മലയാളികൾക്ക് നിരവധി പാട്ടുകൾ സമ്മാനിച്ച ഗാനരചയിതാവ് ബിച്ചു തിരുമല (80) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
അഞ്ച് പതിറ്റാണ്ടോളം മലയാള ചലച്ചിത്ര രംഗത്ത് സജീവ സാന്നിധ്യമായിരുന്ന ബിച്ചു തിരുമല എന്ന ബി. ശിവശങ്കരൻ നായരാണ് സംഗീതത്തിന്റെ ലോകത്തോട് വിടപറഞ്ഞത്. നാന്നൂറിലേറെ സിനിമകളിലായി ആയിരത്തോളം ഗാനങ്ങളാണ് ബിച്ചു തിരുമലയുടെ തൂലികയിൽനിന്നു പിറന്നത്. സിനിമാ ഗാനങ്ങളും ലളിത-ഭക്തി ഗാനങ്ങളുമായി അയ്യായിരത്തിലേറെ ഗാനങ്ങൾ രചിച്ചു.
1972ൽ പുറത്തിറങ്ങിയ ഭജഗോവിന്ദം സിനിമയിലൂടെയാണ് ചലച്ചിത്രഗാനരംഗത്തേയ്ക്ക് എത്തിയത്. 1981ലും 1991ലും മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ചലചിത്ര പുരസ്കാരം നേടി. സുകുമാർ അഴീക്കോട് തത്വമസി പുരസ്കാരം, കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷന്റെ ചലച്ചിത്രരത്നം പുരസ്കാരം, സ്വാതി–പി ഭാസ്കരൻ ഗാനസാഹിത്യപുരസ്കാരം തുടങ്ങിയവയ്ക്കും അർഹനായി
1941 ഫെബ്രുവരി 13ന് സി.ജെ. ഭാസ്കരൻ നായരുടെയും ശാസ്തമംഗലം പട്ടാണിക്കുന്ന് വീട്ടിൽ പാറുക്കുട്ടിയമ്മയുടെയും മൂത്ത മകനായാണ് ബിച്ചു തിരുമല ജനിച്ചത്. പ്രശസ്ത ഗായികയായ സുശീലാ ദേവി, സംഗീതസംവിധായകൻ ദർശൻ രാമൻ എന്നിവരാണ് സഹോദരങ്ങൾ. പ്രസന്നകുമാരിയാണ് ഭാര്യ. മകൻ സുമൻ ശങ്കർ ബിച്ചു(സംഗീത സംവിധായകൻ).
ശ്യാം, എ.ടി. ഉമ്മർ, രവീന്ദ്രൻ, ജി. ദേവരാജൻ, ഇളയരാജ എന്നീ സംഗീതസംവിധായകരുമായി ചേർന്ന് എഴുപതുകളിലും എൺപതുകളിലുമായി വളരെയധികം ഹിറ്റ് ഗാനങ്ങൾ അദ്ദേഹം മലയാളികൾക്ക് സമ്മാനിച്ചു. പ്രമുഖ സംഗീതസംവിധായകനായ എ.ആർ. റഹ്മാൻ മലയാളത്തിൽ ഈണം നൽകിയ യോദ്ധയിലെ ഗാനങ്ങൾ എഴുതിയതും ബിച്ചു തിരുമലയാണ്.
രാകേന്ദുകിരണങ്ങൾ (അവളുടെ രാവുകൾ), വാകപ്പൂമരം ചൂടും (അനുഭവം), ഒരു മയിൽപ്പീലിയായ് ഞാൻ ജനിച്ചുവെങ്കിൽ (അണിയാത്ത വളകൾ), വെള്ളിച്ചില്ലും വിതറി (ഇണ), മൈനാകം (തൃഷ്ണ), ശ്രുതിയിൽ നിന്നുയരും (തൃഷ്ണ), തേനും വയമ്പും (തേനും വയമ്പും), ഓലത്തുമ്പത്തിരുന്നൂയലാടും (പപ്പയുടെ സ്വന്തം അപ്പൂസ്), പാൽനിലാവിനും (കാബൂളിവാല) തുടങ്ങി നിരവധി ഹിറ്റ് ഗാനങ്ങളാണ് ബിച്ചു തിരുമലയുടെ തൂലികയിൽനിന്നു പിറന്നത്.