പൊതുമരാമത്ത് പ്രവൃത്തികളുടെ ന്യൂനത പരിഹരിക്കുന്നതിനുള്ള കാലയളവ് (ഡിഫക്ട് ലയബിലിറ്റി പീരീഡ്, ഡിഎൽപി) ഇനി വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തും. ഇതിന്റെ ഉദ്‌ഘാടനം ബുധൻ വൈകിട്ട് നാലിന് മാസ്കറ്റ് ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ നടൻ ഇന്ദ്രൻസ് നിർവഹിക്കും. പൊതുമരാമത്ത്മന്ത്രി പി എ മുഹമ്മദ് റിയാസ് പങ്കെടുക്കും.
ഡിഎൽ പിരീഡിലുള്ള പ്രവൃത്തി, കരാറുകാരൻ, കരാറുകാരന്റെ ഫോൺ നമ്പർ എന്നിവ സൈറ്റിൽ ഉണ്ടാകും. ചുമതലപ്പെട്ട ഉദ്യോഗസ്ഥൻ, ഉദ്യോഗസ്ഥന്റെ ഫോൺ നമ്പർ എന്നിവയും ലഭ്യമാക്കും.
കാലയളവിനിടെ പ്രവൃത്തികളിൽ അപാകത ശ്രദ്ധയിൽപ്പെട്ടാൽ കരാറുകാരനെയോ ഉദ്യോഗസ്ഥനെയോ ജനങ്ങൾക്ക് അറിയിക്കാം. ഡി എൽ പി സമയക്രമവും പ്രവൃത്തിക്കൊപ്പം ചേർക്കും. രണ്ടാംഘട്ടമായി ഡി എൽ പിരീഡിലുള്ള പ്രവൃത്തികളുടെ വിശദാംശങ്ങൾ അതത് സ്ഥലങ്ങളിൽ ബോർഡിൽ പ്രദർശിപ്പിക്കും