24 C
Iritty, IN
July 5, 2024
  • Home
  • Kerala
  • റോഡും നടപ്പാതകളും സംഘടനകൾക്കു ഷെഡ് കെട്ടാനുള്ളതല്ല: ഹൈക്കോടതി.
Kerala

റോഡും നടപ്പാതകളും സംഘടനകൾക്കു ഷെഡ് കെട്ടാനുള്ളതല്ല: ഹൈക്കോടതി.

പ്രകടനങ്ങളുടെയും പ്രതിഷേധങ്ങളുടെയും പേരിൽ രാഷ്ട്രീയ പാർട്ടികളും സംഘടനകളും റോഡും നടപ്പാതയും കയ്യേറുന്നത് അനുവദിക്കരുതെന്നു ഹൈക്കോടതി. റോഡിലും നടപ്പാതയിലും താൽക്കാലിക ഷെഡ് കെട്ടി പ്രതിഷേധം നടത്തുന്നത് കാൽനട യാത്രക്കാരെ വാഹനങ്ങൾക്ക് ഇടയിലേക്കു തള്ളിവിടുന്ന നടപടിയാണെന്നും കോടതി ചൂണ്ടിക്കാട്ടി.

ശബരിമല റോഡുകളുടെ കാര്യത്തിൽ ശബരിമല സ്പെഷൽ കമ്മിഷണർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സ്വമേധയാ കേസെടുത്താണു ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.ജി.അജിത്കുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ വിധി. സുപ്രീം കോടതിയുടേത് ഉൾപ്പെടെയുള്ള വിധികൾ നടപ്പാക്കാൻ സർക്കാരും പിഡബ്ല്യുഡിയും ദേശീയപാത അതോറിറ്റിയും നടപടിയെടുക്കണം. അംഗപരിമിതരും കുട്ടികളും മുതിർന്നവരും ഉൾപ്പെടെ കാൽനടക്കാരുടെയും സൈക്കിൾ യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കണം.

നടപ്പാതയിൽ പരവതാനി വിരിച്ച് കസേരകൾ നിരത്തി രാഷ്ട്രീയ പിന്തുണയിൽ പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും നടക്കുന്നതു വ്യാപകമാണെന്നു കോടതി ചൂണ്ടിക്കാട്ടി. റോഡും നടപ്പാതകളും സംഘടനകൾക്കു ഷെഡ് കെട്ടാനുള്ളതല്ല; പ്രചാരണങ്ങളും പ്രകടനങ്ങളും നടത്താനുള്ള ഇടമല്ല അത്. കച്ചവട സാധനങ്ങൾ കടകൾക്കു മുന്നിൽ നടപ്പാതയിൽ നിരത്തിവച്ചു പ്രദർശിപ്പിക്കുന്നതും അനുവദനീയമല്ല. കാൽനടക്കാർക്കു തടസ്സമായി റോഡിലും നടപ്പാതകളിലുമുള്ള കയ്യേറ്റങ്ങൾ തടയണമെന്നു കോടതി നിർദേശിച്ചു.

പൊതുവഴിയിൽ യോഗങ്ങളും പ്രകടനങ്ങളും നിരോധിച്ച് സംസ്ഥാനത്തു നിയമമുണ്ട്. റോഡിലും പാതയോരങ്ങളിലും അനധികൃത നിർമിതികൾ പാടില്ലെന്നു സുപ്രീം കോടതി വിധിയുണ്ട്. അനധികൃത ഹോർഡിങ്ങുകളും പരസ്യ ബോർഡുകളും ഹൈക്കോടതി നിരോധിച്ചിട്ടുണ്ട്. റോഡിലും പാതയോരങ്ങളിലും പ്രതിമയും മറ്റും വയ്ക്കുന്നതു സുപ്രീം കോടതി വിലയിക്കിയിട്ടുണ്ട്. കാൽനടക്കാർക്കു സൗകര്യങ്ങളൊരുക്കാൻ തദ്ദേശ സ്ഥാപനങ്ങളെ ബാധ്യതപ്പെടുത്തുന്ന കോടതി വിധിയുമുണ്ട്. എന്നിട്ടും കോടതി വിധികൾ നടപ്പാക്കാനോ ഇന്ത്യൻ റോഡ്സ് കോൺഗ്രസിന്റെ മാർഗനിർദേശങ്ങൾ ഉറപ്പാക്കാനോ സർക്കാർ നടപടിയെടുക്കുന്നില്ല. റോഡിന്റെ ചുമതലക്കാർ കോടതി വിധികളുടെ അടിസ്ഥാനത്തിൽ നടപടിയെടുക്കണം. മാർഗനിർദേശങ്ങൾ പ്രകാരം നിലവാരമുള്ള റോഡും നടപ്പാതകളും നിലനിർത്തണം – കോടതി നിർദേശിച്ചു.

∙ ശബരിമല റോഡുകൾ നന്നാക്കി

ശബരിമല തീർഥാടനത്തിന് ഉപയോഗിക്കുന്ന 12 റോഡുകളിൽ, പൈപ്പിടൽ നടക്കുന്ന പ്ലാപ്പിള്ളി– ആങ്ങമൂഴി–ചിറ്റാർ– വടശേരിക്കര റോഡിന്റേത് ഒഴികെ മറ്റു റോഡുകളുടെ അറ്റകുറ്റപ്പണി പൂർത്തിയാക്കിയെന്ന് പത്തനംതിട്ട പിഡബ്ല്യുഡി റോഡ്സ് വിഭാഗം അറിയിച്ചു. മറ്റ് 7 റോഡുകളിൽ കക്കി– പ്ലാപ്പിള്ളി ഒഴികെയുള്ള റോഡുകളുടെ പണി പൂർത്തിയാക്കി. കക്കി– പ്ലാപ്പിള്ളി റോഡിൽ കുഴിയടച്ചു. റോഡരികിലെ കയ്യേറ്റങ്ങളും ഹോർഡിങ്ങുകളും നീക്കാൻ നടപടി തുടങ്ങിയതായും അറിയിച്ചു.

Related posts

കോഴിക്കോട് ജില്ലയിലെ 5 നഗരസഭകളിൽ 17 ഹെൽത്ത് ഇൻസ്‌പെക്ടർമാരുടെ അധിക തസ്തിക സൃഷ്ടിച്ചു

Aswathi Kottiyoor

പ്ര​കൃ​തി വാ​ത​ക ക​യ​റ്റു​മ​തി: ഖ​ത്ത​റും യു​എ​സും മു​ന്നി​ൽ

Aswathi Kottiyoor

നക്സൽ ആക്രമണം.22 ജവാൻമാർ വീര മൃത്യ വരിച്ചു……….

Aswathi Kottiyoor
WordPress Image Lightbox