• Home
  • Kerala
  • ആഗോള നൂതനത്വ സൂചിക: ഇന്ത്യ മുന്നിൽ; രാജ്യത്തെ പട്ടികയിൽ കേരളം പിന്നിൽ.
Kerala

ആഗോള നൂതനത്വ സൂചിക: ഇന്ത്യ മുന്നിൽ; രാജ്യത്തെ പട്ടികയിൽ കേരളം പിന്നിൽ.

ആഗോള നൂതനത്വ (ഇന്നവേഷൻ) സൂചികയിലും (ജിഐഐ) ബ്ലൂംബെർഗിന്റെ നൂതനത്വ സൂചികയിലും ഇന്ത്യ മുന്നിൽ. നിതി ആയോഗ് തയാറാക്കുന്ന ഇന്ത്യൻ സംസ്ഥാനങ്ങളുടെ നൂതനത്വ സൂചികയിൽ കേരളം പിന്നിലാണ്. ആഗോള തലത്തിൽതന്നെ വ്യവസായ സമ്പദ് വ്യവസ്ഥയിൽനിന്ന് നൂതനത്വ സമ്പദ് വ്യവസ്ഥയിലേക്ക് രാജ്യങ്ങൾ മാറുകയാണ്. കണ്ടുപിടിത്തവും (ഇൻവെൻഷൻ) നൂതനത്വവും (ഇന്നവേഷൻ) തമ്മിൽ വ്യത്യാസമുണ്ട്. സെൽഫോൺ കണ്ടുപിടിത്തമാണ്. പക്ഷേ അതു കൊണ്ടു ബാങ്ക് ഇടപാടുകൾ വേഗം നടത്തുന്നതാവട്ടെ നൂതനത്വവും. ഓൺലൈൻ ടാക്സികളും ഓൺലൈൻ ഭക്ഷണ വിതരണവും ഗൂഗിൾ മാപ്പ് ഉപയോഗിച്ചു സഞ്ചാരവുമെല്ലാം സ്മാർട് ഫോൺ ഉപയോഗപ്പെടുത്തുന്ന നൂതനത്വങ്ങളാണ്. അതായത് കണ്ടുപിടിക്കപ്പെട്ട സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് നിത്യജീവിതത്തിലെ പ്രശ്നങ്ങൾക്കും ആവശ്യങ്ങൾക്കും പരിഹാരം കാണുന്നതരം നൂതനമായ രീതികൾ നടപ്പിൽ വരുത്തിയാൽ അതു നൂതനത്വമായി.

ആഗോള നൂതനത്വ സൂചികയിൽ ഇന്ത്യ 46–ാമതാണ്. 2015ൽ 81–ാം സ്ഥാനത്തു നിന്നാണ് 2021ൽ ഈ നിലയിലെത്തിയത്. ആഗോള നൂതനത്വ സൂചിക വർഷം തോറും പുറത്തിറക്കുന്നത് വേൾഡ് ഇന്റലക്ച്വൽ പ്രോപ്പർട്ടി ഓർഗനൈസേഷനാണ്. (ഡബ്ലിയുഐപിഒ). എൺപതോളം വിവിധ വസ്തുതകൾ പരിഗണിച്ചാണ് സൂചിക തയാറാക്കുക. മൊബൈൽ ആപ്ലിക്കേഷനുകൾ എത്ര സൃഷ്ടിച്ചു, വിദ്യാഭ്യാസ രംഗത്ത് എത്ര തുക ചെലവഴിക്കുന്നു, എത്ര ശാസ്ത്ര, സാങ്കേതിക പ്രസിദ്ധീകരണങ്ങളുണ്ട് എന്നതൊക്കെ മാനദണ്ഡങ്ങളാണ്.ഇക്കൊല്ലത്തെ റാങ്കിങ് അനുസരിച്ച് സ്വിറ്റ്സർലൻഡാണ് ഒന്നാം സ്ഥാനത്ത്. സ്വീഡനും യുഎസും യുകെയും രണ്ടും മൂന്നും നാലും സ്ഥാനങ്ങളിൽ. ധനിക രാജ്യങ്ങൾ തന്നെയാണു സൂചികയിൽ മുന്നിൽ. ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിൽ വിയറ്റ്നാം കഴിഞ്ഞാൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. 81–ാം സ്ഥാനത്തുനിന്ന് ഇന്ത്യ പതിയെ മുന്നേറുകയായിരുന്നു. 2016ൽ 66–ാം സ്ഥാനത്തും 2017ൽ 60–ാം സ്ഥാനത്തും 2018ൽ 57, 2019ൽ 52, 2020ൽ 48 എന്നിങ്ങനെ ഇപ്പോൾ 46ലെത്തി. ഐടി കയറ്റുമതിയിൽ ഇപ്പോഴും ഇന്ത്യ ഒന്നാം സ്ഥാനത്താണ്. വ്യവസായങ്ങളുടെ വൈവിധ്യവൽക്കരണത്തിൽ 12–ാം സ്ഥാനത്ത്. എൻജിനീയറിങ്, ശാസ്ത്ര ബിരുദധാരികളിലും 12–ാം സ്ഥാനത്ത്.

ബ്ലൂംബെർഗ് നൂതനത്വ സൂചിക

ബ്ലൂംബെർഗ് ന്യൂയോർക്കിലെ വലിയ മാധ്യമ സ്ഥാപനമാണ്. അവർ തയാറാക്കുന്ന സൂചികയിൽ വ്യവസായോൽപ്പാദന മികവും ഹൈടെക് സ്ഥാപനങ്ങളും ഗവേഷണവികസനങ്ങളിൽ നടത്തുന്ന നിക്ഷേപവുമെല്ലാം വരും. 200 രാജ്യങ്ങൾക്കിടെ അവർ നടത്തിയ പഠനത്തിനു ശേഷം മുകൾ തട്ടിലുള്ള 60 രാജ്യങ്ങളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ദക്ഷിണ കൊറിയ ഒന്നാം സ്ഥാനത്ത്. സിംഗപ്പൂരും സ്വിറ്റ്സർലൻഡും രണ്ടും മൂന്നും സ്ഥാനങ്ങളിൽ. ഇന്ത്യയ്ക്ക് 50–ാം സ്ഥാനം. മുൻ വർഷത്തേതിൽനിന്ന് 4 പടവ് മുകളിലാണ് ഇന്ത്യ. ദക്ഷിണേഷ്യയിൽനിന്ന് ഇന്ത്യ മാത്രമേ ലിസ്റ്റിലുള്ളു.

ഇന്ത്യൻ നൂതനത്വ സൂചിക

നിതി ആയോഗ് തയാറാക്കുന്ന ഇന്ത്യൻ സൂചികയിൽ കർണാടകയാണ് ഒന്നാം സ്ഥാനത്ത്. തമിഴ്നാടും മഹാരാഷ്ട്രയും തെലങ്കാനയും ഹരിയാനയും അടുത്ത സ്ഥാനങ്ങളിൽ. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ മുന്നിൽ സിക്കിം. കേന്ദ്രഭരണ പ്രദേശങ്ങളിൽ മുന്നിൽ ഡൽഹി.

ജനസംഖ്യാ പ്രയോജനം

ഇന്ത്യയുടെ പ്രധാന നേട്ടം 130 കോടി ജനങ്ങളിലെ ചെറുപ്പക്കാരാണ്. ജനസംഖ്യയുടെ 62% പേർ ജോലി ചെയ്യുന്ന പ്രായത്തിലുള്ളവരാണ്. 15 വയസ്സ് മുതൽ 59 വയസ്സ് വരെ. ജനസംഖ്യയുടെ 54% പേർ 25 വയസ്സിൽ താഴെ പ്രായമുള്ളവരും. ഇതു മുതലാക്കണമെങ്കിൽ ചെറുപ്പക്കാരുടെ പടയ്ക്ക് നൈപുണ്യ പരിശീലനം നൽകുകയും തൊഴിലെടുക്കാൻ പ്രാപ്തരാക്കുകയും വേണം.

ഗവേഷണത്തിനും നൂതനത്വങ്ങൾക്കു രൂപം കൊടുക്കുന്നതിലും ഇന്ത്യ കൂടുതൽ പണം ചെലവഴിക്കണമെന്ന് വിദഗ്ധർ പറയുന്നു. നിലവിൽ ജിഡിപിയുടെ 0.69% മാത്രമാണു ചെലവഴിക്കുന്നത്. ഇസ്രയേൽ പോലും 4.3% ചെലവിടുന്നു. ഇത്തരം ആഗോള സൂചികകളിൽ മുന്നേറണമെങ്കിലും ഗവേഷണ വികസനത്തിന് ഇന്ത്യ ചെലവിടുന്ന തുക ഇനിയും കാര്യമായി വർധിക്കേണ്ടതുണ്ട്.

Related posts

ലൈഫ് സർട്ടിഫിക്കറ്റ് പുതുക്കാൻ ഫെയ്സ് റെക്കഗ്നിഷൻ.

Aswathi Kottiyoor

ആലത്തൂരിൽനിന്ന്‌ കാണാതായ പെൺകുട്ടിയെ കണ്ടെത്തി .

Aswathi Kottiyoor

നാമജപ യജ്ഞം നടത്തി

Aswathi Kottiyoor
WordPress Image Lightbox