ഇരിട്ടി: എടൂരിലെ കുട്ടികളുടെ സംരക്ഷണ കേന്ദ്രത്തിൽ നിന്നും ഒളിച്ചോടി നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടതോടെ പുഴയിൽ ചാടിയ രണ്ട് വിദ്യാർത്ഥിനികളെ നാട്ടുകാരും പോലീസും ചേർന്ന് രക്ഷപ്പെടുത്തി. ഇവരെ പോലീസ് ശിശുക്ഷേമ സമിതിയുടെ തലശേരിയിലുള്ള പെൺകുട്ടികളുടെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. എട്ടാം ക്ലാസിലും അഞ്ചാം ക്ലാസിലും പഠിക്കുന്ന വിദ്യാർഥിനികളാണ് സംരക്ഷണ കേന്ദ്രത്തിൽ നിന്നും ഒളിച്ചോടാൻ ശ്രമം നടത്തിയത്. നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടപ്പോൾ ഇരുവരും പായം പുഴക്കരയിലേക്ക് ഓടുകയും ആളുകൾ അടുത്തുവരുമ്പോൾ പുഴയിൽ ഇറങ്ങി ഭീഷണി മുഴക്കുകയും ചെയ്തു.
വ്യാഴാഴ്ച്ച പുലർച്ചെ 4.30തോടെ ആയിരുന്നു സംഭവങ്ങളുടെ തുടക്കം. ഇരുചക്രവാഹനത്തിൽ ഇരിട്ടി ഭാഗത്തേക്ക് പോവുകയായിരുന്ന യുവാവാണ് രണ്ട് വിദ്യാർഥിനികളെയും വട്ട്യറ കരിയാൽ ടൗണിന് സമീപത്ത് റോഡരികിൽ കാണുന്നത്. ഒരു കുട്ടി കരയുന്നത് കണ്ട് വാഹനം നിർത്തി കാര്യങ്ങൾ തിരക്കിയപ്പോൾ ഞങ്ങൾ ഇതിനടുത്തുള്ള വരാണെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറാൻ ശ്രമിച്ചു. യുവാവ് ഉടൻതന്നെ സമീപത്തുള്ള താമസക്കാരെയും ഇരിട്ടി പോലീസിലും വിവരമറിയിച്ചു. ഇതിനിടയിൽ കുട്ടികൾ ഇവിടെനിന്നും ഓടിപ്പോവുകയും കരിയാൽ പള്ളിക്ക് സമീപത്തുള്ള റബ്ബർതോട്ടത്തിൽ അവരുടെ കയ്യിലുള്ള ബാഗ് ഉപേക്ഷിച്ച് മാറിപ്പോവുകയും ചെയ്തു .
നാട്ടുകാർ തിരച്ചിൽ നടത്തിയെങ്കിലും ഏറെ നേരം കുട്ടികളെ കണ്ടെത്താൻ കഴിഞ്ഞില്ല. ഈ സമയത്ത് പോലീസെത്തുകയും ബാഗ് പരിശോധിക്കുകയും ചെയ്തപ്പോൾ എട്ടാം ക്ലാസിലും അഞ്ചാം ക്ലാസിലും പഠിക്കുന്ന രണ്ട് വിദ്യാർഥിനികളാണെന്ന് മനസ്സിലായി . തുടർന്നുള്ള അന്വേഷണത്തിലാണ് എടൂരിലുള്ള കുട്ടികളുടെ സംരക്ഷണ കേന്ദ്രത്തിൽ നിന്നും ചാടി പോകുന്ന കുട്ടികളാണെന്ന് മനസ്സിലാക്കിയത്. ഇതിനിടയിൽ കുട്ടികൾ പായം പുഴക്കരയിൽ എത്തിയതായി വിവരം ലഭിച്ചു. പോലീസും നാട്ടുകാരിൽ ചിലരും സ്ഥലത്ത് എത്തുമ്പോഴെക്കും കുട്ടികൾ പുഴയിലേക്ക് ചാടി. വലിയ ആഴമുള്ളതും ചെളിനിറഞ്ഞതുമായ സ്ഥലത്താണ് കുട്ടികൾ ചാടിയത്. കുട്ടികളെ അനുനയിപ്പിച്ച് കരയക്ക് എത്തിക്കാനുള്ള ശ്രമം വിജയിക്കാതായതോടെ നാട്ടുകാരിൽ ചിലർ പുഴയിലേക്ക് ചാടി കുട്ടികളെ കരയ്‌ക്കെത്തിച്ചു. ഇരിട്ടി പോലീസ് സ്റ്റഷനിൽ എത്തിച്ച പെൺകുട്ടികളെ സ്‌റ്റേഷൻ ഓഫീസർ കെ.ജെ. ബിനോയിയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്ത ശേഷം തലശേരിയിലെ പെൺകുട്ടികളുടെ സംരക്ഷണ കേന്ദ്രത്തിലേക്ക് അയച്ചു.