21.6 C
Iritty, IN
November 22, 2024
  • Home
  • Kerala
  • കുട്ടികളിലെ ഓണ്‍ലൈന്‍ ഗെയിം അടിമത്തം തടയാന്‍ മാതാപിതാക്കള്‍ അറിയേണ്ട കാര്യങ്ങള്‍.
Kerala

കുട്ടികളിലെ ഓണ്‍ലൈന്‍ ഗെയിം അടിമത്തം തടയാന്‍ മാതാപിതാക്കള്‍ അറിയേണ്ട കാര്യങ്ങള്‍.

സഹോദരിയുടെ വിവാഹത്തിനായി വീട്ടുകാര്‍ സൂക്ഷിച്ചുവെച്ചത്, വിദേശത്തുള്ള പിതാവ് നാട്ടിലേക്കയച്ചിരുന്നത്, പുതിയൊരു വീട് പണിയാന്‍ അച്ഛനമ്മമാര്‍ സ്വരുക്കൂട്ടിയത്… ഓണ്‍ലൈന്‍ ഗെയിമിനടിപ്പെട്ട കൗമാരക്കാരറിയാതെ ചോര്‍ന്നുപോകുന്നത് ഇത്തരത്തിലുള്ള സൂക്ഷിപ്പുകളാണ്. അറിയാതെ കുരുങ്ങിയ വലയില്‍ കുടുങ്ങി ആ കുട്ടികള്‍ പിടഞ്ഞു. പലപ്പോഴും അതില്‍ നിന്നവരെ മോചിപ്പിക്കാന്‍ ആര്‍ക്കുമായില്ല.

ശകാരമോ, കുറ്റപ്പെടുത്തലോ അല്ല ഇവര്‍ക്കു വേണ്ടത്. രക്ഷിതാക്കളുടെ പിന്തുണയാണ്. ചേര്‍ത്തുപിടിക്കലാണ്. അറിയാതെ അടിമപ്പെട്ടുപോയൊരു ശീലക്കേടെന്ന തിരിച്ചറിവേകി അവരെ കര കയറ്റാന്‍ ഒപ്പം നില്‍ക്കേണ്ടത് രക്ഷിതാക്കള്‍ തന്നെയാണ്. ഓണ്‍ലൈന്‍ ഗെയിമുകളോട് കുട്ടികള്‍ കൂടുതല്‍ അടുത്തത് കോവിഡ് കാലത്താണ്. ഇതില്‍നിന്ന് കരകയറ്റാന്‍ ഒറ്റക്കെട്ടായി നില്‍ക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു. ഗെയിമുകളുടെ മായാലോകത്തിലകപ്പെട്ട മറ്റൊരു കൗമാരക്കാരനുകൂടി ജീവന്‍ നഷ്ടപ്പെട്ട സാഹചര്യത്തില്‍ ചില ഓര്‍മിപ്പിക്കലുകള്‍.

മൊബൈലിലെ കളികള്‍

ടെലിവിഷന്റെ പ്രചാരമേറിയപ്പോഴാണ് വീഡിയോ ഗെയിമുകളും പരിചയപ്പെടുന്നത്. പിന്നീട് കമ്പ്യൂട്ടര്‍ ഗെയിമുകളും പ്ലേ സ്റ്റേഷനുകളുമൊക്കെയെത്തി. ഡിജിറ്റല്‍ ഗെയിമുകളില്‍ ഇന്നേറെ പ്രചാരം സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിച്ചുള്ള ഗെയിമുകള്‍ക്ക് തന്നെയാണ്. മൊബൈല്‍ ഗെയിമുകള്‍ പലതരത്തിലുണ്ട്. ഒരാള്‍ക്ക് മാത്രം വളരെയെളുപ്പം കളിക്കാവുന്ന പസിലുകളും ബോര്‍ഡ് ഗെയിമുകളുമുള്‍പ്പെടെ ഉള്ളവയാണ് അവയിലൊന്ന്. താരതമ്യേന അപകടകരമല്ലാത്ത കളികളാണ് ഈ വിഭാഗത്തിലുള്ളവ.

കൂടുതല്‍പേര്‍ക്ക് ഒരുമിച്ച് കളിക്കാവുന്നവയാണ് രണ്ടാമത്തെ വിഭാഗത്തില്‍പ്പെടുന്നത്. ലക്ഷ്യത്തിലെത്താന്‍ പോരടിക്കുന്ന വിധമുള്ള കളികളാണിതിലുള്ളത്. കളിയില്‍ പങ്കെടുക്കുന്ന ഓരോരുത്തര്‍ക്കും പ്രത്യേക ചുമതലകളുണ്ടാകും. ഓരോ ഘട്ടം കഴിയുമ്പോളും സമ്മാനങ്ങളും സ്ഥാനക്കയറ്റവുമുണ്ടാകും. ഒന്നിലേറെപ്പേര്‍ മുതല്‍ വലിയ ഗ്രൂപ്പുകളായും വാട്‌സാപ്പ് ഗ്രൂപ്പുകളായും മത്സരം നടക്കും. കളി മണിക്കൂറുകളോളമല്ല, ദിവസങ്ങളോളം നീണ്ടുനില്‍ക്കും.

എങ്ങനെ അടിമപ്പെടുന്നു ?

മൊബൈല്‍ ഗെയിമുകള്‍ക്ക് അടിമയാകുന്നതിന് ഒട്ടേറെ കാരണങ്ങളുണ്ട്. എതിരാളിയോടേറ്റുമുട്ടുമ്പോള്‍ ലഭിക്കുന്ന മത്സരഭ്രാന്ത് തന്നെയാണ് അതില്‍ പ്രധാനം. ഒപ്പം ഓരോ ഘട്ടവും കഴിയുമ്പോള്‍ ലഭിക്കുന്ന സ്ഥാനക്കയറ്റം, സമ്മാനങ്ങള്‍, അംഗീകാരങ്ങള്‍ എന്നിവയെല്ലാം കൂടുതല്‍ പ്രോത്സാഹനമേകും. ചില കളികളില്‍നിന്ന് പണവും ലഭിക്കും. അതായത് കളികളൊരുക്കിയിരിക്കുന്നത് കളിക്കാരന് കൃത്യമായ ഇടവേളകളില്‍ സന്തോഷം നല്‍കുകയും മുമ്പോട്ട് പോകാന്‍ പ്രേരണ നല്‍കുകയും ചെയ്യും വിധമാണ്.

വീട്ടുകാര്‍ക്കും അവബോധം വേണം

വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും നമ്മുടെ കുട്ടികള്‍ വിവിധതരം കളികളില്‍ ഏര്‍പ്പെടേണ്ടതുണ്ട്. മാനസികമായും ശാരീരികമായുമുള്ള വളര്‍ച്ചയ്ക്ക് അത് വേണ്ടത് തന്നെയാണ്. എന്നാല്‍ ഒരു കളിയില്‍ മാത്രം കുട്ടികള്‍ ഒതുങ്ങിപ്പോകരുതെന്ന് മാത്രം. മൊബൈല്‍ ഗെയിമുകള്‍ കളിക്കരുത് എന്ന് കുട്ടികളോട് പറയാനാകില്ല. എന്നാല്‍ ഇത്തരം ഗെയിമുകളെക്കുറിച്ച് രക്ഷിതാക്കള്‍ക്ക് കൃത്യമായ അവബോധം വേണമെന്ന് മാത്രം. മൊബൈല്‍ ഗെയിമിനടിമപ്പെട്ട് ദിവസേന കുറഞ്ഞത് ഒരാളെങ്കിലും ചികിത്സയ്ക്കായി സമീപിക്കുന്നുണ്ട്. കുട്ടികളെ സ്‌നേഹിക്കണം. അവരുടെ ആഗ്രഹങ്ങള്‍ സാധിച്ചുകൊടുക്കണം. എന്നാല്‍ അവരെ അമിതമായി വിശ്വസിക്കുകയുമരുത്. കൃത്യമായി നിരീക്ഷിക്കണം. പക്ഷേ പലപ്പോഴും ഇക്കാര്യങ്ങള്‍ രക്ഷിതാക്കള്‍ അംഗീകരിക്കാറില്ല. ഒടുവില്‍ സ്വന്തം ജീവിതത്തില്‍ അനുഭവവേദ്യമാകുമ്പോഴാണ് തിരിച്ചറിവുണ്ടാകുന്നത്.
ശ്രദ്ധിക്കണം ഇക്കാര്യങ്ങള്‍

സമ്പാദ്യശീലം വളര്‍ത്താന്‍ വാങ്ങി നല്‍കുന്ന കുടുക്കകളില്‍ നിന്നാണ് പലപ്പോഴും കുട്ടികള്‍ ഗെയിമുകള്‍ക്കായി പണം കണ്ടെത്തുന്നത്. ഈ കുടുക്കകള്‍ കുട്ടികള്‍ക്ക് സ്വന്തം ഇഷ്ടപ്രകാരം ചെലവഴിക്കാനുള്ളത് എന്ന ചിന്ത ഒരിക്കലും നല്‍കരുത്. കുടുക്കകള്‍ നിറയുമ്പോള്‍ ബാങ്കിലോ പോസ്റ്റോഫീസിലോ നിക്ഷേപം തുടങ്ങാനോ, നന്മ നിറഞ്ഞ പ്രവൃത്തി ചെയ്യാനോ, അക്കാദമിക ആവശ്യങ്ങള്‍ക്ക് ചെലവഴിക്കാനോ ഒപ്പം നില്‍ക്കണം.
കുട്ടികളോട് വേണ്ട എന്ന് പറയേണ്ടിടത്ത് വേണ്ട എന്നു തന്നെ പറയണം. അവര്‍ക്ക് വാരിക്കോരി പണം നല്‍കുകയും തെറ്റ് പറ്റിയാല്‍ ഉടന്‍ അത് നിര്‍ത്തി കുറ്റപ്പെടുത്തുന്നതും ഗുണത്തിന് പകരം ദോഷത്തിനേ ഇടയാക്കൂ.
കുട്ടികളെ മോഷണത്തിന് പ്രേരിപ്പിക്കുംവിധം ഒരിക്കലും പണം സൂക്ഷിക്കരുത്. സ്വതന്ത്രമായി പണം കൈകാര്യം ചെയ്യാന്‍ കുട്ടികള്‍ക്ക് സാധിക്കുംവിധമുള്ള അന്തരീക്ഷം കഴിയുന്നത്ര ഒഴിവാക്കണം.
നിങ്ങളുടെ മക്കള്‍ ഗെയിമുകള്‍ക്കടിമപ്പെട്ടിട്ടുണ്ട് എന്ന് തിരിച്ചറിഞ്ഞാല്‍ അതിന്റെ ഗൗരവം അവര്‍ക്ക് ബോധ്യപ്പെടുത്തിക്കൊടുക്കണം.
സ്വയം കൈകാര്യം ചെയ്യാനാകില്ലെന്ന് കണ്ടാല്‍ ഒരു മടിയും കൂടാതെ സൈക്കോളജിസ്റ്റിനെ സമീപിക്കണം

Related posts

കായികതാരങ്ങൾക്ക്‌ കോൺസ്‌റ്റബിൾ തസ്‌തികയിൽ നിയമനം ; പൊലീസ്‌ ചട്ടം ഭേദഗതിക്ക്‌ ശുപാർശ

Aswathi Kottiyoor

വിഷു കൈനീട്ടവുമായി സർക്കാർ; രണ്ടുമാസത്തെ ക്ഷേമപെൻഷൻ ഒരുമിച്ച് വിതരണം ചെയ്യും

Aswathi Kottiyoor

പലയിടത്തും കനത്ത മഴ; കോഴിക്കോട് ജില്ലയിൽ വ്യാപക നാശം, വീടുകൾ തകർന്നു

Aswathi Kottiyoor
WordPress Image Lightbox