തിരഞ്ഞെടുപ്പ് കോഴക്കേസിൽ ജെ.ആർ.പി. അധ്യക്ഷ സി.കെ. ജാനു, സംസ്ഥാന ട്രഷറർ പ്രസീത അഴീക്കോട് എന്നിവരുടെ ശബ്ദപരിശോധന നടത്തി. കാക്കനാട് എൻ.ജി.ഒ. ക്വാർട്ടേഴ്‌സ് ചിത്രാഞ്ജലി സ്റ്റുഡിയോയിലാണ് ക്രൈംബ്രാഞ്ചിന്റെ നേതൃത്വത്തിൽ ശബ്ദം പരിശോധിച്ചത്. സി.കെ. ജാനുവിനൊപ്പം ബി.ജെ.പി. വയനാട് ജില്ലാ ജനറൽ സെക്രട്ടറി പ്രശാന്ത് മലവയിലും ഹാജരായി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സി.കെ. ജനുവിനെ എൻ.ഡി.എ. സ്ഥാനാർഥിയാക്കാൻ ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ 35 ലക്ഷം രൂപ കൈമാറിയെന്ന കേസാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്. വയനാട് ക്രൈംബ്രാഞ്ചിന്റെ അപേക്ഷയിൽ ബത്തേരി ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് ശബ്ദസാംപിൾ പരിശോധിക്കാൻ ഉത്തരവിട്ടത്.
തിരഞ്ഞെടുപ്പിനുശേഷം ഇവരുടെ ഫോൺസംഭാഷണം പുറത്തായിരുന്നു. ഈ സംഭാഷണത്തിലെ വാചകങ്ങൾ മൂന്നുപേരെ കൊണ്ടും സ്റ്റുഡിയോയിൽവെച്ച് അഞ്ചുതവണ പറയിപ്പിച്ചു റെക്കോഡ് ചെയ്തായിരുന്നു പരിശോധന. ഇവ സി.ഡി.യിലാക്കി ഒരെണ്ണം പോലീസിനും മറ്റൊന്ന് കോടതിക്കും കൈമാറി. വയനാട് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി.യുടെ മേൽനോട്ടത്തിലായിരുന്നു നടപടി.
കേസ് രാഷ്ട്രീയ ഗൂഢാലോചനയെന്ന് സി.കെ. ജാനു ശബ്ദപരിശോധനയ്ക്കുശേഷം മാധ്യമങ്ങളോട് പറഞ്ഞു. ഏത് അന്വേഷണവും നടക്കട്ടെ, ഇതിനായി എന്ത് രേഖകൾ ഹാജരാക്കാനും ഏതു കോടതിയിൽ പോകാനും ഒരുക്കമാണെന്നും അവർ പറഞ്ഞു.