ധനവകുപ്പ് സംസ്ഥാനത്തെ മുഴുവൻ ഔദ്യോഗിക വാഹനങ്ങളുടെയും ഡ്രൈവർമാരുടെയും വിവരശേഖരണം നടത്തുന്നു. വാഹനവുമായി ബന്ധപ്പെട്ട വിവരങ്ങൾ വെഹിക്കിൾ മാനേജ്മെന്റ് സിസ്റ്റം (വീൽ) വഴി റജിസ്റ്റർ ചെയ്യും.
എല്ലാ വകുപ്പിലും വെഹിക്കിൾ നോഡൽ ഓഫിസർ, കൺട്രോളിങ് ഓഫിസർ തസ്തികയും നിർബന്ധമാക്കി. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഉൾപ്പെടെ സംസ്ഥാനത്തെ മുഴുവൻ ഔദ്യോഗിക വാഹനങ്ങൾക്കും ഡ്രൈവർമാർക്കും ഇതു ബാധകമാണ്.
സർക്കാർ വകുപ്പുകൾ, സ്ഥാപനങ്ങൾ, പൊതുമേഖല സ്ഥാപനങ്ങൾ, ഗ്രാന്റ് – എയ്ഡഡ് സ്ഥാപനങ്ങൾ തദ്ദേശ സ്ഥാപനങ്ങൾ, സർക്കാർ സ്വയം ഭരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ഉപയോഗിക്കുന്ന വാഹനങ്ങൾ, ഡ്രൈവർമാർ എന്നിവരുടെ വിവരങ്ങൾ 30നു മുൻപ് റജിസ്റ്റർ ചെയ്യണം.
റജിസ്റ്റർ ചെയ്യുന്ന വാഹനങ്ങൾക്ക് ഇൻഡക്സ് നമ്പർ നൽകും. വിവിധ വകുപ്പുകൾ സർക്കാരുമായി വാഹനങ്ങൾ സംബന്ധിച്ച് നടത്തുന്ന കത്തിടപാടിൽ ഈ നമ്പർ ഉൾപ്പെടുത്തണം. ഡിസംബർ 31നു മുൻപ് റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ധനവകുപ്പിനു നൽകണമെന്നാണ് നിർദേശം. റജിസ്റ്റർ ചെയ്യാത്ത വാഹനങ്ങൾക്കും ഡ്രൈവർമാർക്കും വാഹന മേഖലയുമായി ബന്ധപ്പെട്ട ചെലവുകൾക്ക് അർഹത ഉണ്ടായിരിക്കില്ലെന്നും ഉത്തരവിൽ പറയുന്നു. വാഹനങ്ങളുടെ ചെലവ് വിവരങ്ങൾ കൺട്രോളിങ് ഓഫിസർ സിസ്റ്റം വഴി രേഖപ്പെടുത്തണം.
കരാർ അടിസ്ഥാനത്തിലുള്ള വാഹനങ്ങളുടെയും ഡ്രൈവർമാരുടെയും വിവരങ്ങൾ ഉൾപ്പെടുത്തണം. ധനവകുപ്പിന്റെ പ്രത്യേക നിരീക്ഷണത്തിനാണ് പുതിയ സംവിധാനം.