23.1 C
Iritty, IN
July 7, 2024
  • Home
  • Kerala
  • വന്യജീവി ആക്രമണം: ഇക്കൊല്ലം 64 മരണം; കർഷകർക്കു റബർ ബുള്ളറ്റ് നൽകിയേക്കും.
Kerala

വന്യജീവി ആക്രമണം: ഇക്കൊല്ലം 64 മരണം; കർഷകർക്കു റബർ ബുള്ളറ്റ് നൽകിയേക്കും.

സംസ്ഥാനത്ത് ഈ വർഷം ജനുവരി മുതൽ ഇതുവരെ വന്യജീവി ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത് 64 പേർ. ഏറ്റവും പുതിയ വിവരങ്ങൾ ഉൾപ്പെടുത്തി കർഷക സംഘടനകൾ ചൂണ്ടിക്കാട്ടുന്ന കണക്കാണിത്. അതേസമയം, ഈവർഷം ഇതുവരെ 52 മരണങ്ങളാണു വനംവകുപ്പ് സ്ഥിരീകരിച്ചിരിക്കുന്നത്. ഏതു ജീവിയുടെ ആക്രമണത്തിലാണു മരണമെന്ന ഇനം തിരിച്ചുള്ള കണക്കും വകുപ്പു തയാറാക്കിയിട്ടുണ്ട്. ഏറ്റവും കൂടുതൽ മരണം കാട്ടാന ആക്രമണത്തിലാണ് – 25. പാമ്പുകടിയേറ്റ് 22 പേർ മരിച്ചു. കാട്ടുപന്നി, കാട്ടുപോത്ത് എന്നിവ മൂലമുള്ള മരണവും പട്ടികയിലുണ്ട്. മയിൽ റോഡിലേക്കു ചാടിയതിനെത്തുടർന്നുള്ള ഇരുചക്ര വാഹ‍നാപകടത്തിലായിരുന്നു ഒരു മരണം.
തൃശൂർ, വയനാട്, പാലക്കാട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണു പ്രശ്നം രൂക്ഷം. പാമ്പുകടിയേറ്റുള്ള മരണം ഏറ്റവും കൂടുതൽ പാലക്കാട് ജില്ലയിലാണ്– 10 വർഷത്തിനിടെ 192 മരണം. കണ്ണൂരിൽ 85 പേരും മലപ്പുറത്ത് 79 പേരും ആലപ്പുഴയിൽ 51 പേരും പാമ്പുക‍ടിയേറ്റു മരിച്ചു.

2008 മുതൽ ഇതുവരെ 1310 വന്യജീവി ആക്രമണ മരണങ്ങളാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്തത്. ഇതിൽ 729 മരണവും പാമ്പുകടി‍യേ‍റ്റായിരുന്നു. വിവിധ വന്യജീവി ആക്രമണങ്ങളിലായി 4397 പേർക്കു പരുക്കേറ്റു.

വന്യജീവി ആക്രമണങ്ങൾ കൂടിയതോടെ നഷ്ടപരിഹാര അപേക്ഷകളും കൂടി. 2009–10ൽ 2922 അപേക്ഷകളാണു വനം വകുപ്പിനു ലഭിച്ചതെങ്കിൽ ഈ വർഷം ഇതുവരെ 10,095 അപേക്ഷകൾ കിട്ടി.

വന്യജീവി ആക്രമണങ്ങൾക്കെതിരെ വനം വകുപ്പ് നടപടിയെടുത്തിട്ടും മരണസംഖ്യ ഉയരുന്നത് ആശങ്ക കൂട്ടുന്നു. കിടങ്ങുകൾ കുഴിച്ചും വേലി കെട്ടിയും വന്യജീവികളെ പ്രതിരോധിക്കാനുള്ള നടപടികൾ ഫലവത്തായിട്ടി‍ല്ലെന്നാണ് ആക്രമണങ്ങളുടെ വർധന സൂചിപ്പിക്കുന്നത്.ആനയ്ക്കെതിരെ റബർ ബുള്ളറ്റ് പരിഗണനയിൽ

കാട്ടാനകളെ തുരത്താ‍ൻ കർഷകർക്കു റബർ ബുള്ളറ്റ് നൽകുന്നതു വനം വകുപ്പിന്റെ ആലോചനയിൽ. മന്ത്രി എ.കെ.ശശീന്ദ്രനുമായുള്ള ചർച്ചയിലാണു വയ‍നാട്ടിലെ കർഷകർ ഈ ആവശ്യം ഉന്നയിച്ചത്. കുരങ്ങുകളെയും ഇങ്ങനെ ഓടിക്കാനാകുമെന്നു കർഷകർ പറയുന്നു. പാലക്കാട്ടെ കർഷകരും ഇതേ ആവശ്യം ഉന്നയിച്ചിട്ടുണ്ട്.

Related posts

പഠനത്തോടൊപ്പം പണിയെടുക്കുക, സമ്പാദിക്കുക: പദ്ധതിയുമായി ഗതാഗത വകുപ്പ്

Aswathi Kottiyoor

അന്താരാഷ്ട്ര പുസ്തകോത്സവം: വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും മത്സരങ്ങൾ

Aswathi Kottiyoor

സിനിമാ ഷൂട്ടിങ്ങിനിടെ സംഘർഷം; നടൻ ഷൈൻ ടോം ചാക്കോ മർദിച്ചെന്ന് പരാതി.

Aswathi Kottiyoor
WordPress Image Lightbox