ലൈറ്റ്ഹൗസുകൾക്കു സമീപം ഉയരമുള്ള കെട്ടിടങ്ങൾ നിർമിക്കാനും വലിയ മരങ്ങളുടെ തൈ നടാനും കേന്ദ്രസർക്കാരിന്റെ മുൻകൂർ അനുമതി നിർബന്ധമാക്കുന്നു. കപ്പൽ, ബോട്ട് ഗതാഗത നിയന്ത്രണ സംവിധാനങ്ങൾ സുഗമമാക്കാനാണിത്. ഇതുൾപ്പെടെയുള്ള വ്യവസ്ഥകളുമായി മറൈൻ എയ്ഡ്സ് ടു നാവിഗേഷൻ (റിമൂവൽ ആൻഡ് ഓൾട്ടറേഷൻ ഓഫ് ഒബ്സ്ട്രക്‌ഷൻസ്) നിയമത്തിന്റെ കരട് കേന്ദ്ര തുറമുഖ, ഷിപ്പിങ്, ജലഗതാഗത മന്ത്രാലയം വിജ്ഞാപനം ചെയ്തു.
ലൈറ്റ്ഹൗസിന്റെ ഒരു കിലോമീറ്റർ ചുറ്റളവെങ്കിലും നിയന്ത്രണ മേഖലയായി പ്രഖ്യാപിക്കും. അതിനുപുറത്തും ലൈറ്റ്ഹൗസ് കാണാവുന്നത്ര ദൂരത്ത് അതിനെക്കാൾ കുറഞ്ഞ ഉയരത്തിലേ കെട്ടിടനിർമാണം അനുവദിക്കൂ. കേരളത്തിൽ കാസർകോട് മുതൽ വിഴിഞ്ഞം വരെയുള്ള 17 ലൈറ്റ്ഹൗസുകൾക്കു സമീപവും മാഹിയിലും നിയന്ത്രണ മേഖല നിർദേശിച്ചിട്ടുണ്ട്. ഓരോ ലൈറ്റ്ഹൗസിനു സമീപവും നിർമിക്കാവുന്ന കെട്ടിടങ്ങളുടെ പരമാവധി ഉയരവും വിജ്ഞാപനത്തിലുണ്ട്. കേരളത്തിൽ വിവിധ സ്ഥലങ്ങളിൽ ഇതു 10 മീറ്റർ മുതൽ 41 മീറ്റർ വരെയാണ്.
അതതു ജില്ലാ കലക്ടർമാർ ലൈറ്റ്ഹൗസിലെ വെളിച്ചത്തിനു തടസ്സമില്ലെന്ന് 3 മാസം കൂടുമ്പോൾ മറൈൻ നാവിഗേഷന്റെ ചുമതലയുള്ള ഡപ്യൂട്ടി ഡയറക്ടർ ജനറലിനു റിപ്പോർട്ട് നൽകണം. നിലവിലുള്ള മരങ്ങൾ കാഴ്ച തടസ്സപ്പെടാത്ത വിധം വെട്ടിയൊതുക്കണം.