പൊതുസ്ഥലങ്ങളിലും പാതയോരങ്ങളിലും അനധികൃതമായി നാട്ടിയ കൊടിമരങ്ങള്‍ നീക്കം ചെയ്തില്ലെങ്കില്‍ റവന്യു അധികൃതരും തദ്ദേശഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാരും ഭൂസംരക്ഷണ നിയമപ്രകാരമുള്ള നടപടികള്‍ നേരിടേണ്ടിവരുമെന്നു ഹൈക്കോടതി വ്യക്തമാക്കി.
പന്തളത്ത് മന്നം ആയുര്‍വേദ മെഡിക്കല്‍ കോളജിനു മുന്നിലെ അനധികൃത കൊടിമരങ്ങള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് കോളജ് മാനേജ്മെന്റ് നല്കിയ ഹര്‍ജിയില്‍ ജസ്റ്റീസ് ദേവന് രാമചന്ദ്രന്റെ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പൊതുസ്ഥലങ്ങളില്‍ അനധികൃതമായി കൊടിമരങ്ങള്‍ സ്ഥാപിച്ചിട്ടുള്ളവര്‍ക്ക് ഇവ നീക്കം ചെയ്യാന്‍ സിംഗിള്‍ ബെഞ്ച് നവംബര്‍ 24 വരെ സമയം നല്‍കിയിരുന്നു. ഇതിനായി പ്രചാരണം നല്കാന് സര്‍ക്കാരിനു നിര്‍ദേശവും നല്‍കിയിരുന്നു. ഇതിനു വ്യാപകമായി പ്രചാരണം നല്‍കിയെന്ന് ഇന്നലെ ഹര്‍ജി പരിഗണിച്ചപ്പോള്‍ സര്‍ക്കാര്‍ അഭിഭാഷകന് വിശദീകരിച്ചു.
ഇത്തരത്തില്‍ അനുവദിച്ച സമയം കഴിഞ്ഞു. പൊതുസ്ഥലങ്ങളില്‍ അനധികൃതമായി സ്ഥാപിച്ച കൊടിമരങ്ങള്‍ ഇനിയും നീക്കം ചെയ്യാത്തവര്‍ നടപടി നേരിടേണ്ടിവരും.
ഇക്കാര്യത്തില്‍ സ്വീകരിക്കുന്ന നടപടി വ്യക്തമാക്കാന്‍ അഡീ. അഡ്വക്കറ്റ് ജനറല്‍ ഹാജരാകുമെന്നും ഇതിനായി ഒരാഴ്ച കൂടി സമയം വേണമെന്നും സര്‍ക്കാര്‍ അഭിഭാഷകന് ആവശ്യപ്പെട്ടു. തുടര്‍ന്ന് ഹര്‍ജി ഡിസംബര്‍ രണ്ടിനു പരിഗണിക്കാന്‍ മാറ്റി.