22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • സംവരണത്തെ വൈകാരികമാക്കുന്നവർ യഥാർഥ പ്രശ്‌നത്തിൽനിന്നു ശ്രദ്ധ തിരിക്കുന്നു: മുഖ്യമന്ത്രി.
Kerala

സംവരണത്തെ വൈകാരികമാക്കുന്നവർ യഥാർഥ പ്രശ്‌നത്തിൽനിന്നു ശ്രദ്ധ തിരിക്കുന്നു: മുഖ്യമന്ത്രി.

സംവരണത്തെ വൈകാരിക പ്രശ്‌നമാക്കി ജനങ്ങളെ ഭിന്നിപ്പിക്കാൻ നോക്കുന്നവർ യഥാർഥ പ്രശ്‌നത്തിൽ നിന്നു ശ്രദ്ധ തിരിച്ചുവിടുകയാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഏതെങ്കിലും വിഭാഗത്തിന് ആനുകൂല്യങ്ങൾ ലഭിക്കുന്നതാണു തങ്ങൾക്കു കിട്ടാത്തതിനു കാരണമെന്നു വാദിക്കുന്നതു ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളുടെ കമ്മിഷൻ നടത്തുന്ന സാമൂഹിക സാമ്പത്തിക സർവേയുടെയും ഇതിനായി കുടുംബശ്രീ അംഗങ്ങൾക്കുള്ള പരിശീലനത്തിന്റെയും ഉദ്ഘാടനം ഓൺലൈനിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.

സംവരണ വിഭാഗങ്ങളും സംവരണേതര വിഭാഗങ്ങളും തമ്മിലെ സംഘർഷമല്ല, പരസ്പരം യോജിച്ച് സാമൂഹികവും സാമ്പത്തികവുമായ അവശതയ്ക്ക് എതിരായ പൊതുസമരനിരയാണു വേണ്ടത്. സംവരണേതര വിഭാഗത്തിലെ ഒരു കൂട്ടർ പരമദരിദ്രർ ആയതിനാലാണു 10% സംവരണം നടപ്പാക്കിയത്. പട്ടികജാതി–വർഗക്കാർക്കും മറ്റു പിന്നാക്ക വിഭാഗങ്ങൾക്കും സർക്കാർ ജോലിയിൽ നിലവിലുള്ള 50% സംവരണത്തെ അട്ടിമറിച്ചല്ല ഇത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് സംവരണം നൽകുന്നതിൽ സംസ്ഥാനങ്ങൾക്ക് അതത് ഇടങ്ങളിലെ സാഹചര്യങ്ങൾ അനുസരിച്ച് മാനദണ്ഡങ്ങളിൽ മാറ്റങ്ങൾ വരുത്താമെന്നു കേന്ദ്രസർക്കാർ ഉത്തരവിറക്കിയിട്ടുണ്ട്. അതനുസരിച്ച് റിട്ട. ജഡ്ജി കെ. ശശിധരൻ നായർ അധ്യക്ഷനായ കമ്മിറ്റി, കേരളത്തിലെ സാഹചര്യങ്ങളുടെ അടിസ്ഥാനത്തിൽ ശുപാർശകൾ മുന്നോട്ടുവച്ചു.

സംവരണേതര വിഭാഗങ്ങളായി അംഗീകരിക്കപ്പെട്ട 164 വിഭാഗക്കാർ അഭിമുഖീകരിക്കുന്ന സാമൂഹിക-സാമ്പത്തിക പ്രശ്നങ്ങൾ പഠിക്കാനും അതിന്റെ അടിസ്ഥാനത്തിൽ അവർക്കു ലഭിക്കേണ്ട ആനുകൂല്യങ്ങൾ സംബന്ധിച്ച ശുപാർശകൾ പരിഗണിക്കാനുമാണ് സർവേ. ഇവർ നിലവിൽ അനുഭവിക്കുന്ന ആനുകൂല്യങ്ങളൊന്നും ഇല്ലാതാകില്ല. പൂർണ സമ്മതത്തോടെ മാത്രമേ ആളുകൾ സർവേയിൽ പങ്കെടുക്കേണ്ടതുള്ളൂ എന്നും മുഖ്യമന്ത്രി പറഞ്ഞു.

അരി വെന്തുവോ എന്നു നോക്കാൻ എല്ലാ വറ്റും കഴിച്ചു നോക്കേണ്ടതില്ലെന്നും അതിനാൽ വാർഡിലെ 5 കുടുംബങ്ങളെ മാത്രം സർവേ നടത്തുന്നതിൽ തെറ്റില്ലെന്നും വേദിയിൽ അധ്യക്ഷനായിരുന്ന മന്ത്രി ആന്റണി രാജു അഭിപ്രായപ്പെട്ടു. പിണറായി സർക്കാർ പ്രഖ്യാപിച്ചതു കൊണ്ടു മാത്രം സർവേയോടു മുഖം തിരിഞ്ഞു നിൽക്കുന്നതു ശരിയാണോ എന്നു ബന്ധപ്പെട്ടവർ ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി എം.വി.ഗോവിന്ദൻ ഓൺലൈനായി അധ്യക്ഷപ്രസംഗം നടത്തി.

ഒരു വാർഡിലെ 5 കുടുംബങ്ങളുടെ മാത്രം അവസ്ഥയെടുത്താൽ കഷ്ടപ്പാട് അനുഭവിക്കുന്നവരുടെ നേർരൂപം കിട്ടില്ലെന്ന് ആരോപിച്ചും കുടുംബശ്രീയെ സർ‌വേച്ചുമതല ഏൽപിച്ചതിൽ പ്രതിഷേധിച്ചും എൻഎസ്എസ് ചടങ്ങ് ബഹിഷ്കരിച്ചു.

കമ്മിഷൻ ചെയർമാൻ ജസ്റ്റിസ് എം.ആർ.ഹരിഹരൻ നായർ, അംഗങ്ങളായ എം.മനോഹരൻ പിള്ള, എ.ജി.ഉണ്ണികൃഷ്ണൻ, മെംബർ സെക്രട്ടറി കെ.ജ്യോതി, പൊതുഭരണ പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാൽ എന്നിവർ പ്രസംഗിച്ചു

Related posts

കോവാക്സിന് ഡബ്ല്യുഎച്ച്ഒ അംഗീകാരം രണ്ടാഴ്ചയ്ക്കകം.

Aswathi Kottiyoor

മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ്‌നാട് മുഖ്യമന്ത്രി എം. കെ. സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി

Aswathi Kottiyoor

കോവിഡ് കിറ്റ്: റേഷൻ കടക്കാർക്ക് കമീഷൻ നൽകാൻ സുപ്രീംകോടതി ഉത്തരവ്

Aswathi Kottiyoor
WordPress Image Lightbox