27.7 C
Iritty, IN
July 3, 2024
  • Home
  • Kerala
  • ഓൺലൈനിൽ ഭൂനികുതി അടയ്ക്കാൻ കഴിയാതെ ഉടമകൾ
Kerala

ഓൺലൈനിൽ ഭൂനികുതി അടയ്ക്കാൻ കഴിയാതെ ഉടമകൾ

ഭൂനികുതി ഓൺലൈനിൽ അടയ്ക്കാൻ കഴിയാതെ വില്ലേജ് ഓഫിസുകളിൽ കയറിയിറങ്ങി ആയിരക്കണക്കിനു ഭൂവുടമകൾ. റവന്യു വകുപ്പിന്റെ ഇ പേയ്മെന്റ് പോർട്ടലിൽ ഇനിയും വിവരങ്ങൾ ഉൾപ്പെടുത്തത്താതാണ് ഇവരുടെ ദുർഗതി. അക്ഷയ കേന്ദ്രങ്ങളിൽ നികുതി അടയ്ക്കാനും വിവരങ്ങൾ ഡിജിറ്റൈസ് ചെയ്യണം. ഭൂവിവരങ്ങളുടെ ഡേറ്റ എൻട്രി മെല്ലെപ്പോക്കിലും.

സംസ്ഥാനത്തെ മുഴുവൻ വില്ലേജുകളും ഓൺലൈനായി എന്നു സർക്കാർ അവകാശപ്പെടുന്നെങ്കിലും കൃത്യത ഉറപ്പാക്കിയുള്ള വൺ ടൈം വെരിഫിക്കേഷൻ നടപടി 40 ലക്ഷത്തിൽ പരം റവന്യു രേഖകളിൽ പൂർത്തിയായിട്ടില്ല. പഴയ പോലെ കരം രസീത് എഴുതി നൽകാൻ ലാൻഡ് റവന്യു കമ്മിഷണർ അനുവദിച്ചിട്ടില്ലാത്തതിനാൽ അങ്ങനെയും നികുതി ഒടുക്കാനാകില്ല. ഓൺലൈനായി നികുതി അടയ്ക്കുന്നതു പ്രോത്സാഹിപ്പിക്കുന്നതിന്റെ പേരിലാണു നിർദേശമെങ്കിലും ജനം പല തവണ ഓഫിസുകളിൽ എത്തി മടങ്ങുകയാണ്. ക്രമക്കേടുകൾ ഒഴിവാക്കാൻ പല വില്ലേജുകളിലെയും നികുതി രസീത് ബുക്കുകൾ ഇപ്പോൾ താലൂക്ക് ഓഫിസിലാണു സൂക്ഷിക്കുന്നത്.

നികുതി അടയ്ക്കാത്തതു കാരണം പല വില്ലേജുകളിലും സ്ഥലം വിൽപനയും കൈമാറ്റവും സ്തംഭിച്ച അവസ്ഥയിലാണ്. സർട്ടിഫിക്കറ്റുകൾ ലഭിക്കാത്ത സ്ഥിതിയുമുണ്ട്. ഡേറ്റ എൻട്രി ചെയ്തതിലെ തെറ്റു തിരുത്താനും വില്ലേജ് ഓഫിസുകളിൽ എത്തുന്നവരുണ്ട്. റീസർവേ നടന്ന ഭൂമിയിൽ ആദ്യമായി കരം അടയ്ക്കാൻ വരുന്നവരാണെങ്കിൽ നൂലാമാലകൾ അതിലേറെ. കോവിഡ് സാഹചര്യം പറ‍ഞ്ഞാണ് മുൻപു വില്ലേജ് ഓഫിസുകളിൽ നിന്നു ജനത്തെ മടക്കി അയച്ചിരുന്നതെങ്കിൽ ഡേറ്റ എൻട്രി ചെയ്യാൻ ആളില്ലെന്നാണ് ഇപ്പോഴത്തെ ഒഴിവുകഴിവ്.

നിലവിൽ ഡേറ്റ എൻട്രി ചെയ്ത് ഓൺലൈൻ സംവിധാനത്തിൽ ലഭ്യമായിട്ടുള്ള റെക്കാർഡുകൾ, വില്ലേജ് ഓഫിസർമാർ കടലാസു രേഖകളുമായി ഒത്തുനോക്കി കൃത്യമാക്കണം. ഇതുവരെയുള്ള അടിസ്ഥാന ഭൂനികുതി, കർഷകത്തൊഴിലാളി ക്ഷേമനിധി എന്നിവയിലെ കുടിശിക സംബന്ധിച്ച വിവരങ്ങൾ റവന്യു ലാൻഡ് ഇൻഫർമേഷൻ സിസ്റ്റത്തിൽ (റെലിസ്) ഉൾപ്പെടുത്തുന്നതും വൺ ടൈം വെരിഫിക്കേഷന്റെ ഭാഗമാണ്. ഇങ്ങനെ ചെയ്താലേ എല്ലാ ഭൂവുടമകൾക്കും റവന്യു ഇ പേയ്മെന്റ് പോർട്ടൽ വഴി ഭൂനികുതി അടയ്ക്കാനാകൂ.

വില്ലേജ് അസിസ്റ്റന്റിന് ഓൺലൈൻ നിഷിദ്ധം

വില്ലേജ് ഫീൽഡ് അസിസ്റ്റന്റു(വിഎഫ്എ)മാർക്ക് ഭൂകരം രസീത് ബുക്കിൽ എഴുതാൻ അനുവാദം നൽകിയിരുന്നെങ്കിലും ഓൺലൈൻ ഭൂരേഖകൾ കൃത്യമാക്കാനും കരം ഒടുക്കൽ അംഗീകരിക്കാനും അനുവാദമില്ല. വില്ലേജ് ഓഫിസർമാരുടെ യൂസർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് ഓൺലൈൻ കരം രസീതിന്റെ പ്രിന്റ് എടുത്ത് കൊടുക്കുന്ന ജോലിയാണ് ഇവർ ഇപ്പോൾ ചെയ്യുന്നത്. ഡേറ്റ എൻട്രി ഓപ്പറേറ്റർമാർക്കുള്ള അധികാരം പോലും വിഎഫ്എമാർക്ക് ഇല്ലെന്നാണു പരാതി. വിഎഫ്എമാരെ എൽഡി ക്ലാർക്ക് ആക്കി ഉയർത്താൻ 2017ൽ റവന്യു വകുപ്പ് ശുപാർശ ചെയ്തെങ്കിലും 364 തവണ പലയിടത്തായി കറങ്ങി നടന്ന ഫയൽ ധനവകുപ്പ് നിരസിച്ചു.

നിലവിലെ ശമ്പള സ്കെയിലിനെക്കാൾ സാമ്പത്തികനേട്ടം ഇവരെ ക്ലാർക്കായി മാറ്റും വഴി ഉണ്ടാകുമെന്നു റവന്യു വകുപ്പ് നൽകിയ കുറിപ്പോടെ ഫയൽ വീണ്ടും ധനവകുപ്പിനു മുന്നിലുണ്ട്.

Related posts

കേരള പോലീസിന് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്‍റെ അവാര്‍ഡ്

Aswathi Kottiyoor

കടക്കെണി: 2 വർഷത്തിനിടെ രാജ്യത്ത് 10,897 കർഷക ആത്മഹത്യ

Aswathi Kottiyoor

വ്യവസായവകുപ്പ് കുതിക്കുന്നു: 8 മാസം, സംരംഭകരായി 35,000 വനിതകള്‍

Aswathi Kottiyoor
WordPress Image Lightbox