കണ്ണൂര്‍: ഡ്രൈവിംഗ് ടെസ്റ്റിന് നിശ്ചയിച്ച തീയതികള്‍ പെട്ടെന്നു മാറ്റുന്നത് അപേക്ഷകരെ ബുദ്ധിമുട്ടിലാക്കുന്നു. ടെസ്റ്റിനായുള്ള തീയതികള്‍ മുന്‍കൂട്ടി അറിയിച്ചതുപ്രകാരം ഇതിനുള്ള ഒരുക്കങ്ങള്‍ നടത്തിയ അപേക്ഷകര്‍ക്ക് അവസാനനിമിഷമാണ് പലപ്പോഴും ടെസ്റ്റ് മറ്റൊരു ദിവസത്തേക്ക് മാറ്റിയ വിവരം ലഭിക്കുന്നത്. പലരും അവധിയെടുത്തും മറ്റുമാണ് ടെസ്റ്റിനെത്തുന്നത്. ടെസ്റ്റ് തീയതി മാറ്റിയാല്‍ ഇക്കാര്യം മോട്ടോര്‍വാഹന വകുപ്പ് മൊബൈല്‍ മെസേജ് വഴി അപേക്ഷകരെ അറിയിക്കണമെന്നുണ്ടെങ്കിലും പലര്‍ക്കും മെസേജ് കിട്ടാറില്ലെന്നും പരാതിയുണ്ട്. ഇന്നു നടത്താനിരുന്ന ടെസ്റ്റ് മാറ്റിവച്ചത് ഇന്നലെ വൈകുന്നേരമാണ് ചിലര്‍ അറിയുന്നത്. പലര്‍ക്കും ഇതുസംബന്ധിച്ച മെസേജ് ലഭിച്ചിട്ടുമില്ല.
ഇതിനുമുമ്പും സമാനസാഹചര്യത്തില്‍ ടെസ്റ്റിനായി ഗ്രൗണ്ടിലെത്തിയപ്പോഴാണ് പലരും ടെസ്റ്റ് മറ്റൊരു ദിവസത്തേക്കു മാറ്റിയത് അറിഞ്ഞത്. ഇത്തരം സാഹചര്യത്തില്‍ പത്രങ്ങളിലൂടെയോ മറ്റും ടെസ്റ്റ് മാറ്റിവയ്ക്കുന്ന വിവരം പ്രസിദ്ധപ്പെടുത്താൻ ബന്ധപ്പെട്ടവര്‍ നടപടി സ്വീകരിക്കാത്തതും ആക്ഷേപത്തിനിടയാക്കിയിരുന്നു. ഡ്രൈവിംഗ് സ്കൂളുകാരുടെ പിടിപ്പുകേടുകൊണ്ടാണ് ടെസ്റ്റ് മാറ്റുന്നതെന്ന് ആരോപണം ഉന്നയിക്കുന്നവരുണ്ട്.
ഇക്കാരണത്താല്‍ തന്നെ ഡ്രൈവിംഗ് സ്കൂൾ നടത്തിപ്പുകാരും ടെസ്റ്റിനെത്തുവരും തമ്മിലുള്ള വാക്കേറ്റവും പതിവാണ്. ടെസ്റ്റ് നടത്തേണ്ട ദിവസം ആവശ്യമായ എംവിഐമാരുടെ എണ്ണത്തില്‍ കുറവുണ്ടാകുന്നതാണ് സംസ്ഥാനത്തെ മിക്ക ആര്‍ടി ഓഫീസുകളെയും ടെസ്റ്റ് മാറ്റിവയ്ക്കുന്നതിന് നിര്‍ബന്ധിതമാക്കുന്നത്. ഇത്തരം സാഹചര്യത്തില്‍ എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിലെ എംവിഐമാരുടെ സേവനം ഉപയോഗപ്പെടുത്തണമെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ നിര്‍ദേശിച്ചിട്ടുണ്ടെങ്കിലും മിക്ക ഓഫീസുകളിലും ആവശ്യത്തിന് എംവിഐ മാരില്ലാത്തതും ടെസ്റ്റിനെ ബാധിക്കുന്നുണ്ട്.
ഒരു എംവിഐക്ക് കോവിഡ് ബാധിച്ച സാഹചര്യത്തിലാണ് ഇന്നത്തെ ടെസ്റ്റ് മാറ്റിവച്ചതെന്ന് ആര്‍ടിഒ ഉണ്ണിക്കൃഷ്ണൻ അറിയിച്ചു. മാറ്റിവച്ചവരുടെ ടെസ്റ്റ് ബുധനാഴ്ച നടത്തും. കണ്ണൂരില്‍ എന്‍ഫോഴ്സ്മെന്റ് വിഭാഗം എംവിഐമാരെ കൂടി ഉള്‍പ്പെടുത്തിയാണ് ടെസ്റ്റുകള്‍ നടത്തുന്നതെന്നും കാലതാമസം വരുത്താതെ എത്രയും വേഗത്തില്‍ ടെസ്റ്റുകള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളാണ് നടത്തിവരുന്നതെന്നും നിലവില്‍ ഒരു എംവിഐ ചെക്ക് പോസ്റ്റ് ഡ്യൂട്ടിയിലായ സാഹചര്യത്തിലാണ് ഇന്നത്തെ ടെസ്റ്റ് മാറ്റിവയ്ക്കാന്‍ നിര്‍ബന്ധിതമായതെന്നും ആര്‍ടിഒ അറിയിച്ചു.