സംസ്ഥാന ജീവനക്കാരെ തൊഴില്‍സ്വഭാവത്തിന്റെ അടിസ്ഥാനത്തില്‍ ആറു തട്ടിലാക്കാനുള്ള ഭരണപരിഷ്‌കാര കമ്മിഷന്റെ ശുപാര്‍ശ സര്‍ക്കാര്‍ തത്ത്വത്തില്‍ അംഗീകരിച്ചു. ഭരണപരിഷ്‌കാരം, ധനകാര്യം, ആസൂത്രണം എന്നീ വകുപ്പുകളുടെ അഡീഷണല്‍ ചീഫ് സെക്രട്ടറിമാരുമായി കൂടിയാലോചിച്ച് പ്രായോഗികത അറിയിക്കാന്‍ മന്ത്രിസഭായോഗം ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.
ഇതുവരെ ശമ്പള സ്‌കെയിലിന്റെ അടിസ്ഥാനത്തിലാണ് വിഭജിച്ചിരുന്നത്. കാര്യക്ഷമത വര്‍ധിപ്പിക്കാന്‍ ജീവനക്കാര്‍ക്കെല്ലാം പരിശീലനം നല്‍കുന്നതിന്റെ ഭാഗമായാണ് പുതിയ വിഭജനം. കേന്ദ്രസര്‍ക്കാരിന്റേതിനു സമാനമായി സംസ്ഥാനത്തും ഉത്തരവാദിത്വ ഭരണ പരിശീലനം ആരംഭിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ അധ്യക്ഷനായ ഭരണപരിഷ്‌കാര കമ്മിഷന്റെ ശുപാര്‍ശ അനുസരിച്ചാണിത്.
പി.എസ്.സി.യില്‍നിന്നു നിയമന ശുപാര്‍ശ ലഭിച്ച ഉടന്‍ ജോലിയില്‍ കയറുന്നു. പ്രാഥമിക പരിശീലനംപോലും ലഭിക്കുന്നില്ല. പിന്നീട് മുതിര്‍ന്ന ഉദ്യോഗസ്ഥരാണ് പലപ്പോഴും പരിശീലനം നല്‍കുന്നത്. അവരുടെ രീതികളാണ് സ്വാധീനിക്കുന്നതും. ഈ സമ്പ്രദായം മാറ്റുകയാണ് ലക്ഷ്യം.
പരിശീലനത്തിലും പരീക്ഷയിലും വിജയിക്കുന്നവര്‍ക്കായിരിക്കും ഉദ്യോഗക്കയറ്റം. അഞ്ചോ അതിലധികമോ ഗ്രേഡ് നേടാത്തവര്‍ക്ക് മികവ് ആര്‍ജിക്കുന്നതുവരെ തുടര്‍പരിശീലനം നല്‍കും. പരിശീലകരുടെ പുതിയ തസ്തികകള്‍ സൃഷ്ടിക്കില്ല.
അതത് മേഖലകളില്‍ സര്‍ക്കാരിനു പുറത്തുള്ള പ്രഗല്ഭരെ നിയോഗിക്കും. ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പിന്റെ കീഴില്‍ പ്രത്യേക പരിശീലനവിഭാഗം രൂപവത്കരിക്കും. പല വകുപ്പുകളില്‍നിന്നും ജീവനക്കാരെ ഇവിടേക്ക് പുനര്‍വിന്യസിക്കും. ഓണ്‍ലൈന്‍ പോര്‍ട്ടലും ആരംഭിക്കും. ആദ്യഘട്ട പരിശീലനം പൂര്‍ത്തിയാക്കിയവരെ മാത്രമേ ഗസറ്റഡ് തസ്തികയിലേക്ക് പരിഗണിക്കൂ. രണ്ടാംഘട്ട പരിശീലനം പൂര്‍ത്തിയാക്കിയവരെ മധ്യ മാനേജ്മെന്റ് തലത്തിലേക്കും സ്ഥാനക്കയറ്റത്തിന് പരിഗണിക്കും. ഗസറ്റഡ്, മധ്യ മാനേജ്മെന്റ് തലത്തിലേക്ക് നേരിട്ട് നിയമിതരായവര്‍ക്ക് പ്രാരംഭംമുതല്‍ അതത് ഘട്ടത്തിലുള്ള പരിശീലനം ഒരുമിച്ച് നല്‍കും. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇന്‍ ഗവണ്‍മെന്റ് (ഐ.എം.ജി.) ആയിരിക്കും സംസ്ഥാനതലത്തിലെ അപെക്‌സ് പരിശീലന കേന്ദ്രം.
ജീവനക്കാരെ ആറുതട്ടിലാക്കും; ശുപാര്‍ശ അംഗീകരിച്ച് സര്‍ക്കാര്‍
സപ്പോര്‍ട്ടിങ് സ്റ്റാഫ്: ഡ്രൈവര്‍, ഓഫീസ് അറ്റന്‍ഡന്റ്, ഡേറ്റാ എന്‍ട്രി തുടങ്ങി ഓഫീസ് ജോലികളില്‍ സഹായികളായി പ്രവര്‍ത്തിക്കുന്നവര്‍
കട്ടിങ് എഡ്ജ്: സര്‍വീസിന്റെ തുടക്കത്തില്‍ ജനങ്ങളുമായി നേരിട്ട് ഇടപെടേണ്ടിവരുന്ന വില്ലേജ് ഓഫീസര്‍ മുതലായ തസ്തികകളും ക്ലറിക്കല്‍ ജോലി ചെയ്യുന്നവരും
സൂപ്പര്‍വൈസറി: സെക്ഷന്‍ ഓഫീസര്‍മാര്‍, സീനിയര്‍ അസിസ്റ്റന്റുമാര്‍ തുടങ്ങി മേല്‍നോട്ടം വഹിക്കുന്നവര്‍
ലോവര്‍ മാനേജ്മെന്റ്: അണ്ടര്‍ സെക്രട്ടറി, സമാന തസ്തികയിലുള്ളവര്‍
മിഡില്‍ മാനേജ്മെന്റ്: ഡെപ്യൂട്ടി സെക്രട്ടറി, അഡീഷണല്‍ സെക്രട്ടറി, വകുപ്പുകളില്‍ ഇവര്‍ക്ക് തുല്യ തസ്തികയിലുള്ളവര്‍
സീനിയര്‍ മാനേജ്മെന്റ്: സ്‌പെഷല്‍ സെക്രട്ടറി തലത്തിലുള്ളവര്‍. (ഐ.എ.എസുകാരെ ഈ വിഭജനത്തില്‍ പരിഗണിച്ചിട്ടില്ല)