മലയാളം ഔദ്യോഗിക ഭാഷയാക്കുന്നതിനുൾപ്പെടെ കേരളം 2015-ൽ പാസാക്കിയ മലയാള ഭാഷ (വ്യാപനവും പരിപോഷണവും) ബില്ലിന് അംഗീകാരം ലഭിക്കാൻ ഇനി വേണ്ടത് കേന്ദ്ര വിദ്യാഭ്യാസവകുപ്പിനു കീഴിലെ സ്‌കൂൾ എജ്യുക്കേഷൻ ഡിവിഷന്റെ അനുമതി.
നിയമസഭ പാസാക്കിയ ഭാഷാ പ്രോത്സാഹന ബില്ലിൽ പ്രാഥമിക വിദ്യാഭ്യാസകാര്യത്തിൽ ഭാഷാ ന്യൂനപക്ഷങ്ങൾക്ക് (തമിഴും കന്നഡയും ഉൾപ്പെടെ) ഭരണഘടനപ്രകാരം ലഭിക്കേണ്ട അവകാശം ഹനിക്കപ്പെടുന്നുണ്ടോ എന്ന സംശയത്തിലാണ് അന്നത്തെ ഗവർണർ പി. സദാശിവം ബിൽ രാഷ്ട്രപതിയുടെ പരിഗണനയ്ക്കായയച്ചത്. സംസ്ഥാന പട്ടികയിൽ ഉൾപ്പെടുത്തിയാണ് സംസ്ഥാനം ബിൽ പാസാക്കിയതെങ്കിലും ഈ വിഷയത്തിൽ കൺകറന്റ് സ്വഭാവം (സംസ്ഥാനത്തിനും കേന്ദ്രത്തിനും നിയമനിർമാണത്തിൽ ഉത്തരവാദിത്വമുള്ള) സുപ്രീംകോടതി ചീഫ് ജസ്റ്റിസ് കൂടിയായിരുന്ന ഗവർണർ കണ്ടെത്തുകയായിരുന്നുവെന്നാണറിയുന്നത്.
രാഷ്ട്രപതിയുടെ അംഗീകാരത്തിന് സമർപ്പിക്കാനെത്തിയ ബില്ലിൽ ഇക്കാര്യത്തിൽ വ്യക്തതവരുത്തണമെന്ന് ആഭ്യന്തരമന്ത്രാലയം സംസ്ഥാനസർക്കാരിനെ അറിയിച്ചിരുന്നു. സംസ്ഥാനസർക്കാർ സ്കൂൾ വിദ്യാഭ്യാസഡിവിഷനുമായി ആശയവിനിമയം നടത്തി മറുപടിനൽകിയാൽ ഫയൽ രാഷ്ട്രപതിയുടെ അംഗീകാരത്തിന് കൈമാറുമെന്ന് സംസ്ഥാനനിയമവകുപ്പിനെ 2019-ൽ അറിയിച്ചതായാണ് ആഭ്യന്തരമന്ത്രാലയത്തിൽനിന്ന് ലഭിക്കുന്ന വിവരം. എന്നാൽ, ഇക്കാര്യത്തിൽ സംസ്ഥാന നിയമവകുപ്പ് തുടർനടപടി സ്വീകരിക്കുന്നത് കോവിഡ് ആയതോടെ മുടങ്ങിയതായാണ് സൂചന. ഇതുകാരണം കേരളത്തിന്റെ ഔദ്യോഗിക ഭാഷ ഇപ്പോഴും ഇംഗ്ലീഷോ മലയാളമോ ആയി തുടരുകയാണ്. 1969-ലെ നിയമത്തിന്റെ അടിസ്ഥാനത്തിലാണിത്.
ഔദ്യോഗിക ഭാഷ ഇംഗ്ലീഷുകൂടിയായതിനാൽ സർക്കാർ-കോടതി പ്രവർത്തനങ്ങളിലും വിദ്യാലയങ്ങളിലും മലയാളം നിർബന്ധമല്ലാത്ത സാഹചര്യമുണ്ടായിരുന്നു. അതിനാലാണ് ഉമ്മൻചാണ്ടി സർക്കാർ ബിൽ കൊണ്ടുവന്നതും നിയമസഭ ഏകകണ്ഠമായി പാസാക്കിയതും. ബില്ലിന് അംഗീകാരം വൈകിയതോടെ വിദ്യാലയങ്ങളിൽ മലയാളം നിർബന്ധമായി പഠിപ്പിക്കാൻ കേരളം 2017-ൽ മറ്റൊരു ഭാഷാനിയമം കൊണ്ടുവന്നു. ഭരണഭാഷ മലയാളമാക്കുന്നതിനുള്ള ഉത്തരവുകളും ഇറക്കി. മലയാളം ഉപയോഗിക്കാത്ത ഉദ്യോഗസ്ഥർക്കെതിരേ നടപടിസ്വീകരിക്കുമെന്ന് കേരളപ്പിറവി ദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പുനൽകിയിട്ടുണ്ടെങ്കിലും 1969-ലെ നിയമം നിലനിൽക്കുന്നത് നിയമപ്രശ്നങ്ങൾ സൃഷ്ടിക്കുന്നതാണ്.