സെൻട്രൽ വെയർ ഹൗസിങ് കോർപ്പറേഷന്റെ(സി.ഡബ്ല്യു.സി) തലശേരി സെൻട്രൽ വെയർ ഹൗസ് നവംബർ 26ന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിനു സമർപ്പിക്കും. സി.ഡബ്ല്യു.സിയുടെ കേരളത്തിലെ 12-ാമത്തെ വെയർ ഹൗസാണു തലശേരിയിലേത്.
തലശേരി കിൻഫ്ര സ്മോൾ ഇൻഡസ്ട്രീസ് പാർക്കിലെ 3.71 ഏക്കറിൽ 12.5 കോടി ചെലവിൽ നിർമിച്ച വെയർ ഹൗസ് സമുച്ചയത്തിന് 12,520 മെട്രിക് ടൺ സംഭരണ ശേഷിയുണ്ട്. മികച്ച നിലവാരത്തിലുള്ള റോഡുകൾ, ആധുനിക അഗ്‌നിശമന സാമഗ്രികൾ, ലോറി വെയ്ബ്രിഡ്ജ്, മഴക്കാലത്തും കയറ്റിറക്കു പ്രവർത്തനങ്ങൾ സുഗമമായി നടത്താവുന്ന കനോപ്പി റൂഫിങ്, 24 മണിക്കൂർ സി.സി.ടി.വി. സെക്യൂരിറ്റി സംവിധാനങ്ങൾ എന്നിവ ഇതിന് അനുബന്ധമായി ഒരുക്കിയിട്ടുണ്ട്.
തലശേരി സെൻട്രൽ വെയർ ഹൗസിൽ 26നു വൈകിട്ട് അഞ്ചിനു നടക്കുന്ന ചടങ്ങിൽ കെ. മുരളീധരൻ എം.പി. അധ്യക്ഷത വഹിക്കും. എ.എൻ. ഷംസീർ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ, സി.ഡബ്ല്യു.സി. മാനേജിങ് ഡയറക്ടർ അരുൺ കുമാർ ശ്രീവാസ്തവ തുടങ്ങിയവർ പങ്കെടുക്കും.