കേളകം: വളർത്തുമൃഗങ്ങളെ കടുവയും പുലിയും കൊന്നുതിന്നുന്നത് പതിവായതോടെ കൂടുവച്ച് ഇവയെ പിടികൂടണമെന്ന ആവശ്യത്തിൽ വനംവകുപ്പിന് നിസംഗത . കൂടുവയ്ക്കുന്നതിന് മുന്നോടിയായി കാമറകൾ സ്ഥാപിച്ചെങ്കിലും തുടർനടപടി ഉണ്ടായില്ല. വന്യമൃഗങ്ങൾ കാമറയിൽ കുടുങ്ങിയോ എന്നുപോലും വനം വകുപ്പ് നാട്ടുകാരെ അറിയിക്കുന്നില്ല . ആഴ്ചകൾക്ക് മുമ്പാണ് കൊട്ടിയൂർ പഞ്ചായത്തിലെ പാൽച്ചുരത്തും കേളകം പഞ്ചായത്തിലും വന്യജീവികൾ വളർത്തു മൃഗങ്ങളെ കൊന്ന സംഭവമുണ്ടായത്.
പലരും പുലിയെയും കടുവയെയും കാണുകയും കാൽപ്പാടുകൾ വനംവകുപ്പ് അധികൃതർ കണ്ടെത്തുകയും ചെയ്തതാണ്. പാൽച്ചുരത്ത് നാട്ടുകാരുടെ നേതൃത്വത്തിൽ വനപാലകരെ തടഞ്ഞുവച്ച് പ്രതിഷേധിച്ചതിനെ തുടർന്നാണ് കാമറകൾ സ്ഥാപിക്കാൻ തീരുമാനമായത്. കാമറയിൽ വന്യമൃഗം പതിഞ്ഞാൽ കൂടുവച്ച് പിടിക്കാമെന്നായിരുന്നു വനം വകുപ്പിന്റെ ഉറപ്പ്. എന്നാൽ, സ്ഥാപിച്ച് രണ്ട് ദിവസം കഴിഞ്ഞ് കാമറകൾ എടുത്തോണ്ട് പോയതല്ലാതെ യാതൊരു തുടർനടപടിയും ഉണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു.
സമാനമാണ് സ്ഥിതിയാണ് അടയ്ക്കാത്തോട് കരിയംകാപ്പിലും. രണ്ട് ക്വിന്റലോളം തൂക്കമുള്ള പോത്തിനെയാണ് ഇവിടെ കടുവ പിടിച്ചുകൊണ്ടുപോയത്. നാട്ടുകാർ ഒച്ചവച്ചതിനെ തുടർന്ന് പോത്തിനെ ഉപേക്ഷിച്ച് കടുവ കടന്നു. ഇവിടെയും ജനപ്രതിനിധികളുടെ അവശ്യപ്രകാരം കൂടുവച്ച് കടുവയെ പിടികൂടുന്നതിന് മുന്നോടിയായി കാമറകൾ സ്ഥാപിച്ചിരുന്നു. മുമ്പും ഇത്തരത്തിൽ കടുവയുടെ ആക്രമണമുണ്ടായപ്പേൾ ദ്യശ്യങ്ങൾ ലഭിച്ചിട്ടും തുടർ നടപടി ഉണ്ടായില്ല.
പകൽസമയത്ത് പോലും പുറത്തിറങ്ങാൻ പ്രദേശവാസികൾ പേടിക്കുകയാണ്.കുട്ടികളെ സ്കൂളിൽ വിടാനും വളർത്തുമൃഗങ്ങളെ തീറ്റുന്നതിനായി പുറത്തുകെട്ടുന്നതിനും കഴിയാത്ത അവസ്ഥയാണെന്ന് നാട്ടുകാർ പറയുന്നു.
previous post