ഒരു മാസമായുണ്ടായ കനത്ത മഴയിലും പ്രകൃതിക്ഷോഭങ്ങളിലുമായി സംസ്ഥാനത്ത് 548.36 കോടി രൂപയുടെ കൃഷി നാശമുണ്ടായതായി കൃഷി വകുപ്പ്.
ഒക്ടോബർ 12 മുതൽ നവംബർ 15 വരെയുള്ള നഷ്ടമാണിത്. സംസ്ഥാനത്താകെ 62,991.41 ഹെക്ടറിലെ കൃഷി നശിച്ചു. 1,43,236 കർഷകർക്കാണു മഴക്കെടുതികളിൽ കൃഷി നഷ്ടമുണ്ടായത്.
കാർഷിക മേഖലയിൽ നെൽകൃഷിക്കാണ് ഏറ്റവും കൂടുതൽ നഷ്ടം. 224.68 കോടി രൂപയുടെ നഷ്ടമുണ്ടായതായാണു കണക്ക്. 14,978.70 ഹെക്ടറിലെ നെൽകൃഷി നശിച്ചു. വാഴ കൃഷിയിലുണ്ടായിട്ടുള്ളത് 177.66 കോടി രൂപയുടെ നഷ്ടം.
13,08,657 കുലച്ച വാഴകളും 24,78,963 കുലയ്ക്കാത്ത വാഴകളും നശിച്ചതായാണു കണക്ക്. 2,897 ഹെക്ടറിലെ പച്ചക്കറി കൃഷി നശിച്ചു. ഇതുമൂലം 11.90 കോടി രൂപയുടെ നഷ്ടമുണ്ടായി. 22,667 ഹെക്ടറിലെ കപ്പ കൃഷി നശിച്ചു. ഇതുവഴിയുണ്ടായ നഷ്ടം 29.46 കോടി .
ആലപ്പുഴ ജില്ലയിലാണ് ഏറ്റവും കൂടുതൽ നാശമുണ്ടായത്. 21,013 ഹെക്ടർ ഭൂമിയിലെ 32,143 കർഷകരുടെ നെൽ കൃഷി നശിച്ചു. 100.36 കോടി രൂപയുടെ നഷ്ടമുണ്ടായി.
തൃശൂർ ജില്ലയിൽ 97.91 കോടി രൂപയുടെയും കോട്ടയത്ത് 71.50 കോടിയുടെയും പാലക്കാട്ട് 44.65 കോടിയുടെയും നഷ്ടമുണ്ടായി. തിരുവനന്തപുരം (34.98 കോടി), കൊല്ലം (30.39), എറണാകുളം (28.91), പത്തനംതിട്ട (27.20), കണ്ണൂർ (19.07), കോഴിക്കോട് (14.95), ഇടുക്കി (10.38), കാസർഗോഡ് (3.17), വയനാട് (55.37 ലക്ഷം) എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ നഷ്ടത്തിന്റെ കണക്ക്.