22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • *മാനന്തവാടി-മട്ടന്നൂർ നാലുവരിപ്പാത; സർവേ പൂർത്തിയായി.*
Kerala

*മാനന്തവാടി-മട്ടന്നൂർ നാലുവരിപ്പാത; സർവേ പൂർത്തിയായി.*

നിർദിഷ്ട മാനന്തവാടി-മട്ടന്നൂർ വിമാനത്താവള നാലുവരി റോഡിന്റെ സർവേനടപടികൾ പൂർത്തിയായി. അലൈൻമെന്റും പ്ലാനും അടങ്കലും ഈ ആഴ്ചയോടെ കേരള റോഡ് ഫണ്ട് ബോർഡ് ചീഫ് എൻജിനീയർക്ക് സമർപ്പിക്കും.

അനുമതി ലഭിച്ചാൽ ഉടൻ റവന്യൂ വകുപ്പ് റോഡ് നിർമിക്കാനായി നഷ്ടമാകുന്ന ഭൂമി, വീടുകൾ, മറ്റു കെട്ടിടങ്ങൾ തുടങ്ങിയവയുടെ കൃത്യമായ കണക്കെടുപ്പ് നടത്തി ഭൂമി ഏറ്റെടുക്കൽ ആരംഭിക്കും. 58 കിലോമീറ്റർ ദൂരമാണ് മട്ടന്നൂർ-മാനന്തവാടി നാലുവരിപ്പാതയ്ക്കുണ്ടാവുക.

പ്ലാനിന് അനുമതി ലഭിച്ചാൽ ഭൂമി അളന്ന് തിട്ടപ്പെടുത്തി അതിർത്തികൾ നിർണയിക്കും. നാലുവരിപ്പാതയിൽ അമ്പായത്തോട്-ബോയ്സ് ടൗൺ വരെയുള്ള പാൽച്ചുരംഭാഗം രണ്ടുവരിയായാണ് നിർമിക്കുക. വനഭൂമി വിട്ടുകിട്ടാത്തതാണ് ഇവിടെ നാലുവരിയാക്കാത്തതിന് കാരണം. മാനന്തവാടിവരെ ബാക്കിയുള്ള ഭാഗങ്ങളും നാലുവരിപ്പാതയാക്കും.

മട്ടന്നൂർ മുതൽ അമ്പായത്തോടുവരെ 40 കിലോമീറ്റർ മോർത്തിന്റെ (മിനിസ്ട്രി ഓഫ് റോഡ് ട്രാൻസ്പോർട്ട് ആൻഡ് ഹൈവേയ്‌സ്) മാനദണ്ഡങ്ങൾക്കനുസരിച്ചാണ് നാലുവരിപ്പാത നിർമിക്കുക. അമ്പായത്തോട് മുതൽ മാനന്തവാടിവരെയുള്ള 18 കിലോമീറ്റർ മലയോരഹൈവേ നിർമാണത്തിലും ഉൾപ്പെടുത്തും.

പാതയിൽ കേളകത്ത് ബൈപ്പാസ് റോഡ് നിർമിക്കുന്നതിൽ നേരത്തേ തീരുമാനമായിരുന്നില്ല. തുടർന്ന് കേരള റോഡ് ഫണ്ട് ബോർഡ് അസി. എക്സി. എൻജിനീയർ പി.സജിത്തിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി ബൈപ്പാസ് തീരുമാനിക്കുകയായിരുന്നു.

കേളകം മഞ്ഞളാംപുറം യു.പി. സ്കൂളിന്‌ സമീപത്തുനിന്നും ഗ്രൗണ്ടിനരികിലൂടെ അരംഭിച്ച് സെയ്ന്റ്‌ തോമസ് ഹയർസെക്കൻഡറി സ്കൂൾ പരിസരത്തുകൂടി കടന്ന് കെ.എസ്.ഇ.ബി. ഓഫീസ് സമീപത്തുകൂടി അടക്കാത്തോട് റോഡ് മുറിച്ചുകടന്ന് കേളകം വില്ലേജ് ഓഫീസിന് സമീപം എത്തിച്ചേരുന്ന രീതിയിലാവും ബൈപ്പാസ് നിർമിക്കുക.

ഇതിൽ അടയ്ക്കാത്തോട് റോഡ് മുറിച്ചുകടക്കുന്ന ഭാഗത്ത് സർക്കിൾ നിർമിക്കും. തുടക്കത്തിൽ കേളകത്ത് ബൈപ്പാസിനായി രണ്ടു സാധ്യതകൾ പരിഗണിച്ചിരുന്നു. നിലവിൽ അംഗീകരിച്ചതിനുപുറമേ മഞ്ഞളാംപുറംടൗണിന് സമീപത്തുനിന്നാരംഭിച്ച് മൂർച്ചിലക്കാട്ട് ക്ഷേത്ര പരിസരം വഴി കേളകം വില്ലേജ് ഓഫീസിന് സമീപം എത്തുന്ന വിധത്തിലായിരുന്നു രണ്ടാമത്തെ സാധ്യത.

എന്നാൽ, ഈ സാധ്യതയിൽ കൂടുതൽ കെട്ടിടങ്ങളും വീടുകളും ഏറ്റെടുക്കേണ്ടതിനാലും ദൂരക്കൂടുതലുള്ളതിനാലും ഒഴിവാക്കുകയായിരുന്നു. പേരാവൂരിലും ബൈപ്പാസ് സാധ്യതയാണ് നാലുവരിപ്പാതയ്ക്കായി പരിഗണിക്കുന്നത്. ബൈപ്പാസ് പരിശോധനകൾ തുടങ്ങിയതോടെ നിർദിഷ്ട ബൈപ്പാസ് കടന്നുപോകുന്ന സ്ഥലങ്ങളിലെ താമസക്കാർ ആശങ്കയിലാണ്.

നിലവിലുള്ള റോഡ് വീതികൂട്ടി നാലുവരിപ്പാത നിർമിക്കുമ്പോൾ കേളകം ടൗണിൽ മാത്രം നിരവധി കെട്ടിടങ്ങൾ പൊളിച്ചു മാറ്റേണ്ടിവരുന്നതിനാലാണ് ബൈപ്പാസ് സാധ്യത പരിഗണിച്ചത്. ഇത് താരതമ്യേന കുറഞ്ഞ നഷ്ടമുണ്ടാക്കുന്നതാണെന്ന് വിദഗ്ധർ പറയുന്നു. ബൈപ്പാസ് സാധ്യതാപഠനം തുടങ്ങിയപ്പോൾ സ്ഥലവാസികൾ പ്രതിഷേധവുമായി എത്തിയിരുന്നു.

Related posts

ഒറ്റ ചാർജിൽ 590 കിലോമീറ്റർ, 100 കിമീ വേഗമാർജിക്കാൻ നാലു സെക്കന്റ് മാത്രം; ഇലക്ട്രിക് കരുത്തിൽ നിരത്തുകൾ കൈയ്യടക്കാനൊരുങ്ങി ബിഎംഡബ്ല്യു ഐ4……..

Aswathi Kottiyoor

സംസ്ഥാനത്ത്‌ അഞ്ച്‌ മാസത്തിനിടെ പിടിച്ചത് 14.66 കോടിയുടെ മയക്കുമരുന്ന്; കൂടുതൽ എറണാകുളം ജില്ലയിൽ

Aswathi Kottiyoor

ബക്രീദ്‌ ജൂലൈ 10ന്‌

Aswathi Kottiyoor
WordPress Image Lightbox