25 C
Iritty, IN
November 23, 2024
  • Home
  • Kerala
  • ചരിത്രം തിരുത്തില്ല; കേന്ദ്രനിർദേശം കേരളം തള്ളും
Kerala

ചരിത്രം തിരുത്തില്ല; കേന്ദ്രനിർദേശം കേരളം തള്ളും

പാഠപുസ്‌തകങ്ങളിൽ മുഗൾ രാജാക്കന്മാരുടെ ചരിത്രം ഒഴിവാക്കണമെന്ന കേന്ദ്രനിർദേശം കേരളം തള്ളും. എൻസിഇആർടി, എസ്‌സിഇആർടി പാഠപുസ്‌തകങ്ങളിൽ മുഗൾ രാജാക്കന്മാരുടെ പാഠഭാഗങ്ങൾക്കുപകരം ഹിന്ദു രജപുത്ര ചക്രവർത്തി മഹാറാണ പ്രതാപ്‌, ഭായ് ബിധി ചന്ദ്, ഭായ് പ്രതാപ്, ഭായ് ബച്ചിതർ തുടങ്ങിയവരുടെ ചരിത്രം ഉൾപ്പെടുത്തണമെന്ന നിർദേശമാണുള്ളത്‌. പാഠപുസ്‌തകങ്ങൾ കാവിവൽക്കരിക്കാൻ ലക്ഷ്യമിട്ട്‌ കേന്ദ്രസർക്കാർ നടത്തുന്ന തീവ്രനീക്കത്തിന്റെ ഭാഗമായി പാഠപുസ്‌തക പരിഷ്‌കരണത്തിനുള്ള വിദ്യാഭ്യാസകാര്യ പാർലമെന്ററി സമിതിയുടേതാണ്‌ ശുപാർശ. ഏഴാം ക്ലാസിലെ ചരിത്ര പാഠപുസ്തകത്തിൽ ഉൾക്കൊള്ളിക്കാൻ സമർപ്പിച്ച നിർദേശങ്ങളിലാണ് ഇതുള്ളത്‌.

മുഗൾവംശവും ഹിന്ദു രജപുത്ര ചക്രവർത്തി മഹാരാജാ രഞ്ജിത് സിങ്ങിന്റെ ഭരണവും തമ്മിലുള്ള താരതമ്യപഠനം ഉൾക്കൊള്ളിക്കണമെന്നും ഉണ്ട്‌. ഒമ്പതാം ക്ലാസിലെ ചരിത്രപുസ്തകത്തിൽ യൂറോപ്പിലെ സോഷ്യലിസവും റഷ്യൻ വിപ്ലവവും എന്ന അധ്യായത്തിലും കൂട്ടിച്ചേർക്കലുകൾ നിർദേശിച്ചു. കാറൽ മാർക്സിന്റെ സിദ്ധാന്തം പഠിപ്പിക്കുന്നതിനുമുമ്പ് വിദ്യാർഥികളെ ഗുരു നാനാക്കിന്റെ ആത്മീയ സോഷ്യലിസം പഠിപ്പിക്കണമെന്നാണ് ശുപാർശ. ഫ്രഞ്ച് വിപ്ലവം, റഷ്യൻ വിപ്ലവം എന്നിവയിൽ ഏതെങ്കിലുമൊന്നു പഠിപ്പിച്ചാൽ മതി. അന്താരാഷ്ട്ര ചരിത്രത്തിനുമുമ്പ് ദേശീയ ചരിത്രം പഠിപ്പിക്കണമെന്നും നിർദേശിക്കുന്നു.

എൻസിഇആർടി സിലബസ്‌ പിന്തുടരുന്നത്‌ പ്രധാനമായും സിബിഎസ്‌ഇ സ്‌കൂളുകളാണ്‌. സംസ്ഥാനത്ത്‌ സർക്കാർ, എയ്‌ഡഡ്‌, സർക്കാർ അംഗീകൃത അൺഎയ്‌ഡഡ്‌ സ്‌കൂളുകൾ പിന്തുടരുന്നത്‌ സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്‌സിഇആർടി) തയ്യാറാക്കുന്ന പാഠപുസ്‌തകങ്ങളാണ്‌. പാഠപുസ്‌തകങ്ങളിൽ വർഗീയത കുത്തിനിറയ്‌ക്കാനുള്ള ശ്രമം കേരളം നേരത്തേ ചെറുത്തതാണ്‌. മതേനിരപേക്ഷതയും ജനാധിപത്യവും, മുറുകെ പിടിച്ചുള്ള പാഠ്യപദ്ധതി പരിഷ്‌കരണത്തിന്‌ കഴിഞ്ഞ ദിവസം സംസ്ഥാന സർക്കാർ ഉത്തരവിറക്കിയിട്ടുണ്ട്‌.

ഹിന്ദുരാഷ്ട്രം സ്ഥാപിക്കുന്നതിനുള്ള മാർഗരേഖ
ഹിന്ദുരാഷ്ട്രം സ്ഥാപിക്കുക എന്ന സംഘപരിവാറിന്റെ പ്രഖ്യാപിത ലക്ഷ്യം നേടുന്നതിനുള്ള മാർഗരേഖയാണ് ദേശീയ വിദ്യാഭ്യാസ നയം. സംസ്ഥാനങ്ങൾക്ക് പാഠ്യപദ്ധതി ചട്ടക്കൂട് തയ്യാറാക്കാനും അതിന്റെ അടിസ്ഥാനത്തിൽ പാഠപുസ്തകങ്ങൾ തയ്യാറാക്കാനുമുള്ള സംസ്ഥാനങ്ങളുടെ അധികാരത്തിന്മേലുള്ള കടന്നുകയറ്റം ഇതിന്റെ ഭാഗമാണ്‌. ബ്രിട്ടീഷുകാർക്ക് ദാസ്യവേല ചെയ്തവരെയും സ്വാതന്ത്ര്യ സമരത്തെ ഒറ്റിക്കൊടുത്തവരെയും ദേശഭക്തരും രക്തസാക്ഷികളുമായി ഭാവി തലമുറയുടെ മുന്നിൽ അവതരിപ്പിക്കുകയാണ്. 42–-ാം ഭരണഘടനാ ഭേദഗതിയിലൂടെ വിദ്യാഭ്യാസത്തെ സംയുക്തപ്പട്ടികയിലാക്കിയതിന്റെ ദുരന്തമാണ് ഇന്ന്‌ അനുഭവിക്കുന്നത്.

Related posts

ബസിൽ പോകുന്നതിനിടെ തല വൈദ്യുതി തൂണിലിടിച്ച് വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം

Aswathi Kottiyoor

ചിരി ഹെൽപ്പ്ലൈൻ ജനപ്രിയമാകുന്നു; ഇതുവരെയെത്തിയത് 31,084 കോളുകൾ

Aswathi Kottiyoor

കൊച്ചി–സേലം എൽപിജി പൈപ്പ്‌ലൈൻ കമീഷനിങ്‌ ജൂണിൽ

Aswathi Kottiyoor
WordPress Image Lightbox