ഗ്രാമീണ മേഖലയിൽ രാജ്യത്തെ എറ്റവുമധികം വേതനം ലഭിക്കുന്നത് കേരളത്തിലെ തൊഴിലാളികൾക്ക്. റിസർവ് ബാങ്ക് കഴിഞ്ഞ ദിവസം പുറത്തുവിട്ട കണക്കുകൾ പ്രകാരം കേരളത്തിൽ ഗ്രാമീണ മേഖലയിൽ ജോലി ചെയ്യുന്ന പുരുഷന്മാർക്ക് ലഭിക്കുന്ന വേതനം ദേശീയ ശരാശരിയുടെ ഇരട്ടിയിലധികമാണ്.
കാർഷിക ഇതര മേഖലയിൽ കേരളത്തിലെ ഒരു ഗ്രാമീണ തൊഴിലാളിക്ക് 677.6 രൂപ പ്രതിദിന വേതനം ലഭിക്കുമ്പോൾ ദേശീയതലത്തിൽ ഇത് 315.3 രൂപ മാത്രമാണെന്നും കണക്കുകൾ പറയുന്നു. രാജ്യത്തെ ഏറ്റവും വലിയ വ്യാവസായിക സംസ്ഥാനമായ മഹാരാഷ്ട്രയിൽ പ്രതിദിന വേതനം 262.3 രൂപയും ഗുജറാത്തിൽ 239.6 രൂപയും മാത്രമാണ്. കേരളത്തിന് തൊട്ടുപിറകിലുള്ളത് ജമ്മുകശ്മീരും തമിഴ്നാടുമാണ്. ജമ്മുകശ്മീരിൽ 483 രൂപയും തമിഴ്‌നാട്ടിൽ 449.5 രൂപയുമാണ് ഗ്രാമീണ തൊഴിലാളികളുടെ ശരാശരി പ്രതിദിന വേതനം ലഭിക്കുന്നു.