26.1 C
Iritty, IN
November 22, 2024
  • Home
  • Kerala
  • പശ്ചിമഘട്ട മേഖലയിലെ നീർച്ചാൽ ശൃംഖലകൾ പുനരുജ്ജീവിപ്പിക്കും : മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ
Kerala

പശ്ചിമഘട്ട മേഖലയിലെ നീർച്ചാൽ ശൃംഖലകൾ പുനരുജ്ജീവിപ്പിക്കും : മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

കാലവർഷക്കെടുതിയും ഉരുൾപൊട്ടൽ ഭീഷണിയും നേരിടുന്ന പശ്ചിമഘട്ട മേഖലയിലെ എല്ലാ നീർച്ചാൽ ശൃംഖലകളും ശുചിയാക്കി സുഗമമായ നീരൊഴുക്ക് വീണ്ടെടുത്ത് പുനരുജ്ജീവിപ്പിക്കാൻ നടപടി സ്വീകരിക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. ഹരിതകേരളം മിഷൻ കർമ്മസമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ഹരിതകേരളം മിഷൻ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടേയും ഏജൻസികളുടേയും സഹകരണത്തോടെ സംഘടിപ്പിച്ചുവരുന്ന നീർച്ചാൽ ശുചീകരണ യജ്ഞം ‘ഇനി ഞാനൊഴുകട്ടെ” കാമ്പയിന്റെ ഭാഗമായി ജനകീയ പങ്കാളിത്തത്തോടെയാണ് നീർച്ചാൽ ശൃംഖലകൾ പുനരുജ്ജീവിപ്പിക്കുന്ന പദ്ധതി നടപ്പിലാക്കുകയെന്ന് മന്ത്രി വ്യക്തമാക്കി.
തദ്ദേശ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്ന ഹരിതകർമ്മസേനകളുടെ അജൈവ പാഴ്വസ്തു ശേഖരണ പ്രക്രിയ ഊർജ്ജിതമാക്കാൻ ഹരിതകേരളം മിഷനും ശുചിത്വ മിഷനും വിവിധ വകുപ്പുകളുടേയും സംസ്ഥാന ഐ.ടി. മിഷന്റേയും സഹകരണത്തോടെ നടപ്പാക്കുന്ന സ്മാർട്ട് ഗാർബേജ് ആപ്പ് പദ്ധതി ആദ്യഘട്ടത്തിൽ 300 പഞ്ചായത്തുകളിൽ നടപ്പാക്കും. തുടർന്ന് എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപന പ്രദേശങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കും. ഇതിനുപുറമെ ദ്രവമാലിന്യ സംസ്‌കരണത്തിന് ശാസ്ത്രീയമായ മാർഗ്ഗങ്ങൾ അവലംബിച്ചുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും യോഗത്തിൽ തീരുമാനിച്ചു. മാലിന്യ സംസ്‌കരണത്തിലൂടെ ഉണ്ടാക്കുന്ന വളം സംസ്ഥാനത്തെ കൃഷിക്ക് വ്യാപകമായി ഉപയോഗിക്കാനുള്ള പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തും. തരിശുരഹിത പഞ്ചായത്ത്, ഹരിതസമൃദ്ധി വാർഡ് എന്നീ പദ്ധതി പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജിതമാക്കും.
കാർബൺ ന്യൂട്രൽ പഞ്ചായത്തുകൾ സൃഷ്ടിക്കുന്നതിന് കണ്ണൂർ സർവകലാശാല, CWRDM, ഈ മേഖലയിലെ വിദഗ്ധർ എന്നിവരുടെ സഹായത്തോടെ ശാസ്ത്രീയ മാർഗ്ഗരേഖ തയ്യാറാക്കുന്നതിനും കർമ്മസമിതി യോഗം തീരുമാനിച്ചു. മാർഗ്ഗരേഖയെ അടിസ്ഥാനമാക്കി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് പരിശീലനം നൽകി തുടർ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയാണ് ലക്ഷ്യം. നവകേരളം കർമ്മസമിതി കോർഡിനേറ്റർ ഡോ. ടി.എൻ.സീമ, തദ്ദേശ ഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ശാരദാമുരളീധരൻ എന്നിവർ റിപ്പോർട്ടുകൾ അവതരിപ്പിച്ചു. വിവിധ വകുപ്പുതലവൻമാരും ആസൂത്രണ ബോർഡിലെ വിദഗ്ധരും കർമ്മസമിതി യോഗത്തിൽ പങ്കെടുത്തു.

Related posts

കരിപ്പൂരിൽ ഒരു കോടിയുടെ സ്വർണവുമായി പത്തൊൻപതുകാരി പിടിയിൽ.*

Aswathi Kottiyoor

കേരള വ്യാപാരി വ്യവസായി സമിതി പയഞ്ചേരി കീഴൂർ യൂണിറ്റ് സമ്മേളനവും വ്യാപാരമിത്ര പദ്ധതി ഉദ്ഘാടനവും 5.7.2022ന്ചൊവ്വാഴ്ച കീഴൂരിൽ വച്ചു നടന്നു

Aswathi Kottiyoor

സിൽവർ ലൈൻ ഉപേക്ഷിച്ചിട്ടില്ല, കാര്യക്ഷമവും വേഗതയുമുള്ള യാത്രയ്ക്ക് പദ്ധതി അനിവാര്യം: ഗവർണർ

Aswathi Kottiyoor
WordPress Image Lightbox