ചുരം പാതയിലൂടെയുള്ള യാത്രാനിയന്ത്രണം നീട്ടിയ സാഹചര്യത്തിൽ കേരള സര്‍ക്കാര്‍ കിളിയന്തറയിൽ ആരംഭിക്കുകയും അടുത്തിടെ നിർത്തലാക്കുകയും ചെയ്ത സൗജന്യ ആര്‍ടിപിസിആര്‍ പരിശോധനാകേന്ദ്രം വീണ്ടും പ്രവര്‍ത്തനക്ഷമമാക്കണമെന്ന ആവശ്യം ഉയരുന്നു. ഇതു തുറന്നുപ്രവര്‍ത്തിച്ചാല്‍ വിദ്യാര്‍ഥികള്‍, വ്യപാരികള്‍, ദൈനംദിന യാത്രക്കാര്‍ തുടങ്ങിയവര്‍ക്ക് ആശ്വാസമാകും. ഈ പരിശോധനാകേന്ദ്രം അടച്ചുപൂട്ടിയതോടെ ഇരിട്ടിയിലെ സ്വകാര്യ ലാബിലെത്തി 500 രൂപയോളം മുടക്കിയാണ് യാത്രക്കാർ ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തുന്നത്. ഇത് സാധാരണക്കാർക്കുൾപ്പെടെ വലിയ സാമ്പത്തികബാധ്യതയാണ് ഉണ്ടാക്കുന്നത്.