കണ്ണൂർ: ഓൺലൈൻ രജിസ്ട്രേഷൻ നടപടികളുടെ സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ചതോടെ കർഷകക്ഷേമ പെൻഷൻ പദ്ധതിയുടെ ഉദ്ഘാടനം ഡിസംബർ ഒന്നിന് നടന്നേക്കും. ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ നടക്കുന്ന മന്ത്രിസഭാ യോഗത്തിനു ശേഷം പ്രഖ്യാപനം നടത്താനാണ് തീരുമാനം.
ഇന്നലെ കർഷക ക്ഷേമനിധി ബോർഡ് അംഗങ്ങളുടെ ഓൺലൈൻ യോഗത്തിനു ശേഷമാണ് ഡിസംബർ ഒന്നിന് പദ്ധതി പ്രഖ്യാപിക്കാൻ തീരുമാനിച്ചത്. കർഷകരുടെ രജിസ്ട്രേഷനുള്ള സോഫ്റ്റ്വേറിന്റെ സുരക്ഷാ പരിശോധന പൂർത്തിയായിട്ടുണ്ട്. കേന്ദ്രസർക്കാർ സ്ഥാപനമായ സി-ഡാക്കിന്റെ നേതൃത്വത്തിലായിരുന്നു സുരക്ഷാ പരിശോധന. സ്റ്റേറ്റ് ഡേറ്റാ സെർവറാണ് ഉപയോഗിക്കുന്നത്.
സാങ്കേതിക പ്രശ്നങ്ങൾ പറഞ്ഞ് ബോർഡിലെ ഉദ്യോഗസ്ഥലോബി പദ്ധതി വൈകിക്കുന്നതായി ക്ഷേമനിധി ബോർഡിലെ രാഷ്ട്രീയ പ്രതിനിധികൾ ആരോപിച്ചിരുന്നു. കർഷകപെൻഷൻ പദ്ധതി അട്ടിമറിക്കാൻ നീക്കം നടക്കുന്നതായി ദീപിക വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
തുടർന്ന് മുഖ്യമന്ത്രി കൃഷിമന്ത്രിയോട് വിശദാംശങ്ങൾ തേടുകയും ചെയ്തിരുന്നു. ഇതോടെ രജിസ്ട്രേഷൻ സംബന്ധിച്ചുള്ള സാങ്കേതിക പ്രശ്നങ്ങൾ വേഗത്തിൽ പരിഹരിക്കാൻ കൃഷിമന്ത്രി ഉദ്യോഗസ്ഥർക്കു നിർദേശം നൽകുകയായിരുന്നു. പ്രശ്നങ്ങൾ പരിഹരിച്ചതിനു ശേഷമാണ് ബോർഡംഗങ്ങളുടെ യോഗം ചേർന്നത്.
ഒന്നാം പിണറായി സർക്കാരിന്റെ അവസാനകാലത്ത് തെരഞ്ഞെടുപ്പിനു മുമ്പാണ് കർഷക പെൻഷൻ പ്രഖ്യാപിച്ചത്. കർഷക ക്ഷേമനിധി ബോർഡ് വഴി നടപ്പിലാക്കുന്ന പദ്ധതി മന്ത്രിസഭ അംഗീകരിച്ചിരുന്നു. തെരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ മുഖ്യവാഗ്ദാനങ്ങളിൽ ഒന്നായിരുന്നു കർഷക പെൻഷൻ പദ്ധതി. തൃശൂർ ആസ്ഥാനമായി ഹെഡ് ഓഫീസും കോഴിക്കോട്ടും തിരുവനന്തപുരത്തും റീജണൽ ഓഫീസുകളും ആരംഭിച്ചിട്ടുണ്ട്. കർഷകർക്ക് മാസം തോറും 5000 രൂപ പെൻഷൻ ലഭിക്കുന്ന പദ്ധതിയിൽ ആദ്യം 20 ലക്ഷം പേരെ ചേർക്കാനാണ് ലക്ഷ്യമിടുന്നത്.