തിരുവനന്തപുരം: നീതി ആയോഗ് തയാറാക്കിയ ദാരിദ്ര്യസൂചിക 2015- 16 ലെ ദേശീയ കുടുംബാരോഗ്യ സർവേയുടെ കണക്കുകളുടെ അടിസ്ഥാനത്തിൽ. കേരളം ഒന്നാമതെത്തിയത് ഇടതുസർക്കാരിന്റെ നേട്ടമായി അവകാശപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ് ബുക്ക് കുറിപ്പിട്ടിരുന്നു. എന്നാൽ, പിണറായിയുടെ അവകാശവാദം തെറ്റെന്ന് നീതി ആയോഗിന്റെ കുറിപ്പു വ്യക്തമാക്കുന്നു.
2015- 16 ലെ നാലാം ദേശീയ കുടുംബാരോഗ്യ സർവേയിലെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയാറാക്കിയതാണ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ ദാരിദ്ര്യസൂചിക. 2019- 20 ലെ അഞ്ചാം സർവേയുടെ വിവരങ്ങൾ കഴിഞ്ഞ ദിവസം പുറത്തു വിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ദാരിദ്ര്യസൂചിക വൈകാതെ പുതുക്കുമെന്നാണ് നീതി ആയോഗ് അറിയിച്ചിരിക്കുന്നത്.
2015- 16 ൽ കേരളം ഭരിച്ചിരുന്നത് ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാർ ആണ്. അന്നു നടത്തിയ സർവേയിലെ കണ്ടെത്തലുകളുടെയും സ്ഥിതിവിവരക്കണക്കുകളുടെയും അടിസ്ഥാനത്തിൽ കേരളം ഏറ്റവും കുറവു ദാരിദ്ര്യമുള്ള സംസ്ഥാനമാണെങ്കിൽ അതിന്റെ ക്രെഡിറ്റ് യുഡിഎഫ് സർക്കാരിനുള്ളതാണെന്ന് ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും വ്യക്തമാക്കുന്നു.
രണ്ടു പ്രളയങ്ങൾക്കും കോവിഡിനും ശേഷം എല്ലാ രംഗങ്ങളിലും കേരളമുൾപ്പെടെ പിന്നാക്കം പോയിട്ടുണ്ടെന്ന അഭിപ്രായമുണ്ട്. അതുകൊണ്ടുതന്നെ 2015-16 ലെ സർവേ അടിസ്ഥാനമാക്കി തയാറാക്കിയ സൂചിക ഇപ്പോൾ നിലനിൽക്കുന്ന യാഥാർഥ്യങ്ങൾ പ്രതിഫലിപ്പിക്കുന്നതാകില്ലെന്ന വിമർശനവും ഉണ്ട്. ആരുടെ ഭരണനേട്ടമാണെങ്കിലും കേരളം ഒന്നാമതെത്തിയത് അഭിമാനകരമായ നേട്ടമാണെന്നതിൽ തർക്കമില്ല.
കേരളം നന്പർ വണ്: മുഖ്യമന്ത്രി
മഹാമാരിയും പ്രകൃതിദുരന്തങ്ങളുമുൾപ്പെടെ അനവധി വെല്ലുവിളികൾ നേരിടേണ്ടിവന്നിട്ടും ജനക്ഷേമം ഉറപ്പുവരുത്തുന്നതിനായി സർക്കാർ നടത്തിയ വിട്ടുവീഴ്ചയില്ലാത്ത പ്രവർത്തനങ്ങൾ ഈ നേട്ടത്തിന്റെ അടിത്തറ പാകി എന്നത് അഭിമാനകരമാണ്.
അതീവ ദാരിദ്ര്യനിർമാർജനം ലക്ഷ്യമാക്കി സർക്കാർ ആവിഷ്കരിച്ച പുതിയ പദ്ധതികൾ കൂടി പ്രാവർത്തികമാകുന്നതോടെ നമ്മുടെ നാട്ടിൽനിന്നു ദാരിദ്ര്യം തുടച്ചുനീക്കാൻ സാധിക്കും. ആ മഹത്തായ ലക്ഷ്യ സാക്ഷാത്കാരത്തിനായി ഏവരും ഒരുമിച്ചു നിൽക്കണം. അഭിമാനപൂർവം ആത്മവിശ്വാസത്തോടെ നമുക്ക് മുന്നോട്ടു പോകാം- ഫേസ്ബുക്ക് കുറിപ്പിൽ മുഖ്യമന്ത്രി പറഞ്ഞു.
യുഡിഎഫ് സർക്കാരിന്റെ വിജയം: ഉമ്മൻ ചാണ്ടി
നീതി ആയോഗ് 2015 -16 അടിസ്ഥാനമാക്കി പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം കേരളം അന്ന് ദാരിദ്ര്യസൂചികയിൽ ഏറ്റവും പിന്നിലായിരുന്നു എന്നത് യുഡിഎഫ് സർക്കാർ പട്ടിണിക്കെതിരേ നടത്തിയ പോരാട്ടത്തിന്റെ വിജയമാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി.
മഹാമാരിയും പ്രകൃതിദുരന്തങ്ങളുമുൾപ്പെടെ നിരവധി വെല്ലുവിളികൾ നേരിടേണ്ടി വന്നിട്ടും ജനക്ഷേമം ഉറപ്പുവരുത്താനായി ഇടതു സർക്കാർ നടത്തിയ വിട്ടുവീഴ്ചയില്ലാത്ത പ്രവർത്തനങ്ങൾ ഈ നേട്ടത്തിന്റെ അടിത്തറ പാകി എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടത് തെറ്റിദ്ധാരണമൂലമാകാം.
നേട്ടത്തിൽ മുഖ്യമന്ത്രി അഭിമാനം പ്രകടിപ്പിച്ചതിനെ സ്വാഗതം ചെയ്യുന്നു.യുഡിഎഫ് സർക്കാരിന്റെ കാലത്ത് നല്കിയ സൗജന്യ റേഷൻ, കാരുണ്യ ചികിത്സാ സഹായം, അവശ്യമരുന്നുകളുടെ സൗജന്യ വിതരണം, നിത്യോപയോഗസാധനങ്ങളുടെ വില നിയന്ത്രിക്കാൻ ശക്തമായ ഇടപെടൽ, തൊഴിലുറപ്പ് പദ്ധതി വ്യാപകമാക്കൽ, സ്കൂൾ വിദ്യാർഥികൾക്ക് മുട്ട ഉൾപ്പെടെ സൗജന്യ ഭക്ഷണം തുടങ്ങിയ നിരവധി പദ്ധതികളാണ് പട്ടിണിക്കെതിരേ കവചമൊരുക്കിയത്.
ജനകീയ പരിപാടികളുടെ ഫലം: ചെന്നിത്തല
കേരളം ദാരിദ്ര്യസൂചികയിൽ ഏറ്റവും പിന്നിലാണ് എന്ന നീതി ആയോഗ് റിപ്പോർട്ട് കേരളത്തിന് അഭിമാനമാണ്.
2015 -16 അടിസ്ഥാനമാക്കി തയാറാക്കിയ റിപ്പോർട്ടാണ് നിതി ആയോഗ് പുറത്തു വിട്ടിട്ടുള്ളത്.ഈ അംഗീകാരം ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ കേരളം ഭരിച്ച യുഡിഎഫ് സർക്കാരിന്റെ ജനകീയ പരിപാടികളെ പ്രതിഫലിപ്പിക്കുന്നു. പക്ഷേ ഇന്നും ഇതാണോ സ്ഥിതി എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
2020-21 കാലയളവിലെ പട്ടിണിസൂചിക റിപ്പോർട്ട് പുറത്തിറങ്ങുന്പോൾ കേരളത്തിന് നിലവിലെ റിപ്പോർട്ടിലെ നില തുടരുവാൻ കഴിയുമോ എന്നുള്ളത് സംശയമാണെന്നു രമേശ് ചെന്നിത്തല പറഞ്ഞു