24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ക്രിപ്റ്റോ കറന്‍സി: സാധ്യതകളും ആശങ്കകളും.
Kerala

ക്രിപ്റ്റോ കറന്‍സി: സാധ്യതകളും ആശങ്കകളും.

നിക്ഷേപസാധ്യതകള്‍ ദിനംപ്രതി വര്‍ധിച്ചുവരികയാണ്. പരമ്പരാഗത നിക്ഷേപ സാധ്യതകളില്‍നിന്നും വിഭിന്നമായി അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന മേഖലയാണ് ‘ക്രിപ്റ്റോ കറന്‍സി’.

‘ശതോഷി നാക്കോമോട്ടോ’ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന വ്യക്തിയാണ് 2008-ല്‍ ‘ക്രിപ്റ്റോ കറന്‍സി’ എന്ന ആശയം മുന്നോട്ടുവച്ചത്. ഭൗതിക രൂപമില്ലാത്ത, ക്രിപ്റ്റോഗ്രാഫി സംവിധാനം ഉപയോഗിച്ചുകൊണ്ട് ‘ഡേറ്റ മൈനിങ്ങി’ലൂടെ നിലവില്‍വന്ന ഡിജിറ്റല്‍ കറന്‍സിയാണ് ക്രിപ്റ്റോ കറന്‍സികള്‍.

ഈ ആശയത്തിലൂന്നി 2009-ല്‍ ആദ്യ ക്രിപ്‌റ്റോ കറന്‍സിയായ ‘ബിറ്റ്‌കോയിന്‍’ നിലവില്‍വന്നു. ബിറ്റ്കോയിന്‍ പോലെയുള്ള ഡിജിറ്റല്‍ കറന്‍സികള്‍ ഒരു വികേന്ദ്രീകൃത സംവിധാനം അടിസ്ഥാനമാക്കിയുള്ളതാണ്. ഈ സംവിധാനത്തില്‍ എല്ലാ ഉപഭോക്താക്കളും അധികാരക്കുത്തക ഇല്ലെന്നും ഉറപ്പാക്കുന്നു. സൗജന്യവും അജ്ഞാതവും അന്തര്‍ദേശീയവുമായ ഇടപാടുകള്‍ സെക്കന്‍ഡുകള്‍ക്കുള്ളില്‍ നിര്‍വഹിക്കാന്‍ ഉപയോക്താക്കളെ അനുവദിക്കുന്നു.

ക്രിപ്റ്റോ കറന്‍സികള്‍ പണ ഇടപാടുമാര്‍ഗം എന്നതിലുപരി, നിക്ഷേപ ആസ്തികൂടിയാണ്. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ ക്രിപ്റ്റോ കറന്‍സികള്‍ക്ക് നിക്ഷേപസാധ്യതകള്‍ വളരെയേറെയാണ്. വിപണിയിലെ ഏറ്റവും മൂല്യമേറിയതും പ്രചാരത്തിലുള്ളതുമായ ക്രിപ്റ്റോ കറന്‍സിയും ബിറ്റ്കോയിന്‍ തന്നെയാണ്.

പ്രാരംഭഘട്ടത്തില്‍ ഒരു കോയിനിന്റെ വില വെറും 37 പൈസ ആയിരുന്നുവെങ്കില്‍ 2021 ഏപ്രില്‍ ആയപ്പോള്‍ അത് ഏകദേശം 48 ലക്ഷം ആയി ഉയര്‍ന്നു. അതായത്, 2009-ലെ 100 രൂപയുടെ നിക്ഷേപത്തിന് 2021-ല്‍ 130 കോടി രൂപയോളമായി മൂല്യം വര്‍ധിച്ചിരിക്കുന്നു.

പ്രാരംഭഘട്ടം മുതല്‍തന്നെ ക്രിപ്റ്റോ കറന്‍സികള്‍ ഇന്ത്യയില്‍ സ്ഥാനംപിടിച്ചിരുന്നു. എന്നാല്‍, 2018-ല്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ബാങ്കുകളെ ക്രിപ്റ്റോ കറന്‍സി ഇടപാടുകളില്‍നിന്നും വിലക്കിയതോടെ നിക്ഷേപകരില്‍ ഇത് ആശങ്കയ്ക്ക് വഴിയൊരുക്കി. 2020-ല്‍ സുപ്രീംകോടതി ഇടപെട്ട് ഈ വിലക്ക് നീക്കം ചെയ്തതിനെ തുടര്‍ന്ന് ഇന്ത്യയില്‍ ക്രിപ്റ്റോ കറന്‍സിയുടെ പ്രചാരത്തില്‍ കാര്യമായ വര്‍ധന ഉണ്ടായി.

നിക്ഷേപസാധ്യതകള്‍

ക്രിപ്റ്റോ കറന്‍സിയുടെ മൈനിങ്ങും കൈമാറ്റവും ക്രിപ്റ്റോഗ്രാഫി അടിസ്ഥാനമാക്കിയായതിനാല്‍ കൃത്രിമത്വം കാണിക്കാന്‍ സാധിക്കില്ല എന്നത് ഇതിന്റെ ജനസമ്മതി വര്‍ധിപ്പിക്കുന്നു. അതോടൊപ്പം, ലെബനന്‍, സിംബാബ്വേ തുടങ്ങിയ രാജ്യങ്ങളുടെ കറന്‍സികളുടെ പരാജയം ക്രിപ്റ്റോ കറന്‍സിയുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തി.

2016-ലെ നോട്ട് നിരോധനത്തിനുശേഷം ഇന്ത്യയിലെ പണമിടപാടുകളില്‍ ‘ഡിജിറ്റല്‍ ഇടപാടു’കളുടെ തോതില്‍ ഗണ്യമായ മാറ്റം വരികയുണ്ടായി. വ്യാജ ക്രിപ്റ്റോ കറന്‍സികളുടെ നിര്‍മാണം അസാധ്യമായതിനാല്‍ തന്നെ നോട്ട് നിരോധനം ഇന്ത്യയില്‍ ക്രിപ്റ്റോ കറന്‍സിയുടെ വളര്‍ച്ചയ്ക്ക് ആക്കംകൂട്ടി.

റേ ഡാലിയോ, കെവിന്‍ ലെയറിയോ എന്നിവരെ പോലുള്ള അമേരിക്കന്‍ വന്‍കിട നിക്ഷേപകര്‍ തുടക്കത്തില്‍ ക്രിപ്റ്റോ കറന്‍സികളെ വിമര്‍ശിച്ചുവെങ്കിലും പിന്നീട് ക്രിപ്റ്റോ കറന്‍സി അവരുടെ പ്രീതി പിടിച്ചുപറ്റുകയുണ്ടായി. കൂടാതെ വിസ, ജെ.പി. മോര്‍ഗന്‍, ഗോള്‍മാന്‍ സാക്‌സ് തുടങ്ങിയ വന്‍കിട നിക്ഷേപസ്ഥാപനങ്ങള്‍ ക്രിപ്റ്റോ കറന്‍സിയെ അമിതമായി ആശ്രയിച്ചുതുടങ്ങിയിരിക്കുന്നു.

മറ്റു നിക്ഷേപങ്ങളെ അപേക്ഷിച്ച് വിലയില്‍ അമിത ചാഞ്ചാട്ടം കാരണം, ചിട്ടയോടു കൂടിയ സമയോചിത നിക്ഷേപങ്ങള്‍ വലിയ ലാഭത്തിലേക്ക് നയിക്കുന്നു എന്നതാണ് നിക്ഷേപകരെ ക്രിപ്റ്റോ കറന്‍സിയിലേക്ക് അടുപ്പിക്കുന്ന മറ്റൊരു കാരണം.

പരിമിതികളും ആശങ്കകളും

ഭീമമായ നഷ്ടസാധ്യത: ക്രിപ്റ്റോ കറന്‍സിയുടെ വിലയിലെ അമിതമായ വ്യതിയാനങ്ങള്‍ മൂലം നിക്ഷേപ തീരുമാനങ്ങളില്‍ ഉണ്ടായേക്കാവുന്ന ചെറിയ പിഴവുകള്‍ പോലും വലിയ നഷ്ടസാധ്യതകള്‍ക്ക് കാരണമാകുന്നു. നിലവിലെ യുവ നിക്ഷേപകരുടെ ശ്രദ്ധയാര്‍ജിക്കാന്‍ ക്രിപ്റ്റോ കറന്‍സിക്ക് കഴിഞ്ഞുവെങ്കിലും ഭൂരിപക്ഷം നിക്ഷേപകരും ഇപ്പോഴും സംശയദൃഷ്ടിയോടെയാണ് ക്രിപ്റ്റോ കറന്‍സിയെ കാണുന്നത്.

വാറന്‍ ബഫറ്റിനെ പോലെയുള്ള ലോകം അറിയപ്പെടുന്ന നിക്ഷേപകര്‍ ഇപ്പോഴും ക്രിപ്റ്റോ മാര്‍ക്കറ്റിനോട് അകലം പാലിക്കുന്നു എന്നത് മറ്റ് നിക്ഷേപകര്‍ക്കും ക്രിപ്റ്റോ വിപണിയോട് വിമുഖത കാണിക്കാന്‍ പ്രേരിപ്പിക്കുന്ന ഘടകമാണ്.

2021 മേയ് 12-ന് ലോകത്തിലെ അതിസമ്പന്നരിലൊരാളായ എലോണ്‍ മസ്‌കിന്റെ ‘ടെസ്ല’ കാര്‍ കമ്പനി, ബിറ്റ്കോയിന്‍ സ്വീകരിക്കില്ല എന്ന ട്വീറ്റ് മൂലം ബിറ്റ്കോയിനിന്റെ വിലയില്‍ 40 ശതമാനത്തിനു മുകളില്‍ തകര്‍ച്ചയുണ്ടായി. ഏകദേശം രണ്ടുലക്ഷം കോടി ഡോളറോളം നഷ്ടമാണ് ഒരാഴ്ചയ്ക്കകത്ത് നിക്ഷേപകര്‍ നേരിട്ടത്.

Related posts

ഭക്ഷ്യവിഷബാധ; 11 നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍………..

Aswathi Kottiyoor

മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ക്യാ​മ്പു​ക​ളി​ൽ ക​ഴി​യേ​ണ്ട​വ​ര​ല്ല; സ​ര്‍​ക്കാ​ർ ഒ​പ്പ​മു​ണ്ടെ​ന്ന് മു​ഖ്യ​മ​ന്ത്രി

Aswathi Kottiyoor

ഇരിക്കൂർ എൽ ഡി എഫ് കമ്മറ്റി പഞ്ചായത്ത് ഓഫിസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി

Aswathi Kottiyoor
WordPress Image Lightbox