സംസ്ഥാനത്തെ കാലഹരണപ്പെട്ട 218 നിയമങ്ങൾ പിൻവലിക്കാൻ മന്ത്രിസഭാ തീരുമാനം. ഇതുസംബന്ധിച്ച കേരള നിയമപരിഷ്കരണകമ്മീഷന്റെ 15-ാമത് റിപ്പോർട്ട് ഭേദഗതികളോടെ മന്ത്രിസഭ അംഗീകരിക്കുകയായിരുന്നു.
തിരുവിതാംകൂർ, തിരു-കൊച്ചി, മലബാർ, കൊച്ചി തുടങ്ങിയ പ്രദേശങ്ങൾക്ക് ബാധകമായിരുന്ന 37 നിയമങ്ങളും 181 നിയമഭേദഗതികളും കാലഹരണപ്പെട്ടതെന്നാണ് കമ്മീഷൻ ചൂണ്ടിക്കാട്ടിയിരുന്നത്. ഭേദഗതി നിയമങ്ങളിൽ പലതും പിന്നീട് നിയമത്തിന്റെ തന്നെ ഭാഗമായതായും കമ്മീഷൻ നിരീക്ഷിച്ചിരുന്നു.
മൃഗങ്ങളോടുള്ള ക്രൂരത തടയുന്നതിനുള്ള നിയമം, ദേവദാസി സന്പ്രദായം അവസാനിപ്പിക്കുന്നതിനുള്ള 1947ലെ നിയമം, 1975ലെ കേരള താല്കാലിക കടാശ്വാസ നിയമം, തിരുവിതാംകൂർ കൊട്ടാരത്തിൽ സ്ഥിരമായി നെല്ലും അരിയും നൽകണമെന്ന അവകാശം നിരോധിച്ചുകൊണ്ടുള്ള നിയമം, 2005ലെ കേരള വിനോദ സഞ്ചാര പ്രദേശങ്ങൾ സംരക്ഷിക്കൽ നിയമം, 1124 ലെ താലിയം വിളംബരം, തിരുവിതാംകൂർ കൊച്ചി വിനോദ നികുതി നിയമം തുടങ്ങിയവ കമ്മീഷൻ ചൂണ്ടിക്കാട്ടിയിരുന്ന നിയമങ്ങളിൽ ചിലതാണ്.
ഇത്തരം നിയമങ്ങൾ അവസാനിപ്പിക്കുന്നതിനായി കേരള റദ്ദാക്കലും ഒഴിവാക്കലും ബിൽ പാസാക്കണമെന്നാണ് കമ്മീഷൻ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നത്. കരടു ബില്ലുകൾ വിവിധ വകുപ്പുകളുടെ പരിഗണനയിലാണ്.