24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ഭീഷണിയായി പുതിയ വകഭേദം; വ്യതിയാനം അസാധാരണമാംവിധം: ഇന്ത്യയിലും ജാഗ്രത.
Kerala

ഭീഷണിയായി പുതിയ വകഭേദം; വ്യതിയാനം അസാധാരണമാംവിധം: ഇന്ത്യയിലും ജാഗ്രത.

ദക്ഷിണാഫ്രിക്കയിലും ബോട്‍സ്വാനയിലും സ്ഥിരീകരിച്ച പുതിയ കോവിഡ് വകഭേദത്തിനെതിരെ അടിയന്തര നടപടിയെടുക്കാൻ ലോകാരോഗ്യ സംഘടന. ലോകാരോഗ്യ സംഘടനാ ഉദ്യോഗസ്ഥർ വ്യാഴാഴ്ച വിഷയം ചർച്ച ചെയ്തു. വെള്ളിയാഴ്ച വീണ്ടും യോഗം ചേരും. പുതിയ വകഭേദത്തിന്റെ ജനിതക വ്യതിയാനം അസാധാരണമാംവിധം അധികമെന്നാണു വിദഗ്ധരുടെ മുന്നറിയിപ്പ്. എച്ച്ഐവി പോലുള്ള രോഗബാധയാൽ വലയുന്ന ആളില്‍ വൈറസ് ബാധിച്ചപ്പോഴായിരിക്കാം പുതിയ വകഭേദം രൂപം കൊണ്ടതെന്ന് യുസിഎൽ ജനിറ്റിക്സ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഫ്രാൻകോയിസ് ബലോക്സ് പ്രതികരിച്ചു. രോഗവ്യാപനം എത്രത്തോളമുണ്ടെന്ന് ഈ ഘട്ടത്തിൽ പ്രവചിക്കുക അസാധ്യമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബി.1.1529 വകഭേദത്തിന്റെ നൂറിലേറെ പുതിയ കേസുകളാണു ദക്ഷിണാഫ്രിക്കയിൽ റിപ്പോർട്ട് ചെയ്തത്. ആഫ്രിക്കയിൽ കണ്ടെത്തിയ വകഭേദത്തിന്റെ രണ്ടു കേസുകൾ ഹോങ്കോങ്ങിലും റിപ്പോർട്ട് ചെയ്തു. ദക്ഷിണാഫ്രിക്കയിൽനിന്നെത്തിയ യാത്രക്കാരനും ഇയാളെ താമസിപ്പിച്ചിരുന്ന ഹോട്ടൽ മുറിക്കു സമീപത്തുള്ള മുറിയിൽ താമസിച്ച മറ്റൊരാൾക്കുമാണു കോവിഡ് ബാധിച്ചതെന്ന് ഹോങ്കോങ് സർക്കാർ വ്യാഴാഴ്ച അറിയിച്ചു. വായു വഴിയായിരിക്കും രോഗം പകർന്നതെന്നാണു സർക്കാർ നിഗമനം. അസാധാരണമാം വിധം വ്യതിയാനം സംഭവിച്ച വകഭേദമാണിതെന്നും സാഹചര്യം വളരെ വ്യത്യസ്തമാണെന്നും ദക്ഷിണാഫ്രിക്കൻ സര്‍വകലാശാലകളിലെ ബയോ ഇൻഫര്‍മാറ്റിക്സ് പ്രഫസർ ടുലിയോ ഡെ ഒളിവേര പ്രതികരിച്ചു.ദക്ഷിണാഫ്രിക്കയുടെ അയൽ രാജ്യമായ ബോട്‍സ്വാനയിൽ വാക്സീൻ സ്വീകരിച്ച ആളുകളിലാണു പുതിയ വൈറസ് വകഭേദം സ്ഥിരീകരിച്ചത്. നിലവിലെ സാഹചര്യത്തിൽ ദക്ഷിണാഫ്രിക്കയിൽനിന്നും അഞ്ച് അയൽ രാജ്യങ്ങളിൽനിന്നുമുള്ള വിമാന സർവീസുകൾ നിർത്തിവച്ചതായി യുകെ അറിയിച്ചു. ഹോങ്കോങ്ങിൽ കോവിഡ് ബാധിച്ചവരുടെ സമീപത്തെ മുറികളിൽ താമസിച്ചവരെ 14 ദിവസത്തെ ക്വാറന്റീനിൽ പാർപ്പിച്ച് ഉദ്യോഗസ്ഥർ നിരീക്ഷിച്ചു വരികയാണ്.

പുതിയ ജനിതക വ്യതിയാനങ്ങൾ വൈറസിനെ വാക്സീനെതിരെ കരുത്തരാക്കുമെന്നാണു വിദഗ്ധ ഭാഷ്യം. ബി.1.1.529 വൈറസിന് 50 ജനിതക വ്യതിയാനങ്ങൾ ഉണ്ടായിട്ടുണ്ടെന്നാണു നിഗമനം. ഇതിൽ മുപ്പതിലേറെ വ്യതിയാനങ്ങൾ സ്പൈക്ക് പ്രോട്ടീനുകളിൽ മാത്രമാണ്. നിലവിലുള്ള ഭൂരിഭാഗം വാക്സീനുകളും ലക്ഷ്യമിടുന്നത് വൈറസിലെ സ്പൈക് പ്രോട്ടീനെയാണ്.

പുതിയ വകഭേദത്തിന്റെ ജനിതക വ്യതിയാനത്തെക്കുറിച്ച് ആഴമേറിയ പഠനങ്ങൾ ആവശ്യമാണെന്ന് ലോകാരോഗ്യ സംഘടന പ്രതികരിച്ചു. പുതിയ വകഭേദത്തെ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും വെള്ളിയാഴ്ചത്തെ യോഗത്തിൽ വിഷയം കൂടുതൽ ചർച്ച ചെയ്യുമെന്നും ഡബ്ല്യുഎച്ച്ഒ അറിയിച്ചു.

പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തില്‍ രാജ്യാന്തര യാത്രക്കാർക്കുള്ള പരിശോധന ഇന്ത്യ ശക്തമാക്കി. ദക്ഷിണാഫ്രിക്ക, ഹോങ്കോങ്, ബോട്‌സ്വാന എന്നീ രാജ്യങ്ങളിൽനിന്നു വരുന്ന യാത്രക്കാർക്കുള്ള പരിശോധന കർശനമാക്കാനാണു കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നിർദേശം നൽകിയത്. കോവിഡ് പോസിറ്റീവ് ആകുന്ന യാത്രക്കാരുടെ സാംപിളുകൾ ഉടൻ തന്നെ ജീനോം സീക്വൻസിങ് ലാബുകളിലേക്കു അയച്ചിട്ടുണ്ടെന്നു ഉറപ്പാക്കണമെന്നു സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാർക്ക് അയച്ച കത്തിൽ കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ ആവശ്യപ്പെട്ടു.

Related posts

കുനിയിൽ ഇരട്ടക്കൊല: ലീ​ഗ് പ്രവർത്തകാരായ 12 പേർ കുറ്റക്കാർ

Aswathi Kottiyoor

സംസ്ഥാനത്ത് ഇടിമിന്നലും കാറ്റോടും കൂടിയ മഴ തുടരാന്‍ സാധ്യത.

Aswathi Kottiyoor

കണ്ണൂർ ജില്ലയിൽ നാളെ മഞ്ഞ അലർട്ട്

Aswathi Kottiyoor
WordPress Image Lightbox