തുടർച്ചയായ മഴ, പ്രളയം എന്നീ സാഹചര്യത്തിൽ അതിവേഗ റെയിലിന്റെ ഘടനയിൽ കൂടുതൽ മാറ്റംവരുത്തേണ്ടിവരുമെന്ന് സൂചന. നേരത്തേ നീതി ആയോഗ് കെ-റെയിലിനോട് ഇക്കാര്യം ഉന്നയിച്ചിരുന്നു. തൂണുകളിൽ ഉറപ്പിക്കുംവിധമുള്ള ആകാശപ്പാത കൂടുതൽ ദൂരത്തേക്ക് പരിഗണിക്കുമോ എന്നതാണ് അറിയാനുള്ളത്. അധികച്ചെലവ് പരിഗണിച്ച് സംസ്ഥാനം ഇതിനോട് താത്പര്യം കാണിച്ചിരുന്നില്ല. ഇരുവശത്തുമായി 800 കിലോമീറ്റർ ഭിത്തി നിർമിക്കേണ്ടി വരുന്നത് ഒഴിവാക്കാൻ തൂണുകളിൽ ഉറപ്പിച്ച ആകാശപ്പാതയല്ലേ നല്ലതെന്നായിരുന്നു നീതി ആയോഗ് ചോദിച്ചിരുന്നത്.
292.7 കിലോമീറ്ററിൽ സാധാരണ പ്രതലത്തിലൂടെയും 101 കിലോമീറ്ററിൽ മലയും െചരിവും ഇടിച്ചെടുത്ത പ്രതലത്തിലൂടെയുമാണ് പാളം കടന്നുപോകുന്നത്. കെ-റെയിലിന്റെ ഇപ്പോഴത്തെ തീരുമാനമനുസരിച്ച് തൂണുകളിലെ പാത 88 കിലോമീറ്റർ മാത്രമാണ്. ദക്ഷിണ റെയിൽവേ നൽകിയ റിപ്പോർട്ടുകളിൽ 140 കിലോമീറ്റർ ദൂരത്ത് പാടങ്ങളിലൂടെയാണ് പാത പോകുന്നത്. ഇൗ സാഹചര്യത്തിൽ അന്തിമ രൂപരേഖ തയ്യാറാക്കുമ്പോൾ തൂണിലെ ആകാശപ്പാതയുടെ ദൂരം കൂട്ടേണ്ടിവന്നേക്കാം.
തീവണ്ടിപ്പാത ഉറപ്പിക്കുന്നത് എട്ട് മീറ്റർ പൊക്കമുള്ള പ്രതലത്തിലാണ്. ഇതിന് വെളിയിലായി എട്ട് മീറ്റർ വരെ ഉയരത്തിൽ സംരക്ഷണ ഭിത്തിയുമുണ്ടാകും. അതിന് മീതെയുള്ള അഞ്ച് മീറ്റർവരെ പൊക്കമുള്ള സുരക്ഷാഭിത്തിയും ചേർന്ന് 13 മുതൽ 15 വരെ മീറ്റർ പൊക്കത്തിലാണ് നെടുകെ മതിൽ വരിക. 400 കിലോമീറ്ററിൽ ഇൗ മതിൽ വരുന്നത് വലിയ പാരിസ്ഥിതികാഘാതം ഉണ്ടാക്കുമെന്നാണ് ആശങ്ക.
ഓരോ അരക്കിലോമീറ്ററിലും വെള്ളം ഒഴിഞ്ഞുപോകാൻ കലുങ്കുകൾ ഉണ്ടാകുമെന്നാണ് രൂപരേഖയിൽ പറയുന്നത്. കാലാവസ്ഥാ വ്യതിയാനത്തിന്റെ സാഹചര്യത്തിൽ ഇത് മതിയാകുമോ എന്നാണ് ആശങ്ക. പദ്ധതി കേരളത്തെ വലിയ വെള്ളപ്പൊക്കത്തിലേക്ക് എത്തിക്കുമെന്ന് മീനച്ചിലാർ സംരക്ഷണത്തിന് പ്രവർത്തിക്കുന്ന പ്രൊഫ. എസ്. രാമചന്ദ്രൻ പറഞ്ഞു.
ഭൂപ്രതലത്തിൽ എട്ട് മീറ്റർ പൊക്കത്തിൽ മണ്ണിട്ടുറപ്പിച്ച് പാത നിർമിക്കുമ്പോൾ മതിലടക്കം 40 ലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിലുള്ള നിർമാണ പ്രവർത്തനമാണ് വേണ്ടിവരിക. 374 മേൽപ്പാലം, അവയുടെ അനുബന്ധ കെട്ടുകൾ, 420 അടിപ്പാതകൾ, അനുബന്ധ നിർമിതികൾ എന്നിവ മാത്രം 35 ലക്ഷം ചതുരശ്ര മീറ്റർ വരും.
റെയിൽവേ നിർമിതിയെന്ന നിലയിൽ മുൻകൂർ പരിസ്ഥിതി അനുമതി വേണ്ടെന്നാണ് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം ട്രിബ്യൂണലിൽ നൽകിയ സത്യവാങ്മൂലം. പദ്ധതിക്കായി നടത്തിയ പ്രാഥമിക പാരിസ്ഥിതിക പഠനം പറയുന്നത് കഴിഞ്ഞ 100 വർഷത്തെ പ്രളയനില പഠിച്ചിട്ടാണ് പാലങ്ങളും അടിപ്പാതകളും രൂപകല്പന ചെയ്തതെന്നാണ്.