മുൻ മിസ് കേരളയടക്കം മൂന്നുപേരുടെ മരണത്തിനിടയാക്കിയ അപകടത്തിലെ ദുരൂഹത നീക്കാനുള്ള പെടാപ്പാടിലാണ് കൊച്ചി സിറ്റി പോലീസ്. അപകടത്തെക്കുറിച്ച് പലതരത്തിലുള്ള വിശദീകരണങ്ങളാണ് ഇപ്പോഴുള്ളത്. എന്താണ് സംഭവിച്ചതെന്നതിൽ കൃത്യമായ വിശദീകരണം കണ്ടെത്തിയേ തീരൂ പോലീസിന്. കേസിൽ നിർണായകമായേക്കാവുന്നതാണ് ഫോർട്ടുകൊച്ചി ‘നമ്പർ 18’ ഹോട്ടലിലെ നിശാ പാർട്ടിയുടെ സി.സി.ടി.വി. ദൃശ്യങ്ങൾ. ഹോട്ടലുകാർ ഒളിപ്പിച്ച ആ ദൃശ്യങ്ങൾ കണ്ടെത്താൻ പോലീസിനായിട്ടില്ല.
അമിതവേഗത്തിലെത്തിയ കാർ ബൈപ്പാസിലെ മീഡിയനിൽ ഇടിച്ചുകയറി ഉണ്ടായ അപകടം എന്നായിരുന്നു ആദ്യ നിഗമനം.
അപകടത്തിൽ കാറിലുണ്ടായിരുന്ന മുൻ മിസ് കേരളയും ആറ്റിങ്ങൽ സ്വദേശിയുമായ അൻസി കബീർ (25), മിസ് കേരള മുൻ റണ്ണറപ്പും തൃശ്ശൂർ സ്വദേശിയുമായ അൻജന ഷാജൻ (24) എന്നിവർ സംഭവസ്ഥലത്തുതന്നെ മരിച്ചിരുന്നു. ചികിത്സയിലായിരുന്ന തൃശ്ശൂർ സ്വദേശി കെ.എ. മുഹമ്മദ് ആഷിഖ് (25) പിന്നീട് മരിച്ചു.
കാർ ഓടിച്ചിരുന്നയാൾ മദ്യപിച്ചിരുന്നുവെന്ന് പിന്നീട് കണ്ടെത്തി. കാറിൽ വന്ന സംഘം നമ്പർ 18 ഹോട്ടലിൽനിന്ന് നിശാ പാർട്ടി കഴിഞ്ഞിറങ്ങിയതാണെന്ന വിവരം ലഭിച്ചതോടെ ഇവർ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നോ എന്ന് പോലീസിന് സംശയംതോന്നി. ഇത് പരിശോധിക്കുന്നതിനാണ് പാർട്ടിയുടെ സി.സി.ടി.വി. ദൃശ്യം പരിശോധിക്കാൻ പോലീസ് ഹോട്ടലിൽ എത്തിയത്. എന്നാൽ സി.സി.ടി.വി. ദൃശ്യങ്ങളടങ്ങിയ ഡി.വി.ആർ. ഹോട്ടലുകാർ മാറ്റി. പലതും ഒളിപ്പിക്കുന്നു എന്നു വ്യക്തമായത് അവിടംമുതലാണ്.
നാല് കാരണങ്ങൾ
അമിതവേഗത്തിലായിരുന്നു വാഹനമെന്നും അതിനെ ഒരു ഓഡി കാർ പിന്തുടർന്നുവെന്നും തെളിഞ്ഞിട്ടുണ്ട്. ഇതുവെച്ച് അപകടത്തിന് വഴിവെച്ച നാല് സാഹചര്യങ്ങളാണ് അന്വേഷണ സംഘം വിലയിരുത്തിട്ടുള്ളത്.
ഒന്നാമത്തേത് മത്സരയോട്ടമാണ്. അരൂർ-ഇടപ്പള്ളി ദേശീയപാത മത്സരയോട്ടത്തിന്റെ സ്ഥിരം കേന്ദ്രമാണ്. രാത്രി നടക്കുന്ന പല മത്സരയോട്ടങ്ങളും നിശാ പാർട്ടി കഴിഞ്ഞിറങ്ങുന്നവർ തമ്മിലാണ്.
രണ്ടാമത്തേത് സ്ത്രീകൾ അടങ്ങിയ സംഘത്തെ പിന്തുടരുന്ന ചിലരുടെ രീതിയാണ്. പാർട്ടികളിലുണ്ടാക്കുന്ന ചെറിയ ഉടക്കും മറ്റും ഇത്തരം സംഭവങ്ങളിലാണ് അവസാനിക്കാറ്. ഭയപ്പെടുത്തുകയാണ് ഒരു ലക്ഷ്യം.
മൂന്നാമത്തേത് ഹോട്ടലുടമയുടെ നിർദേശപ്രകാരമാണ് കാർ പിന്തുടർന്നത് എന്നതാണ്. പിന്തുടർന്ന കാർ ഓടിച്ചിരുന്നയാളും ഹോട്ടലുടമയും ഫോണിൽ ബന്ധപ്പെട്ടതായി വിവരം ലഭിച്ചിട്ടുണ്ട്.
നാലാമത്തേത് പിന്തുടർന്ന ഡ്രൈവർ പറഞ്ഞ മൊഴിയാണ്. മദ്യപിച്ച് വാഹനം ഓടിച്ചിരുന്ന സംഘത്തിന് മുന്നറിയിപ്പ് നൽകാൻ പോയതാണ് എന്നത്. ഈ മൊഴി ഒറ്റക്കേൾവിയിൽത്തന്നെ കളവെന്ന് വ്യക്തമാണെന്ന് പോലീസ് ഉറപ്പിച്ചിട്ടുണ്ട്.
പാർക്കിങ് ഏരിയയിലെയും പാർട്ടി ഹാളിലെയും ദൃശ്യങ്ങൾ
പാർട്ടി നടന്ന ഹോട്ടലിലെ ഹാളിലെയും പാർക്കിങ് ഏരിയയിലെയും ദൃശ്യങ്ങൾ മാത്രം മാറ്റിയതാണ് ഹോട്ടലുടമയിലേക്ക് സംശയത്തിന്റെ വിരൽ ചൂണ്ടുന്നത്. ഹാളിൽ നടന്ന കാര്യങ്ങളും കാർ പിന്തുടർന്നതും ഒളിപ്പിക്കാനുള്ള ശ്രമമാണിത്. ചോദ്യംചെയ്യലിൽ ഇതിനെല്ലാം ഉത്തരം നൽകേണ്ടിവരും ഉടമ. ദൃശ്യങ്ങൾ നശിപ്പിച്ചുവെന്നാണ് മൊഴിയെങ്കിലും ഇത് പോലീസ് വിശ്വസിച്ചിട്ടില്ല.
അമിതവേഗത്തിൽ പാഞ്ഞ കാർ ഫോർട്ടുകൊച്ചിയിലെ ഹോട്ടലിൽ നിന്നിറങ്ങിയ സമയംവെച്ചു നോക്കുമ്പോൾ പാലാരിവട്ടം ബൈപ്പാസിൽ എത്തിയത് ഏറെ വൈകിയാണ്. പിന്തുടർന്ന കാറിലുള്ളയാളും അപകടത്തിൽപ്പെട്ടവരും തമ്മിൽ യാത്രയ്ക്കിടയിൽ നിർത്തി എന്തോ സംസാരിച്ചിട്ടുണ്ട്. ഇത് വാക്കുതർക്കമായിരുന്നോ എന്നും പോലീസ് സംശയിക്കുന്നു.
നിർണായകം മൂന്നുപേരുടെ ചോദ്യംചെയ്യൽ
അപകടം സംഭവിച്ച കാർ ഓടിച്ചിരുന്ന അബ്ദുൾ റഹ്‌മാൻ ഇപ്പോൾ റിമാൻഡിലാണ്. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യണം. ഹോട്ടലുടമയ്ക്ക് ചോദ്യംചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയെങ്കിലും എത്തിയിട്ടില്ല.
മറ്റൊന്ന്, പിന്തുടർന്ന കാർ ഓടിച്ചിരുന്ന സൈജുവാണ്. ഇയാളെ കഴിഞ്ഞദിവസം ചോദ്യംചെയ്തിരുന്നു. മൂന്നുപേരെയും വീണ്ടും വിശദമായി ചോദ്യംചെയ്താൽ സംഭവത്തിൽ വ്യക്തത വരുമെന്നാണ് പോലീസിന്റെ പ്രതീക്ഷ.