കോവിഡിന്റെ ഒമിക്രോൺ വകഭേദം ഉയർന്ന അപകട സാധ്യതയുള്ളതാകാമെന്നു ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ഒമിക്രോൺ എത്രത്തോളം ഗുരുതരമാകാമെന്നതിൽ അഭ്യൂഹങ്ങൾ നിറഞ്ഞ സാഹചര്യത്തിലാണു ലോകാരോഗ്യ സംഘടന നിലപാടു വ്യക്തമാക്കിയത്. ഒമിക്രോൺ പടർന്നു പിടിക്കുകയാണെങ്കിൽ അതിന്റെ പ്രത്യാഘാതം അതീവ ഗുരുതരമായിരിക്കുമെന്നു ലോകാരോഗ്യ സംഘടന പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.ഒരാഴ്ച മുൻപാണ് കോവിഡിന്റെ പുതിയ വകഭേദമായ ബി.1.1 529 നെ ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയത്. ഇതിന് ഒമിക്രോൺ എന്ന പേരും പിന്നീടു നൽകി. ഒമിക്രോണ്‍ സംബന്ധിച്ചു പഠനങ്ങൾ പൂർത്തിയാക്കാൻ ഇനിയും സമയമെടുക്കുമെന്നാണു ലോകാരോഗ്യ സംഘടന പറയുന്നത്. വകഭേദത്തിന്റെ തീവ്രത, വ്യാപനശേഷി തുടങ്ങിയ കാര്യങ്ങളിൽ പഠനത്തിലൂടെ മാത്രമേ കൃത്യത ലഭിക്കൂ.
ഒമിക്രോൺ വകഭേദം അപകടകാരിയാണെന്നതിന് ഇതുവരെ തെളിവു ലഭിച്ചിട്ടില്ലെന്ന് ഡബ്ല്യുഎച്ച്ഒ നേരത്തേ പ്രതികരിച്ചിരുന്നു. ദക്ഷിണാഫ്രിക്കയിൽ ഒമിക്രോൺ സ്ഥിരീകരിച്ച സാഹചര്യത്തിൽ ലോകരാജ്യങ്ങൾ പ്രതിരോധ നടപടികൾ ശക്തമാക്കുകയാണ്. പല രാജ്യങ്ങളും ആഫ്രിക്കയിൽനിന്നുള്ള യാത്രക്കാർക്കു വിലക്കേർപ്പെടുത്തി. ഇന്ത്യയും പരിശോധന കർശനമാക്കിയിട്ടുണ്ട്.