25.1 C
Iritty, IN
July 7, 2024
  • Home
  • Kerala
  • ദുരിതമൊഴിയാതെ അട്ടപ്പാടി; 9 വർഷം, മരിച്ചത് 121 കുട്ടികൾ; 6 മാതൃമരണവും.
Kerala

ദുരിതമൊഴിയാതെ അട്ടപ്പാടി; 9 വർഷം, മരിച്ചത് 121 കുട്ടികൾ; 6 മാതൃമരണവും.

വെളളിയാഴ്ച രാത്രി ആറു വയസ്സുളള ഒരു കുട്ടി കൂടി മരിച്ചതോടെ ഔദ്യോഗിക കണക്കനുസരിച്ച് ഒൻപതുവർഷത്തിനിടെ അട്ടപ്പാടിയിൽ മരിച്ചത് 121 കുട്ടികൾ. 2013 മുതൽ ഇന്നലെ വരെയുളള കണക്കനുസരിച്ചാണിത്. സെറിബ്രൽ പാൾസി ബാധിച്ച കുട്ടിയാണ് വെളളിയാഴ്ച രാത്രി ഒൻപതോടെ മരിച്ചത്.

എന്നാൽ, വിവിധസംഘടനകളും പഠനസംഘങ്ങളുടെയും റിപ്പോർട്ടുകൾ പ്രകാരം ഈ കാലയളവിലെ ശിശുമരണ സംഖ്യ 153 ആണ്. ഈ വർഷം ജനുവരിമുതൽ ഇതുവരെ ഒൻപതു പേർ മരിച്ചുവെന്നാണ് ഔദ്യോഗിക റിപ്പോർട്ടെങ്കിൽ അനൗദ്യോഗിക കണക്കിൽ അത് 12 ആണ്.

ഗർഭസ്ഥശിശുക്കളുടെ മരണമുൾപ്പെടെയാണ് സർക്കാർ കണക്ക്. 2013–31, 2014–15, 2015–14, 2016–8, 2017–14, 2018–24, 2019–7, 2020–10, 2021(ഇതുവരെ)–9 എന്നിങ്ങനെയാണ് യഥാക്രമം മരണം. ഈ കാലയളവിൽ ആറു മാതൃമരണങ്ങളും രേഖപ്പെടുത്തി .വിവിധകാരണങ്ങളാലാണ് കുട്ടികൾ മരിച്ചതെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്.

യുവതികളിലെയും ഗർഭിണികളിലെയും ഹീമോഗ്ലോബിന്റെ കുറവും കുട്ടികളിലെ തൂക്കക്കുറവും കണ്ടെത്തി ആവശ്യമായ ശുശ്രൂഷ നൽകാനും ഇവിടെ നടപടികളുണ്ടായിരുന്നു.അട്ടപ്പാടിമേഖലയിൽ വിവിധ ആരോഗ്യപ്രശ്നങ്ങളാൽ ഗർഭം അലസിയ മൊത്തം 360 കേസും റിപ്പോർട്ടു ചെയ്തിട്ടുണ്ട്. കിലോമീറ്ററുകൾ ദൂരെയുളള ഊരുകളിലെ സംഭവങ്ങളിൽ പലതും റിപ്പോർട്ടുചെയ്യാതെ പോകുന്നതായും വിവരമുണ്ട്. കോവിഡ് വ്യാപനം കാരണം ഊരുസന്ദർശനം നടക്കാത്ത സ്ഥിതിയായി.ഇവരുടെ മോശം സ്ഥിതികണക്കിലെടുത്ത് പ്രത്യേക നടപടികളൊന്നും ഉണ്ടായില്ലെന്നും ആക്ഷേപമുണ്ട്.

∙ നിരനിരയായി സ്ഥാപനങ്ങൾ ആളുകൾ, എന്നിട്ടും

ആദിവാസികളിലെ പോഷണക്കുറവു പരിഹരിക്കാൻ സംസ്ഥാനത്ത് പോഷണ പുനരധിവാസ കേന്ദ്രങ്ങളും സമൂഹ അടുക്കളകളും ആരംഭിച്ചത് അട്ടപ്പാടിയിൽ മാത്രമാണ്. അഗളി സാമൂഹികാരോഗ്യകേന്ദ്രം, ഷോളയൂർ, പുതൂർ കുടുംബാരോഗ്യകേന്ദ്രങ്ങളിലുമുള്ള മൂന്ന് പുനരധിവാസ ഇപ്പോഴും പ്രവർത്തിക്കുന്നു.

ഹൈക്കോടതി നിർദ്ദേശപ്രകാരമാണ് ഊരുകളിൽ സമൂഹ അടുക്കളകൾ തുടങ്ങിയത്.182 ഊരുകളിലുണ്ടായിരുന്ന അടുക്കളകളിൽ 110 എണ്ണം ഇപ്പോഴും സജീവമാണ്. ആദിവാസി കുടുംബശ്രീക്കാണ് നടത്തിപ്പ് ചുമതല. 175 അങ്കണവാടികളും 42 ഊര് ആശമാർ ഉൾപ്പെടെ 116 ആശാ വർക്കർമാരുമുണ്ട്.

ആദിവാസികൾക്കായി. 150 ട്രൈബൽ പ്രമോട്ടർമാർ. ജെപിഎച്ച്എൻ, ജെഎച്ച്ഐ, ഹെൽത്ത് ഇൻസ്പെക്ടർ തുടങ്ങിയ ആരോഗ്യ പ്രവർത്തകരുടെ നിര വേറെയുമുണ്ട്.മൂന്നു കുടുംബാരോഗ്യകേന്ദ്രങ്ങൾ, ഒരു സാമൂഹികാരോഗ്യകേന്ദ്രം, ടൈബൽ സ്‌പെഷ്യാലിറ്റി ആശുപത്രി, അഞ്ചു മൊബൈൽ യൂണിറ്റ്, ഐടിഡിപിയുടെ രണ്ട് ഒപി ക്ലിനിക്ക്, 28 സബ് സെന്റർ, മൂന്ന് ആയൂർവേദ ആശുപത്രി, മൂന്ന് ഹോമിയോ ഡിസ്പെൻസറികൾ ഉൾപ്പെടെ, അട്ടപ്പാടിയിലെ ആരോഗ്യരംഗത്ത് സ്ഥാപനങ്ങളും ആളുകളും ഏറെയുണ്ട്.

പോഷകാഹാരം ഉറപ്പാക്കാൻ ആദിവാസി കുടുംബശ്രീ ആറായിരത്തോളം സ്ത്രീകളെ അംഗങ്ങളാക്കി വിവിധ കാർഷിക പദ്ധതികൾ നടപ്പാക്കാനും പദ്ധതിയുണ്ട്. കൃഷിവകുപ്പിന്റെ മില്ലെറ്റ് ഗ്രാമം ഉൾപ്പടെയുള്ള പദ്ധതികൾ വേറെയും. ഇതുകൂടാതെ ഐടിഡിപിയുടെ നേതൃത്വത്തിലും കൃഷിക്കും തൊഴിലിനുമായും പദ്ധതികൾ നടപ്പാക്കിയിട്ടുണ്ട്. ഇതിനൊക്കെ ഇടയിലും ശിശുമരണങ്ങൾ തുടരുന്നത് എന്തുകൊണ്ടെന്നതിന് ആർക്കുമില്ല ഉത്തരം.

∙ ഏകോപനത്തിലും നടത്തിപ്പിലും വീഴ്ച

ആരോഗ്യ, ക്ഷേമപദ്ധതികളുടെ നടത്തിപ്പിലെയും ഏകോപനത്തിലെയും വീഴ്ചകളും പാളിച്ചകളും അട്ടപ്പാടിയിലെ ആദിവാസി ഊരുകളിൽ കുട്ടികളുടെയും ഗർഭിണികളുടെയും ആരോഗ്യത്തെ വീണ്ടും ഗുരുതരമായി ബാധിച്ചുതുടങ്ങി എന്നതാണ് കുട്ടികളുടെ മരണം വ്യക്തമാക്കുന്നത്.നിലവിലുളള സ്ഥിതി തുടർന്നാൽ 2013 –ൽ 47 കുഞ്ഞുങ്ങൾ മരിച്ചതിനു സമാനസാഹചര്യമുണ്ടാകുമോ എന്ന ആശങ്കയിലാണ് ആദിവാസികളും സന്നദ്ധ, മനുഷ്യാവകാശപ്രവർത്തകരും.

ഔദ്യോഗിക റിപ്പോർട്ടനുസരിച്ച് 2013 ൽ ആരോഗ്യ, പോഷണക്കുറവു പ്രശ്നങ്ങൾ കാരണം 31 കുട്ടികളാണ് മരിച്ചത്. 2014 ൽ ഔദ്യോഗികമായി 22 കുട്ടികളുടെ മരണം(ഔദ്യോഗിക കണക്കിൽ –15) റിപ്പോർട്ടുചെയ്തു. കോവിഡിനെ തുടർന്നുള്ള സാമൂഹിക, സാമ്പത്തിക പ്രശ്നങ്ങളാണ് ഇപ്പോൾ പ്രശ്നം രൂക്ഷമാക്കിയതെങ്കിലും മുൻകാലങ്ങളിൽ ആരംഭിച്ച ക്ഷേമ, ആരോഗ്യ പദ്ധതികളുടെ സ്ഥായിയായ നടത്തിപ്പും അത് ആദിവാസികൾക്കിടയിൽ കൃത്യമായി എത്തുന്നതിൽ വന്നവീഴ്ചയും അതിന് ആക്കം കൂട്ടിയെന്നാണ് വിവിധപഠനങ്ങളിൽ നിന്നും ആദിവാസികളിൽ നിന്നും വ്യക്തമാകുന്നത്.ആവശ്യത്തിന് ഫണ്ടില്ലാത്തതിനാൽ പല പ്രവർത്തനങ്ങളും നിലച്ചമട്ടാണ്. മറ്റുചിലതു പേരിനു മാത്രമായതായും പരാതിയുണ്ട്. പ്രശ്നത്തിന്റെ ഗൗരവം പലപ്പോഴായി അധികൃതരുടെയും ആരോഗ്യമേഖലയുളളവരെയും ബോധിപ്പിച്ചെങ്കിലും വ്യക്തമായ ഒരു നീക്കവും ഉണ്ടായിട്ടില്ലെന്നാണ് ആരോപണം. ഊരു കേന്ദ്രീകരിച്ചുളള ആരോഗ്യപ്രവർത്തകർക്കും പട്ടികവർഗപ്രമോട്ടർമാർക്കും വേതനം മുടങ്ങുന്ന സ്ഥിതിയും പ്രവർത്തനത്തെ സാരമായി ബാധിക്കുന്നു. ഇതോടെ ആരോഗ്യ, പട്ടികവർഗ മേഖലയിലെ ഉദ്യോഗസ്ഥർ സമ്മർദ്ദത്തിലാകുന്ന സ്ഥിതിയുമുണ്ട്.

∙ താറുമാറായി പൊതു ആരോഗ്യം

ലോക്‌ഡൗണുകളും അനുബന്ധ നിയന്ത്രണങ്ങളും ആദിവാസികൾക്കിടിയിലുണ്ടാക്കിയ സാമ്പത്തിക ബുദ്ധിമുട്ടും യോജിച്ച ഭക്ഷണത്തിന്റെ കുറവും അവരുടെ പൊതുആരോഗ്യത്തെ താറുമാറാക്കിയെന്നാണ് വിദഗ്ധരുടെ നിരീക്ഷണം. ക്ഷാമകാലത്തെ കിറ്റ് വിതരണം പല ഊരുകളിലും കൃത്യമായി എത്തിയില്ലെന്നും പരാതിയുണ്ട്.

ഗർഭിണികളുടെ ആരോഗ്യമില്ലായ്മയും പേ‍ാഷണക്കുറവും കാരണം 2103 ൽ കുട്ടികൾ തുടർച്ചയായ മരണം ദേശീയതലത്തിൽ ചർച്ചചെയ്യപ്പെട്ടതോടെ കേന്ദ്രമന്ത്രിമാർ ഉൾപ്പെടെ ഇവിടെ എത്തി. അതിന്റെ ഭാഗമായി തുടങ്ങിയ സ്പെഷൽ പ്രോജക്റ്റുകൾ ആദിവാസികൾക്ക് ഗുണം ചെയ്തു.അഴിമതിയും വെട്ടിപ്പുമില്ലാതെ പദ്ധതി നടത്തിപ്പിന് സ്പെഷൽ ഓഫിസറെയും കേന്ദ്രസർക്കാർ നേരിട്ടു നിയമിച്ചു.തൊഴിലുറപ്പുദിനങ്ങൾ വർധിപ്പിച്ച് വരുമാനം വർധന ഉറപ്പുവരുത്തി. ഊരുകളിലേക്കുളള റോഡുകൾക്കും പദ്ധതി ആവിഷ്കരിച്ചു. മികച്ച ചികിത്സലഭ്യമാക്കാൻ ആധുനീക സംവിധാനങ്ങളോടെ കോട്ടത്തറ ആശുപത്രിയെ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയാക്കി ആവശ്യത്തിന് ഡോക്ടർമാരെയും ഇതരജീവനക്കാരെയും നിയമിച്ച് മരുന്നും അനുബന്ധസേവനങ്ങളും ഏർപ്പെടുത്തി. ജീവനക്കാർക്ക് പ്രത്യേകവേതവും അനുവദിച്ചു. ഇതുകൂടാതെയാണ് ആരോഗ്യപ്രശ്നങ്ങളിൽ വിദഗ്ധചികിത്സ ഉറപ്പാക്കാൻ പെരിന്തൽമണ്ണ ഇഎംഎസ് മെഡിക്കൽ കോളജിന് 12 കോടി രൂപ പിന്നീട് പട്ടികവർഗവകുപ്പ്അനുവദിച്ചത്.

പട്ടികവർഗ, വനം, സാമൂഹികക്ഷേമം, ശിശുക്ഷേമം, ഗ്രാമീണവകുപ്പ്, കൃഷിവകുപ്പ് തുടങ്ങിവയുടെ ഏകോപനത്തോടെയുളള നീക്കങ്ങൾ സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും ആരോഗ്യവും സാമൂഹിക നിലയുംമെച്ചപ്പെടുത്തി.ഗർഭിണികൾക്ക് പരിപാലനം ഉറപ്പാക്കി. പ്രസവത്തിൽ ആരോഗ്യപ്രശ്നങ്ങളുളള കുട്ടികളെ സാധാരണജീവിതത്തിലേക്ക് എത്തിക്കാൻ നവജാതശിശുസംരക്ഷണകേന്ദ്രം(എൻആർസി) സ്ഥാപിച്ചു.

മാനസിക പ്രശ്നങ്ങൾ പരിഹരിക്കാനുളള പുനരധിവാസകേന്ദ്രത്തിനും തുടക്കമിട്ടു. പരമ്പരാഗത കാർഷിക ഉൽപന്നങ്ങൾ ആദിവാസികളുടെ കൂട്ടായ്മ വിപണിയിലെത്തിച്ചതിനൊപ്പം ഊരുകൾ കേന്ദ്രീകരിച്ചുളള കൂട്ടങ്ങൾക്ക് സ്വന്തം ഫണ്ടും അത് ചെലവഴിക്കാൻ അവർ പഠിക്കുകയും ചെയ്തു. സ്ത്രീകളിലെ വിളർച്ചയും കുട്ടികളിലെ വളർച്ചാ മുരടിപ്പും ഘട്ടംഘട്ടമായി മാറ്റിയെടുക്കുന്ന ശാസ്ത്രീയ രീതിയാണ് പദ്ധതികൾ ലക്ഷ്യമിട്ടത്.

∙ വഴിപാടായി വിലയിരുത്തലും നിരീക്ഷണവും

എംപിയുടെ നേതൃത്വത്തിൽ മേൽനോട്ടസമിതിയും പ്രത്യേക കമ്മിറ്റികളും സ്ഥാപിച്ച് നിരന്തര വിലയിരുത്തലും തിരുത്തലുകളും നടന്നു .എന്നാൽ, ആദിവാസികളുടെ ജീവിതസാഹചര്യം സുസ്ഥിരാവസ്ഥയിലെത്തുന്നതിന് മുൻപ് പദ്ധതികളുടെ നടത്തിപ്പിൽ വീഴ്ചകൾ തുടങ്ങിയെന്നാണ് പരാതി. മേൽനോട്ടവും വിലയിരുത്തലും വഴിപാടായി മാറി.കോവിഡിന്റെ തീവ്രവ്യാപവും സാഹചര്യവും നടപടികൾക്ക് വലിയ തടസം സൃഷ്ടിച്ചു. മോശം സാഹചര്യത്തിലുള്ള ആദിവാസികൾക്കു പോലും ഈ സമയം ആവശ്യമായ പരിഗണനയും സുരക്ഷയും കിട്ടാതായി. എല്ലാവർക്കും കോവിഡ് വാക്സീൻ നൽകാൻ ആരോഗ്യപ്രവർത്തകർ കഠിനപ്രയത്നം ചെയ്തു.

കോട്ടത്തറ ആശുപത്രിയിൽ ആവശ്യത്തിന് ഡോക്ടർമാരുണ്ടെങ്കിലും ഗർഭാവസ്ഥയുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രശ്നങ്ങളിൽ പലതിലും കയ്യൊഴിയുന്നതായും ആദിവാസികൾക്കിടയിൽ പരാതിയുണ്ട്. സ്വകാര്യആശുപത്രികളിൽ പേ‍ാകാൻ തക്ക സാമ്പത്തിക സ്ഥിതിയില്ലാത്തതിനാൽ താലൂക്ക് ആശുപത്രിയിൽ ചികിത്സതേടുകയാണ് പലരും.

ഫണ്ട് അനുവദിക്കാത്തതിനാൽ പല അവശ്യസംവിധാനവും കാര്യക്ഷമമല്ല. ആവശ്യമായ ഘട്ടത്തിൽ ദൂരെയുളള ഊരുകളിൽ ചികിത്സലഭിക്കുന്നില്ല. ഇവരുടെ സാമ്പത്തിക സ്ഥിതിയും വളരെ മോശമാണ്. ആരോഗ്യം മെച്ചപ്പെടുത്താനുളള വിവിധ സംവിധാനങ്ങൾ താറുമാറായതാണ് ഗർഭിണികളുടെ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്കും അതുവഴി കുട്ടികളുടെ മരണത്തിനും കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. വിവിധ പഠനങ്ങളിലും ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്.

മേഖലയിലെ ആരോഗ്യപ്രശ്നങ്ങളിലും ക്ഷേമകാര്യത്തിലും ഏത്രയോതവണ ഹൈക്കോടതിഇടപെട്ടു. കോടതിയുടെ കമ്മിഷൻ നേരിട്ടെത്തി അന്വേഷണം നടത്തി റിപ്പോർട്ടും നൽകി. വിഷയത്തിൽ സാമൂഹികപ്രവർത്തകരും സംഘടനകളും നൽകിയ ചില കേസുകൾ ഇപ്പോഴും കോടതിയിലുണ്ട്.ദേശീയ ഏജൻസികളുടെ അന്വേഷണങ്ങളും നിർദ്ദേശങ്ങളും വേറെയും നടന്നു.

∙ മുടങ്ങി പോഷകാഹാരവും സഹായവും

കുഞ്ഞുങ്ങളുടെ മരണത്തിനു മറ്റുചിലകാരണങ്ങളാണ് ആരോഗ്യവകുപ്പ് പറയുന്നതെങ്കിലും ആദിവാസികളുടെ അടിസ്ഥാനപ്രശ്നങ്ങൾ രൂക്ഷവും ഗുരുതരവുമെന്നാണ് വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. രാജ്യത്തെ പ്രമുഖ ഗവേഷണകേന്ദ്രമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷ്യൻ സയൻസ് അടക്കം മുൻപ് പലരും ഇവിടെ നടത്തിയ പഠനങ്ങളിൽ പ്രശ്നങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.കോവിഡിനെ തുടർന്ന് മേഖലയിലെ അങ്കണവാടികൾ തുടർച്ചയായി അടഞ്ഞുകിടന്നത് ഗർഭിണികളുടെയും കുഞ്ഞുങ്ങളുടെയും ആരോഗ്യത്തെ കാര്യമായി ബാധിച്ചു. ഗർഭിണികൾക്കുവേണ്ട പോഷകാഹാരം ഇതുവഴിയായിരുന്നു കൊടുത്തിരുന്നത്. പരമ്പരാഗതഭക്ഷണം അവർക്കു നൽകിയ ആരോഗ്യവും സുരക്ഷയും കരുത്തും നിലനിർത്താൻ പ്രഖ്യാപിച്ച പദ്ധതികളുടെ നടത്തിപ്പും ഇടക്കാലത്ത് താളംതെറ്റി.

സർക്കാരിന്റെ അടിയന്തര ഇടപെടലാണ് വേണ്ടതെന്ന് അട്ടപ്പാടിയിലെ സന്നദ്ധസംഘടനയായ തമ്പിന്റെ പ്രസിഡന്റ് രാജേന്ദ്രപ്രസാദ് ആവശ്യപ്പെട്ടു. സംഘടന വിഷയത്തിൽ പല സർവേകളും നടത്തിയിരുന്നു. ഊരുകളിൽ ഗർഭിണികൾക്ക് മൂന്നാംമാസം മുതൽ 18 മാസം നൽകിയിരുന്ന 1,000 രൂപയുടെ ജനനിജന്മരക്ഷ പദ്ധതിയിൽ സഹായം മുടങ്ങിയിട്ട് മാസങ്ങളായി.

പ്രസവത്തിൽ കുട്ടി മരിച്ചു മൂന്നുമാസം കഴിഞ്ഞാലും സഹായം കിട്ടില്ലെന്നാണ് ഇപ്പോഴത്തെ അവസ്ഥ. ഊരുകളിലെ സാമൂഹിക, ആരോഗ്യപ്രശ്നങ്ങൾ കൃത്യമായി അധികൃതരെ അറിയിക്കേണ്ട പട്ടികവർഗപ്രമോട്ടർമാരിൽ പലരും ഊരിൽ എത്തുന്നില്ലെന്നാണ് പരാതി. കേ‍ാവിഡിനെ തുടർന്ന് ഊരു സന്ദർശനം അസാധ്യവുമായിരുന്നു.

∙ തെരുവിലിറക്കരുതെന്ന് ആദിവാസികൾ

ആശാവർക്കർമാരാണ് ഗർഭിണികളുടെയും കുട്ടികളുടെയും കാര്യത്തിൽ നിർണായക ഘടകമെങ്കിലും പലരും രംഗത്തില്ലെന്നാണ് ആരോപണം. നിയമനങ്ങൾ പലതും രാഷ്ട്രീയ താൽപര്യത്തിൽ നടത്തുന്നതിനാൽ ഇതുസംബന്ധിച്ച് പരാതിപറയുന്ന ആദിവാസികൾ ഒറ്റപ്പെടുന്ന സ്ഥിതിയാണ്. ഐടിഡിപി പ്രോജക്റ്റ് ഓഫിസിന്റെ ഇടപെടലും ഏങ്ങുമെത്തുന്നില്ല.

പ്രശ്നങ്ങൾ അവതരിപ്പിക്കാൻ രൂപംകൊണ്ട പല ആദിവാസി കൂട്ടായ്മകളെയും കുരുക്കുന്ന നടപടികളാണ് പൊലീസ്, പട്ടികവർഗ വകുപ്പിന്റെ ഭാഗത്തുനിന്നുണ്ടാകുന്നതെന്നും ആദിവാസികൾ ആരോപിക്കുന്നു. കോവിഡ് കാലത്ത് മേഖലയിൽ സജീവമായി നടക്കുന്നത് ഭൂമി ഇടപാടുമാത്രമാണെന്ന പരാതിയും വ്യാപകമാണ്.

പരമ്പരാഗതഭൂമിയിൽ പലതിലും ദിവസങ്ങൾകൊണ്ട് വ്യാജരേഖ ചമച്ച് ചിലർ സ്വന്തമാക്കുന്നതായി ആദിവാസികൾ ആരോപിക്കുന്നു. ഇത്തരം ലോബികൾക്കുവേണ്ടി കള്ളകേസിൽ ആദിവാസികളെ കുടുക്കാൻ കാണിക്കുന്ന ആവേശവും ആത്മാർഥതയും ആരോഗ്യ, ക്ഷേമപ്രവർത്തനങ്ങളിലാണ് വേണ്ടതെന്നും അവർ ആവശ്യപ്പെടുന്നു. ആദിവാസികളെ തെരുവിലിറക്കരുതെന്നാണ് അവരുടെ അഭ്യർഥന. മൊത്തം 190 ആദിവാസി ഊരുകളാണ് അട്ടപ്പാടിയിലുളളത്.

Related posts

ഓ​ട്ട​മേ​റ്റ​ഡ് ടെ​സ്റ്റിം​ഗ് സ്റ്റേ​ഷ​ന്‍: കേ​ര​ള​ത്തി​നു ക​ട​മ്പ​ക​ളേ​റെ

Aswathi Kottiyoor

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നൈപുണ്യ വികസന കേന്ദ്രങ്ങള്‍ സ്ഥാപിക്കും; മന്ത്രി ഡോ. ആര്‍ ബിന്ദു

Aswathi Kottiyoor

തമിഴ്നാട്ടില്‍ 3,500 കോടി രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ച് എംഎ യൂസഫലി

Aswathi Kottiyoor
WordPress Image Lightbox