ഡിസംബറിൽ നടക്കേണ്ട കേരള രാജ്യാന്തര ചലച്ചിത്രമേള ഫെബ്രുവരിയിലേക്ക് മാറ്റി. 2022 ഫെബ്രുവരി നാല് മുതൽ 11 വരെയാകും ഈ വർഷത്തെ ചലച്ചിത്രമേള നടക്കുക. തിരുവനന്തപുരത്തെ 12 ഓളം തിയറ്ററുകളിലായാണ് ചലച്ചിത്രമേള നടക്കുന്നത്. മേളയുടെ ഉദ്ഘാടനം നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
എല്ലാ വർഷവും ഡിസംബറിലാണ് ചലച്ചിത്രമേള നടന്നിരുന്നത്. എന്നാൽ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ ജൂലൈയിൽ നടത്താൻ കഴിയാതിരുന്ന രാജ്യാന്തര ഡോക്കുമെന്ററി ഹ്രസ്വചിത്രമേള ഡിസംബറിൽ നടത്തേണ്ടതിനാലും തിയറ്ററുകൾ സജ്ജമല്ലാത്തതുമാണു മേള അടുത്ത വർഷത്തേക്കു മാറ്റാനിടയാക്കിയതെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.