അതിവേഗ തീവണ്ടിപ്പാതയ്ക് നിശ്ചയിച്ച നിർദ്ദിഷ്‍ട ഭൂവിടം തിരിക്കാനുള്ള കല്ലിടൽ തുടങ്ങി. ഇത് പൂർത്തിയായശേഷം സാമൂഹികാഘാതപഠനവും സർവേയും നടത്തും. കാസർകോട് മുതൽ തിരുവനന്തപുരം വരെ 530 കിലോമീറ്റർ നീളത്തിലാണ് പാത നിർമിക്കുന്നത്.
പദ്ധതി എത്രപേരെയാണ് ബാധിക്കുകയെന്ന് ഭൂമി വേർതിരിക്കുന്നതോടെയാണ് കൃത്യമായി മനസ്സിലാവുക. എത്രവീടുകൾ, മറ്റ് കെട്ടിടങ്ങൾ, സ്ഥാപനങ്ങൾ എന്നിവ മാറ്റേണ്ടിവരുമെന്നും പട്ടികയുണ്ടാക്കും. ജനങ്ങളുടെ അഭിപ്രായം കേൾക്കുന്നതിന് ഹിയറിങ് നടത്തും. സാമൂഹികാഘാതപഠനം തുടങ്ങി ആറുമാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിയമം. കല്ലിടൽ മൂന്ന് മാസത്തിനുള്ളിൽ പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെങ്കിലും മോശം കാലാവസ്ഥയും മറ്റും തടസ്സമാകുന്നുണ്ട്.
തിരുവനന്തപുരം, കൊല്ലം, എണാകുളം, തൃശ്ശൂർ, കണ്ണൂർ, കാസർകോട് എന്നീ ആറ് ജില്ലകളിലാണ് ഇപ്പോൾ കല്ലിടുന്നത്. മൊത്തം 11 ജില്ലകളിലൂടെയാണ് പാത കടന്നുപോകുന്നത്. കോഴിക്കോട്, മലപ്പുറം, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലും വൈകാതെ ഭൂമി വേർതിരിക്കൽ ആരംഭിക്കും.
കണ്ണൂർ ജില്ലയിലാണ് ഏറ്റവുംകുടുതൽ ദൂരത്തിൽ കല്ലിടൽ പൂർത്തിയായത്. ഏഴ് വില്ലേജുകളിലായി 21.5 കിലോമീറ്റർ നീളത്തിൽ 536 കല്ലുകൾ സ്ഥാപിച്ചു. ചിറക്കൽ, വളപട്ടണം, പാപ്പിനിശ്ശേരി, കണ്ണപുരം, ചെറുകുന്ന്, ഏഴോം, മാടായി വില്ലേജുകളിലാണ് പൂർത്തിയായത്. കുഞ്ഞിമംഗലം വില്ലേജിൽ പുരോഗമിക്കുന്നു. തിരുവനന്തപുരം ജില്ലയിൽ ആറ്റിപ്ര, കൊല്ലം ജില്ലയിലെ പാരിപ്പള്ളി, കല്ലുവാതുക്കൽ, എറണാകുളം ജില്ലയിലെ പുത്തൻകുരിശ്, തിരുവാങ്കുളം, തൃശ്ശൂർ ജില്ലയിലെ തൃശ്ശൂർ, പൂങ്കുന്നം, കൂർക്കഞ്ചേരി, കാസർകോട് ജില്ലയിലെ ചെറുവത്തൂർ എന്നീ വില്ലേജുകളിലും പ്രവൃത്തി നടക്കുന്നു.
പദ്ധതിക്കെതിരേ ജനകീയ സമിതികളും യു.ഡി.എഫും സമരത്തിലാണ്. ഹരിത ട്രിബ്യൂണലിൽ നൽകിയ കേസും തുടരുന്നു. റെയിൽവേ ബോർഡ് മുമ്പാകെ അധികപദ്ധതിച്ചെലവ് സംസ്ഥാനം വഹിക്കുമെന്ന ഉറപ്പ് നൽകിയതിനാൽ നീതി ആയോഗ് മുന്നോട്ടുവെച്ച എതിർപ്പ് മാറുമെന്ന പ്രതീക്ഷയാണ് സംസ്ഥാനത്തിന്.