സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ രാജ്ഭവനിൽ സന്ദർശിച്ച് ചർച്ച നടത്തി. തദ്ദേശ സ്ഥാപനങ്ങളിലേക്ക് കഴിഞ്ഞ ഡിസംബറിൽ നടന്ന പൊതു തിരഞ്ഞെടുപ്പിനു ശേഷം കമ്മീഷൻ സ്വീകരിച്ച നടപടികൾ വിശദീകരിക്കുകയും ഇത് സംബന്ധിച്ച് റിപ്പോർട്ട് നൽകുകയും ചെയ്തു.
തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ ഡിജിറ്റലൈസ് ചെയ്യുന്നതിന് കേരള ഡിജിറ്റൽ യൂണിവേഴ്‌സിറ്റിയുമായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ധാരണാപത്രം ഒപ്പുവച്ചിട്ടുണ്ട്. വോട്ടർപട്ടിക കുറ്റമറ്റതാക്കുക, പോളിങ്ങ് ഉദ്യോഗസ്ഥരുടെ ജോലി ക്രമീകരണം സാങ്കേതിക വിദ്യയുടെ സഹായത്തോടെ ലളിതമാക്കുക, വോട്ടെടുപ്പ് രീതി സമ്മതിദായക സഹായകമാക്കുക, തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സ്ഥിതിവിവര കണക്കുകൾ വിശകലനം ചെയ്ത് തുടർനടപടികൾ സ്വീകരിക്കുക തുടങ്ങിയ കാര്യങ്ങൾ വിശദീകരിച്ചു.
വിവരസാങ്കേതിക വകുപ്പിന്റെയും തദ്ദേശഭരണ വകുപ്പിന്റെയും സഹായത്തോടെ തദ്ദേശ സ്ഥാപനങ്ങളുടെ വാർഡ് അടിസ്ഥാനത്തിലുള്ള ഡിജിറ്റൽ ഭൂപടം തയ്യാറാക്കുന്ന പ്രക്രിയ നടന്നുവരികയാണ്. നിയമ വിദ്യാർത്ഥികൾക്കായുള്ള ഇന്റേൺഷിപ്പ് പ്രോഗ്രാമിനുള്ള മാനദണ്ഡങ്ങൾ പുതുക്കിയിട്ടുണ്ട്. കൂറുമാറ്റം സംബന്ധിച്ച കേസുകൾ സമയബന്ധിതമായി തീർപ്പാക്കുന്നതിന് നേരിട്ടുള്ള ഹിയറിംഗ് കമ്മീഷൻ ആരംഭിച്ചതായും ഗവർണറെ അറിയിച്ചു.
കമ്മീഷണറോടൊപ്പം സെക്രട്ടറി എ. സന്തോഷും പ്രൈവറ്റ് സെക്രട്ടറി കെ.വി. മുരളീധരനും ഉണ്ടായിരുന്നു.