22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • മകനെ പിന്നിലൂടെയെത്തി വെട്ടി? പൈപ്പിന്‍ചുവട്ടില്‍ ചോരപ്പാടുകള്‍, പൂജപ്പുര വീട്ടില്‍ നടന്നതെന്ത്?.
Kerala

മകനെ പിന്നിലൂടെയെത്തി വെട്ടി? പൈപ്പിന്‍ചുവട്ടില്‍ ചോരപ്പാടുകള്‍, പൂജപ്പുര വീട്ടില്‍ നടന്നതെന്ത്?.

നീലേശ്വരം ആക്കനാട്ട് രണ്ടുമക്കളെയും ഭാര്യയെയും വെട്ടിക്കൊലപ്പെടുത്തിയനിലയിലും ഗൃഹനാഥനെ തൂങ്ങിമരിച്ചനിലയിലും കണ്ടെത്തി.

കാരുണ്യനഗര്‍ പൂജപ്പുരവീട്ടില്‍ രാജേന്ദ്രന്‍ (55), ഭാര്യ അനിത (48), മക്കളായ ആദിത്ത് രാജ് (24), അമൃതാരാജ് (20) എന്നിവരാണ് മരിച്ചത്. ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയശേഷം ഓട്ടോഡ്രൈവറായ രാജേന്ദ്രന്‍ ആത്മഹത്യചെയ്തതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

ഞായറാഴ്ച രാത്രിയാണ് സംഭവം. ഭാര്യയുടെയും മകളുടെയും മൃതദേഹം കിടപ്പുമുറിയിലും മകന്റെ മൃതദേഹം ഹാളിലുമാണ് കണ്ടെത്തിയത്. മറ്റൊരു കിടപ്പുമുറിയിലായിരുന്നു രാജേന്ദ്രന്റെ മൃതദേഹം. അനിതയുടെയും അമൃതയുടെയും കഴുത്തിനാണ് വെട്ടേറ്റത്. ആദിത്തിന്റെ കഴുത്തിനും മുഖത്തും വെട്ടേറ്റിട്ടുണ്ട്. വെട്ടാന്‍ ഉപയോഗിച്ചതെന്നു കരുതുന്ന വാക്കത്തി പോലീസ് കണ്ടെടുത്തു.

വിദേശത്തായിരുന്ന രാജേന്ദ്രന്‍ പത്തുവര്‍ഷംമുന്‍പാണ് മടങ്ങിയെത്തിയത്. അതിനുശേഷം നീലേശ്വരത്ത് ഓട്ടോറിക്ഷ ഓടിക്കുകയായിരുന്നു. വീടു നിര്‍മാണത്തിലുണ്ടായ സാമ്പത്തികബാധ്യതയാകാം കാരണമെന്ന് പോലീസ് കരുതുന്നു. നീലേശ്വരത്ത് സ്വകാര്യ സി.സി.ടി.വി. സ്ഥാപനത്തില്‍ ജോലിചെയ്യുകയായിരുന്നു ആദിത്ത്. കൊട്ടാരക്കര എസ്.ജി.കോളേജില്‍ ബിരുദപഠനം പൂര്‍ത്തിയാക്കിയ അമൃത കൊട്ടാരക്കരയില്‍ സ്വകാര്യ കംപ്യൂട്ടര്‍ സ്ഥാപനത്തില്‍ വിദ്യാര്‍ഥിയായിരുന്നു. തൊഴിലുറപ്പു തൊഴിലാളിയാണ് അനിത. രാജേന്ദ്രന്‍ മുന്‍പ് മാനസികാസ്വാസ്ഥ്യത്തിന് ചികിത്സതേടിയിരുന്നതായി ബന്ധുക്കള്‍ പോലീസിന് മൊഴിനല്‍കി. ദക്ഷിണമേഖലാ ഡി.ഐ.ജി. സഞ്ജയ്കുമാര്‍ ഗുരുദിന്‍, റൂറല്‍ എസ്.പി. കെ.ബി.രവി, അഡീഷണല്‍ എസ്.പി. മധുസൂദനന്‍, കൊട്ടാരക്കര ഡിവൈ.എസ്.പി. ആര്‍.സുരേഷ്, ഇന്‍സ്‌പെക്ടര്‍ ജോസഫ് ലിയോണ്‍ എന്നിവരുടെ നേതൃത്വത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കി. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റി.

ആദിത്തിന്റെ കാലില്‍ ചെരിപ്പ്, പിന്നിലൂടെയെത്തി വെട്ടി?

ഭാര്യയെയും ചെറുപ്പക്കാരായ മക്കളെയും കൊലപ്പെടുത്തിയശേഷം രാജേന്ദ്രന്‍ ആത്മഹത്യചെയ്തു എന്ന പ്രാഥമികനിഗമനത്തില്‍ തന്നെയാണ് പോലീസ്. എങ്കിലും മറ്റു സാധ്യതകളും അന്വേഷിക്കുന്നതായി ഡിവൈ.എസ്.പി. ആര്‍.സുരേഷ് പറഞ്ഞു. ഞായറാഴ്ച രാത്രി എട്ടരയോടെയാണ് ആദിത്ത് വീട്ടിലേക്കുപോയതെന്ന് ഒപ്പം ജോലിചെയ്യുന്ന സുഹൃത്തുക്കള്‍ പറയുന്നു. വീട്ടില്‍നിന്നു രാത്രി പന്ത്രണ്ടുവരെ ശബ്ദമോ ബഹളമോ കേട്ടിരുന്നില്ലെന്ന് സമീപവാസികളും പറയുന്നു. ഉറങ്ങിക്കിടന്ന മകളെയും ഭാര്യയെയും കൊലപ്പെടുത്തിയശേഷം മകനെയും കൊന്നതാകാമെന്നാണ് പോലീസ് കരുതുന്നത്. ഹാളില്‍ ഇരുന്ന ആദിത്തിനെ പിന്നിലൂടെയെത്തി വെട്ടിയതാകാമെന്നും നിഗമനമുണ്ട്. ഹാളില്‍ മരിച്ചുകിടന്ന ആദിത്തിന്റെ കാലില്‍ ചെരിപ്പുണ്ടായിരുന്നു. പുറത്ത് വെട്ടുകത്തി കഴുകിയ പൈപ്പിനുചുവട്ടില്‍ ചോരപ്പാടുകളുണ്ടായിരുന്നു. രാവിലെ ആറോടെ സമീപവാസിയും ടാപ്പിങ് തൊഴിലാളിയുമായ ജോര്‍ജ്കുട്ടി പാലുമായി എത്തിയിരുന്നു. കതകടഞ്ഞുകിടന്നതിനാല്‍ പുറത്തുെവച്ചശേഷം സമീപപുരയിടത്തില്‍ ടാപ്പിങ്ങിനായി പോയി. പത്തോടെ ആദിത്തിനെ തേടിയെത്തിയ സുഹൃത്ത് സിബിനാണ് കൊലപാതകവിവരം ആദ്യം അറിയുന്നതും പോലീസിനെയും നാട്ടുകാരെയും അറിയിക്കുന്നതും. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൂന്നോടെയാണ് മൃതദേഹങ്ങള്‍ മാറ്റിയത്. ദക്ഷിണമേഖലാ ഡി.ഐ.ജി. സഞ്ജയ്കുമാര്‍ ഗുരുദിന്‍, കൊല്ലം റൂറല്‍ ജില്ലാ പോലീസ് മേധാവി കെ.ബി.രവി, അഡീഷണല്‍ എസ്.പി. മധുസൂദനന്‍, കൊടിക്കുന്നില്‍ സുരേഷ് എം.പി. ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തിയിരുന്നു.

ഞെട്ടല്‍മാറാതെ നാട്…

പുറമേ നിന്നുകണ്ടാല്‍ ശാന്തമായ നീലേശ്വരം പൂജപ്പുര വീട് ഒരിക്കലും മാറാത്ത ഞെട്ടലാണ് തിങ്കളാഴ്ച നാടിനു സമ്മാനിച്ചത്. നാട്ടില്‍ അധികം ബന്ധങ്ങളില്ലാത്ത ഒരു കുടുംബം കൊലചെയ്യപ്പെട്ടെന്ന വാര്‍ത്ത പരന്നത് കാട്ടുതീയേക്കാള്‍ വേഗത്തിലായിരുന്നു. പോലീസ് കെട്ടിയ ചെറുകയറിനിപ്പുറം അറിയാനുള്ള ആകാംക്ഷയോടെ നാട്ടുകാര്‍ നിരന്നു.

ഉന്നത പോലീസ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളുമെത്തി. എല്ലാവര്‍ക്കും അറിയേണ്ടിയിരുന്നത് രാജേന്ദ്രന്‍ എന്തിനിതു ചെയ്തു എന്നായിരുന്നു. കുടുംബത്തെക്കുറിച്ച് എതിരഭിപ്രായം പറയുന്ന ഒരാള്‍പോലുമില്ലായിരുന്നു. അയല്‍വാസികളും തൊഴിലുറപ്പുതൊഴിലാളികളും ഓട്ടോ തൊഴിലാളികളുമെല്ലാം ഒരേസ്വരത്തില്‍ പറഞ്ഞതും കുടുംബത്തില്‍ ഒരു പ്രശ്‌നവുമില്ലെന്നുതന്നെയായിരുന്നു. പുറമേ സുന്ദരമെങ്കിലും പണിതീരാത്ത വീടിന്റെ കാഴ്ചകളായിരുന്നു ഉള്ളിലെല്ലാം. ഹാളിലും കിടപ്പുമുറിയിലുമായി മൃതദേഹങ്ങള്‍. ഫൊറന്‍സിക് പരിശോധനയും നടപടികളും പൂര്‍ത്തിയാക്കി മൂന്നോടെ മൃതദേഹങ്ങള്‍ പുറത്തെടുത്തു.

ആദ്യം ആദിത്തിന്റേത്. പിന്നീട് ക്രമത്തില്‍ രാജേന്ദ്രന്‍, അനിത, അമൃത എന്നിവരുടേതും. ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് കൂടിയായ വാര്‍ഡ് അംഗം ജലജാകുമാരി, അയല്‍ക്കാര്‍, അടുത്ത ബന്ധുക്കള്‍ എന്നിവരെ പോലീസ് നടപടികള്‍ക്ക് സാക്ഷിയാക്കി. മൃതദേഹങ്ങള്‍ ആദ്യം കണ്ട സിബിന്‍, വീട്ടില്‍ ആദ്യമെത്തിയ ടാപ്പിങ് തൊഴിലാളി ജോര്‍ജ്കുട്ടി എന്നിവരുടെ മൊഴികളും പോലീസ് രേഖപ്പെടുത്തി. എല്ലാം കഴിഞ്ഞ് വീടു മുദ്രവെച്ച് പോലീസ് മടങ്ങിയപ്പോഴേക്കും നേരം വൈകിയിരുന്നു. അപ്പോഴും ഉത്തരം കിട്ടാത്ത ചോദ്യം നാട്ടുകാരില്‍ ബാക്കിയായി-എന്തിനിതു ചെയ്തു.

Related posts

സ്കൂ​ൾ പ​രീ​ക്ഷാ തീ​യ​തി​ക​ളി​ൽ മാ​റ്റ​മി​ല്ല: തീ​രു​മാ​നം ഉ​ന്ന​ത ത​ല​യോ​ഗ​ത്തി​ൽ

Aswathi Kottiyoor

ഉപഭോക്തൃ പരാതി പരിഹാര ഫോറം അംഗമായി നിർദേശിക്കാം

Aswathi Kottiyoor

18 കോടിവരെ സെക്രട്ടറിമാർക്ക്‌ അനുമതി നൽകാം ; ബജറ്റ് പദ്ധതിയുടെ വേഗം കൂടും

Aswathi Kottiyoor
WordPress Image Lightbox