ശബരിമല മണ്ഡല, മകരവിളക്കു കാലത്ത് ദർശനത്തിനായി നിലവിൽ 13 ലക്ഷം പേർ വെർച്വൽ ക്യൂ മുഖേന ബുക്ക് ചെയ്തിട്ടുള്ളതായി മന്ത്രി കെ. രാധാകൃഷ്ണൻ. ജലനിരപ്പ് ഉയർന്നിരിക്കുന്നതിനാൽ പന്പാ സ്നാനം നിരോധിച്ചിരിക്കുകയാണ്. ശക്തമായ മഴയിൽ തകർന്ന പന്പയിലെ ഞുണങ്ങാർ പാലം പുനർനിർമിക്കുന്നതിനു നടപടി സ്വീകരിക്കും. പ്രകൃതിക്ഷോഭം മൂലം തീർഥാടനവുമായി ബന്ധപ്പെട്ട നിർമാണ പ്രവർത്തനങ്ങളിൽ തടസങ്ങൾ നേരിട്ടിരുന്നു. എന്നാൽ, ഇതിനെ അതിജീവിച്ച് പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകാനായെന്നും മന്ത്രി പറഞ്ഞു.
മഴയിൽ തകർന്ന റോഡുകളുടെ പുനരുദ്ധാരണം എത്രയും വേഗം പൂർത്തിയാക്കും. പ്രകൃതിക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ മതിയായ മുൻകരുതലുകൾ എടുത്ത് തീർഥാടനം പൂർത്തിയാക്കനാകും. കൂടുതൽ ഭക്തർ വന്നു തുടങ്ങുന്നതിന് അനുസരിച്ച് നിലവിൽ ഉപയോഗിക്കുന്ന സ്വാമി അയ്യപ്പൻ റോഡിന് പുറമെ നീലിമല, അപ്പാച്ചിമേട് വഴിയുള്ള പരന്പരാഗത ശബരിമല പാത മല ഇറങ്ങുന്നതിനായി തുറന്നുകൊടുക്കുന്നത് പരിഗണിക്കും. അതാത് സമയത്തെ സ്ഥിതി വിലയിരുത്തി ആവശ്യമായ മാറ്റങ്ങൾ വരുത്തുമെന്നും മന്ത്രി പറഞ്ഞു.
എംഎൽഎമാരായ പ്രമോദ് നാരായൺ, കെ.യു. ജനീഷ് കുമാർ, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. അനന്തഗോപൻ, ബോർഡ് അംഗങ്ങളായ പി.എം. തങ്കപ്പൻ, മനോജ് ചരളേൽ, എഡിജിപി എസ്. ശ്രീജിത്ത്, ശബരിമല എഡിഎം അർജുൻ പാണ്ഡ്യൻ, സന്നിധാനം പോലീസ് കണ്ട്രോളർ എ.ആർ. പ്രേം കുമാർ, ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ കൃഷ്ണകുമാർ വാര്യർ തുടങ്ങിയവരുടെ സാന്നിധ്യത്തിൽ അവലോകനയോഗവും ശബരിമലയിൽ ചേർന്നു.