26.1 C
Iritty, IN
November 22, 2024
  • Home
  • Kerala
  • കോവി‍‍ഡ് വന്നുപോയാലും പിടികൂടാം, 50 ജനിതക മാറ്റങ്ങൾ; പ്രതിരോധം മറികടക്കും.
Kerala

കോവി‍‍ഡ് വന്നുപോയാലും പിടികൂടാം, 50 ജനിതക മാറ്റങ്ങൾ; പ്രതിരോധം മറികടക്കും.

കോവി‍ഡ് വന്നു പോയവരിലും വൈറസ് ബാധയുണ്ടാക്കാൻ പുതിയ വകഭേദമായ ഒമിക്രോണിനു കഴിയുമെന്നു ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ഏറെ ആശങ്കയുയർത്തുന്നതാണ് ഇതെന്ന് കഴിഞ്ഞദിവസം ചേർന്ന സാങ്കേതിക ഉപദേശക സമിതി യോഗം വിലയിരുത്തി. കൂടുതൽ പഠനം ആവശ്യമാണെങ്കിലും ഒമിക്രോൺ തീവ്രവ്യാപനശേഷിയുള്ളതും ഒരു പരിധിവരെ വാക്സീൻ പ്രതിരോധത്തെ മറികടക്കുന്നതും ആണെന്ന് ഉറപ്പായിട്ടുണ്ട്. ഈ വൈറസ് എത്രമാത്രം രോഗതീവ്രത വർധിപ്പിക്കുമെന്നതിൽ വ്യക്തതയില്ല.ആദ്യ കേസ്

ലോകാരോഗ്യ സംഘടനയുടെ കണക്കുപ്രകാരം ദക്ഷിണാഫ്രിക്കയിൽ 3 വട്ടം കോവിഡ് തരംഗമുണ്ടായി. ഇന്ത്യയിൽ രണ്ടാം തരംഗത്തിനു കാരണമായ ഡെൽറ്റ വകഭേദം വഴിയായിരുന്നു അവിടെ ഏറ്റവും ഒടുവിൽ കോവിഡ് വർധിച്ചത്. നവംബർ 9 നു ശേഖരിച്ച സാംപിളിൽ നടത്തിയ ജനിതക ശ്രേണീകരണത്തിലാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. 24 നാണു റിപ്പോർട്ട് പുറത്തുവന്നത്. ലഭ്യമായ ജനിതക ശ്രേണീകരണ റിപ്പോർട്ട് പ്രകാരം പുതിയ വകഭേദമാണ് ഈ ആഴ്ചകളിൽ കോവിഡ് കേസുകൾ കൂടാൻ കാരണം. യൂറോപ്പിലേക്കും ഏഷ്യയിലേക്കും ഒമിക്രോൺ കേസുകൾ പടർന്നതും ആശങ്ക കൂട്ടുന്നു.

∙ അപകടകാരിയോ?

ഡെൽറ്റ ഉൾപ്പെടെ മറ്റു വകഭേദങ്ങളുമായുള്ള താരതമ്യത്തിൽ ഒമിക്രോണിൽ അൻപതോളം ജനിതക മാറ്റങ്ങൾ സംഭവിച്ചുവെന്നാണു സൂചന. ചില മാറ്റങ്ങൾ ആശങ്കജനകമാണ്. കൊറോണ വൈറസിനെ മനുഷ്യകോശത്തിലേക്കു നുഴഞ്ഞുകയറാൻ സഹായിക്കുന്ന സ്പൈക് പ്രോട്ടീനിൽ മാത്രം 32 മാറ്റമുണ്ടെന്നാണു റിപ്പോർട്ട്. വൈറസ് കൂടുതൽ പടരാൻ ഇതു കാരണമാകും. സവിശേഷ പ്രോട്ടീൻ ആവരണത്തിന്റെ (എൻഎസ്പി6) അഭാവം, പെട്ടെന്നു പെരുകാൻ സഹായിക്കുന്ന തരം മാറ്റങ്ങൾ എന്നിവയും ആശങ്കയാണ്.

∙ മാറാത്ത ലക്ഷണം

ദക്ഷിണാഫ്രിക്കയുടെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കമ്യൂണിക്കബിൾ ഡീസിസ് വ്യക്തമാക്കിയതനുസരിച്ച് ഒമിക്രോൺ വഴി കോവിഡ് വന്നവരിൽ രോഗലക്ഷണങ്ങൾക്കു വലിയ മാറ്റമില്ല. അതേസമയം, കോവിഡ് ഒരിക്കൽ പിടിപ്പെട്ടവർക്കും വാക്സീനെടുത്തവർക്കും വീണ്ടും വരാനുള്ള സാധ്യത ശക്തമാണ്. മറ്റു വകഭേദങ്ങളിൽ ഇതു വലിയ പ്രശ്നമായി റിപ്പോർട്ട് ചെയ്തിരുന്നില്ല.

അടുത്തിടെ ഫൈസറും മെർക്കും വികസിപ്പിച്ച മരുന്നുകൾ പുതിയ വകഭേദത്തിനെതിരെയും ഫലപ്രദമാകുമെന്നു കമ്പനികൾ അവകാശപ്പെട്ടിട്ടുണ്ട്. ഈ ആന്റിവൈറൽ മരുന്നുകൾ ലക്ഷ്യമിടുന്ന ഭാഗത്തിൽ ജനിതക മാറ്റം സംഭവിച്ചിട്ടില്ലെന്ന വാദമാണ് ഇവർ ഉയർത്തുന്നത്.

Related posts

റഷ്യ-യുക്രൈന്‍ സംഘര്‍ഷം; അന്താരാഷ്ട്രതലത്തില്‍ അസംസ്‌കൃത എണ്ണ വില കുതിച്ചുയരുന്നു

Aswathi Kottiyoor

ലഹരി കേസുകളിൽ കടുത്ത നടപടി: മുഖ്യമന്ത്രി

Aswathi Kottiyoor

*ചൂടേറി കേരളം, താപസൂചിക കുത്തനെ ഉയരും*

Aswathi Kottiyoor
WordPress Image Lightbox