കോവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതർക്കുള്ള സാമ്പത്തികസഹായത്തിന് കുറച്ചുപേർമാത്രം അപേക്ഷിച്ചതിൽ ആശങ്ക രേഖപ്പെടുത്തി സുപ്രീംകോടതി. മിക്ക സംസ്ഥാനങ്ങളിലും കുറച്ച് അപേക്ഷ മാത്രമേ ലഭിച്ചിട്ടുള്ളു. പദ്ധതിക്ക് പ്രചാരണം കുറഞ്ഞതിനാലാണോ ഈ സാഹചര്യമുണ്ടായതെന്ന് ജസ്‌റ്റിസ് എം ആർ ഷാ അധ്യക്ഷനായ ബെഞ്ച് ആരാഞ്ഞു. എത്ര അപേക്ഷലഭിച്ചു, എത്രതുക വിതരണം ചെയ്‌തു തുടങ്ങിയ വിശദാംശം കേന്ദ്രസർക്കാരിന് കൈമാറാൻ സംസ്ഥാനങ്ങളോട് കോടതി നിർദേശിച്ചു. അപേക്ഷ രജിസ്‌ട്രേഷനും സഹായ വിതരണത്തിനും ദേശീയതലത്തിൽ ഏകീകൃതസംവിധാനം പരിഗണിക്കണമെന്നും കോടതി നിര്‍ദേശിച്ചു. 10053 മരണം റിപ്പോർട്ട് ചെയ്‌ത ഹരിയാനയിൽ നഷ്ടപരിഹാര അപേക്ഷ 1800 മാത്രം. 38182 പേര്‍ മരിച്ച കർണാടകത്തിൽ 14237 അപേക്ഷ മാത്രം.
ശ്രദ്ധിക്കപ്പെട്ട് കേരളത്തിന്റെ പോർട്ടൽ
ധനസഹായം എളുപ്പത്തിലാക്കാൻ സംസ്ഥാനങ്ങൾക്ക് പ്രത്യേകപോർട്ടല്‍ തുടങ്ങാമെന്ന് സുപ്രീംകോടതി. കേരളം പോർട്ടൽ വികസിപ്പിച്ചത് ശ്രദ്ധയിൽപ്പെട്ടെന്ന് ജസ്‌റ്റിസ് ബി വി നാഗരത്‌ന കൂടി അംഗമായ ബെഞ്ച് ചൂണ്ടിക്കാണിച്ചു. എന്നാൽ, അക്കാര്യം അറിയില്ലെന്നും ഗുജറാത്ത് സർക്കാർ പോർട്ടൽ തുടങ്ങിയെന്നും സോളിസിറ്റർജനറൽ തുഷാർ മെഹ്‌ത പ്രതികരിച്ചു. കേന്ദ്രസർക്കാർ ദേശീയതലത്തിൽ സംവിധാനം ആലോചിക്കണമെന്ന് ബെഞ്ച് നിര്‍ദേശിച്ചു. കോവിഡ് മൂലം അച്ഛനമ്മമാരെ നഷ്ടപ്പെട്ട കുട്ടികൾക്കുള്ള നഷ്ടപരിഹാരവിതരണത്തിൽ പ്രത്യേകശ്രദ്ധവേണം. കോവിഡ് കാരണം മരിച്ചവരുടെ ആശ്രിതർക്ക് 50,000 രൂപ എക്‌സ്‌ഗ്രേഷ്യാ ധനസഹായം വിതരണം ചെയ്യണമെന്ന് സുപ്രീംകോടതി നേരത്തേ ഉത്തരവിട്ടിരുന്നു.