കേരളത്തിൽ 29 വരെ വ്യാപക മഴയ്ക്കു സാധ്യത. ഇന്നു കാസർകോട്, കണ്ണൂർ, കോഴിക്കോട് ഒഴികെയുള്ള 11 ജില്ലകളിൽ യെലോ അലർട്ട് (ശക്തമായ മഴ) പ്രഖ്യാപിച്ചു. നാളെ കാസർകോട്, കണ്ണൂർ ഒഴികെയുള്ള ജില്ലകളിൽ യെലോ അലർട്ട് നൽകി. അറബിക്കടലിൽ മീൻ പിടിക്കുന്നതു വിലക്കിയിട്ടില്ല.
കേരളത്തിൽ കഴിഞ്ഞ 2 ദിവസം കനത്ത മഴയ്ക്കു വഴിയൊരുക്കിയ ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴി ശ്രീലങ്കയ്ക്കു സമീപം തുടരുകയാണ്. ആൻഡമാൻ കടലിൽ പുതിയ ന്യൂനമർദം തിങ്കളാഴ്ചയോടെ രൂപം കൊണ്ട് 30–ാം തീയതിയോടെ തമിഴ്നാട്–ആന്ധ്ര തീരത്തേക്കു നീങ്ങുമെന്നാണു പ്രവചനം.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഇടിമിന്നലിനും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയുള്ള കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. ചില ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് യെലോ അലർട്ട് ആണ് നൽകിയിരിക്കുന്നതെങ്കിലും മലയോര മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യത ഉള്ളതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച മലയോരപ്രദേശങ്ങളിൽ ഓറഞ്ച് അലർട്ടിന് സമാനമായ ജാഗ്രത പാലിക്കേണ്ടതുണ്ട്.