ചെറിയ തോതിലുള്ള ലഹരിമരുന്നുപയോഗം കുറ്റകരമല്ലാതാക്കുന്ന വിധം നിയമം പരിഷ്കരിക്കാൻ കേന്ദ്ര സർക്കാർ നീക്കം തുടങ്ങി. ഇത്തരം കേസുകളിൽ പിടിക്കപ്പെടുന്നവരെ പുനരധിവസിപ്പിച്ചും 30 ദിവസത്തെ ലഹരിമുക്ത ചികിത്സയും കൗൺസലിങ്ങും നൽകിയും നേർവഴിക്കു നയിക്കാനാണു ശ്രമം. ഇതിനായി, നിയമഭേഗഗതിക്കു ധാരണയായി. ബിൽ പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ അവതരിപ്പിച്ചേക്കും. അതേസമയം, കൂടിയ അളവിൽ ലഹരി കൈവശം വയ്ക്കുന്നവർക്കു ശിക്ഷ ഉറപ്പാക്കും. ആവർത്തിച്ചു പിടിക്കപ്പെടുന്നവരുടെ കാര്യത്തിൽ കർശന വ്യവസ്ഥകൾ വരും.10,000 രൂപ പിഴ, 6 മാസം തടവ്
നർകോട്ടിക്, ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (എൻഡിപിഎസ്എ) നിയമത്തിലെ 27–ാം വകുപ്പ് പ്രകാരം 10,000 രൂപ പിഴയോ 6 മാസത്തെ തടവോ രണ്ടും ഒരുമിച്ചോ അനുഭവിക്കേണ്ട കുറ്റമാണ് ലഹരി ഉപയോഗം. ജാമ്യ വ്യവസ്ഥകളും കർശനമാണ്. ഈ വകുപ്പിലാണ് ഭേദഗതി വരിക.
കുറ്റവാളികളല്ല; ഇരകൾ
ലഹരി ഉപയോഗിക്കുന്നവരെ കുറ്റവാളികൾ എന്നതിനെക്കാൾ ഇരകൾ എന്ന നിലയിലാണു പരിഗണിക്കേണ്ടതെന്നാണു സാമൂഹിക നീതി മന്ത്രാലയത്തിന്റെ നിലപാട്. അവരെ ശിക്ഷിക്കുന്നതിനു പകരം, പുനരധിവാസത്തിനും ലഹരിമുക്തി പ്രവർത്തനങ്ങൾക്കും വിധേയമാക്കണം. ഈ നിലപാടിനെ ആഭ്യന്തര, ആരോഗ്യ മന്ത്രാലയങ്ങളും റവന്യു വകുപ്പ്, നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ തുടങ്ങിയവയും പിന്തുണച്ചു.