സിബിഐ, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) തലവന്മാരുടെ കാലാവധി അഞ്ചുവർഷംവരെ നീട്ടിനൽകാൻ കേന്ദ്ര സർക്കാർ രണ്ട് ഓർഡിനൻസ് ഇറക്കി. നിലവിൽ രണ്ടു വർഷമാണ് കാലാവധി. കേന്ദ്ര ഏജൻസികളെ മോദിസർക്കാർ രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുന്നുവെന്ന ആരോപണം ശക്തമായി നിലനിൽക്കെ അസാധാരണ നടപടി.
സിബിഐ ഡയറക്ടറുടെ കാലാവധി നീട്ടാൻ ഡൽഹി സ്‌പെഷ്യൽ പൊലീസ് എസ്റ്റാബ്ലിഷ്‌മെന്റ് നിയമഭേദഗതി ഓർഡിനൻസും ഇഡി ഡയറക്ടറുടെ കാലാവധി നീട്ടാൻ കേന്ദ്ര വിജിലൻസ് കമീഷൻ നിയമഭേദഗതി ഓർഡിനൻസുമാണ് തിരക്കിട്ട് ഇറക്കിയത്. രണ്ടിനും രാഷ്ട്രപതി അനുമതി നൽകി. അസാധാരണവും ഒഴിച്ചുകൂട്ടാനാകാത്തതുമായ സാഹചര്യത്തിലേ സേവന കാലാവധി നീട്ടാവൂവെന്ന് ജസ്റ്റിസ് എൽ എൽ റാവു അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് അടുത്തിടെ ഉത്തരവിട്ടിരുന്നു. 2018ൽ നിയമിതനായ ഇഡി ഡയറക്ടര്‍ എസ് കെ മിശ്രയ്‌ക്ക് കാലാവധി നീട്ടിയ കേസിലായിരുന്നു ഇത്.
കള്ളപ്പണം വെളുപ്പിക്കൽ, വിദേശ കറൻസി വിനിമയ നിയന്ത്രണ നിയമലംഘനം എന്നിവ അന്വേഷിക്കുന്ന ഇഡിയുടെ സമീപകാലത്തെ പല നടപടിയും വിവാദമായി. സിബിഐയുടെ പ്രവർത്തനം അടിക്കടി സുപ്രീംകോടതി വിമർശത്തിനു വിധേയമായി. സിബിഐ ഡയറക്ടർ പദവിക്ക് 1997നുമുമ്പ് നിശ്ചിത കാലാവധി ഉണ്ടായിരുന്നില്ല. വിനീത്‌കുമാർ നരൈൻ കേസിൽ സുപ്രീംകോടതി വിധിയെത്തുടർന്നാണ് കാലാവധി രണ്ടു വർഷമാക്കിയത്. സിബിഐ ഡയറക്ടർ സുബോധ്‌കുമാർ ജെയ്‌സ്‌വാൾ മെയിലാണ് നിയമിതനായത്.