ആന മതില്‍ നിര്‍മ്മാണം നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് ആറളം വന്യജീവി സങ്കേതം ഓഫീസിനുമുന്നില്‍ ഏകദിന ധര്‍ണ്ണ. ചിലവ് കുറയ്ക്കാനുള്ള നടപടികളുടെ ഭാഗമായി ബദല്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ചുള്ള സര്‍വ്വേ നടപടികള്‍ തുടരുന്ന സാഹചര്യത്തിലാണ് ആനമതില്‍ അല്ലാതെ മറ്റൊരു സംവിധാനവും തങ്ങള്‍ക്ക് സ്വീകാര്യമല്ലന്നാവര്‍ത്തിച്ച് സി. പി. എമ്മിന്റെ നേതൃത്വത്തില്‍ ഏകദിന ധര്‍ണ സംഘടിപ്പിച്ചത്.
ആറളം വന്യജീവി സങ്കേതത്തില്‍ നിന്നും ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങിവരുന്ന കാട്ടുമൃഗങ്ങളെ പ്രതിരോധിക്കുന്നതിനായി ആനമതില്‍ നിര്‍മ്മിക്കാന്‍ പട്ടികജാതി വകുപ്പ് 22 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്.
സി. പി. എം ജില്ലാ സെക്രട്ടറി എം. വി ജയരാജന്‍ ധർണ്ണ ഉദ്ഘാടനം ചെയ്തു. ലോക്കല്‍ സെക്രട്ടറി പി. കെ രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു.
സി. പി. എം ജില്ലാ കമ്മിറ്റി അംഗം അഡ്വക്കേറ്റ് ബിനോയ് കുര്യന്‍, ഏരിയാ സെക്രട്ടറി കെ. വി സക്കീര്‍ ഹുസൈന്‍, കമ്മിറ്റി അംഗങ്ങളായ വൈ. വൈ മത്തായി, പി. പി അശോകന്‍, ഇ. എസ് സത്യന്‍, എന്‍. ഐ സുകുമാരന്‍, എന്‍. ടി റോസമ്മ, പി റോസ, കെ. കെ ജനാര്‍ദ്ദനന്‍, കെ മോഹനന്‍, എ. ഡി ബിജു, പഞ്ചായത്തംഗം മിനി ദിനേശന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
രാവിലെ 10 മണിക്ക് ആരംഭിച്ച ഏകദിന ധര്‍ണ്ണ വൈകുന്നേരം നാലു മണിക്ക് സമാപിക്കും. സമാപന സമ്മേളനം സി. പി. ഐ. എം ജില്ലാ സെക്രട്ടറിയേറ്റംഗം വി പുരുഷോത്തമന്‍ ഉദ്ഘാടനം ചെയ്യും.