ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ കോവിഡിന്റെ ഒമിക്രോൺ എന്ന വകഭേദം ഭീതിയുയർത്തിയതോടെ അതിർത്തികളടച്ച് ലോകരാജ്യങ്ങൾ. ദക്ഷിണാഫ്രിക്ക, ബോട്‌സ്വാന, നമീബിയ, സിംബാബ്‌വെ, എസ്വറ്റിനി, ലെസൂത്തു രാജ്യങ്ങളിൽനിന്നുള്ള വിമാനങ്ങൾക്ക് യൂറോപ്യൻ യൂണിയനും യു.എസ്., ബ്രിട്ടൻ, സിങ്കപ്പൂർ, ജപ്പാൻ, നെതർലൻഡ്സ്, കാനഡ രാജ്യങ്ങളും വിലക്കേർപ്പെടുത്തി. വൈറസിന്റെ തീവ്രത ആശങ്കപ്പെടുത്തുന്നതാണെന്ന് ലോകാരോഗ്യസംഘടനയും പ്രഖ്യാപിച്ചു. ഈ രാജ്യങ്ങളെയും മൊസാംബിക്കിനെയും സിങ്കപ്പൂർ, ഇറ്റലി, ഇസ്രയേൽ രാജ്യങ്ങൾ സഞ്ചാരവിലക്കിൻറെ ചുവന്നപട്ടികയിൽ ഉൾപ്പെടുത്തി. 12 മണിക്കൂറിലേറെ ഈ രാജ്യങ്ങളിൽ തങ്ങുന്നവർ രാജ്യത്തെത്തിച്ചേരുന്നത് ചെക്ക് റിപ്പബ്ലിക്കും വിലക്കി.
അതിനിടെ, അടിയന്തരസാഹചര്യം ചർച്ചചെയ്യാൻ ലോകാരോഗ്യസംഘടന(ഡബ്ല്യു.എച്ച്.ഒ.) യോഗം ചേർന്നു. പുതിയ വകഭേദത്തെ പ്രതിരോധിക്കാനുള്ള നടപടികൾ ചർച്ചചെയ്തു. ദക്ഷിണാഫ്രിക്കയുടെ ആകെ ജനസംഖ്യയുടെ 24 ശതമാനത്തിനുമാത്രമേ വാക്സിൻ ലഭിച്ചിട്ടുള്ളൂ. ഇതു വകഭേദം വേഗത്തിൽ വ്യാപിക്കാൻ കാരണമാകുമെന്ന് ആരോഗ്യവിദഗ്‌ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്.