുക്കേണ്ടവരുടെ പട്ടിക തയാറാക്കും. ആശാ വര്‍ക്കര്‍മാര്‍, സന്നദ്ധപ്രവര്‍ത്തകര്‍, ആര്‍ആര്‍ടി അംഗങ്ങള്‍ എന്നിവരുടെ സഹകരണത്തോടെ രണ്ടാം ഡോസ് കുത്തിവയ്പ് ഊര്‍ജിതമാക്കാണ് ശ്രമം. വാക്സീനെടുക്കാത്തവര്‍ക്ക് സൗജന്യ ചികില്‍സ നിര്‍ത്തലാക്കിയും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ആഴ്ചയിലൊരിക്കല്‍ ആര്‍ടിപിസിആര്‍ നിര്‍ബന്ധമാക്കിയും വാക്സീന്‍ വിരോധികള്‍ക്കെതിരെ നിലപാട് കടുപ്പിക്കുകയാണ് സര്‍ക്കാര്‍.