23.2 C
Iritty, IN
July 16, 2024
  • Home
  • Kerala
  • കേന്ദ്രത്തിന്റെ നടപടി പോക്കറ്റടിച്ചിട്ട് വണ്ടിക്കൂലി തരുന്നതുപോലെ: കെ എന്‍ ബാലഗോപാൽ .
Kerala

കേന്ദ്രത്തിന്റെ നടപടി പോക്കറ്റടിച്ചിട്ട് വണ്ടിക്കൂലി തരുന്നതുപോലെ: കെ എന്‍ ബാലഗോപാൽ .

ഇന്ധനവിലയില്‍ കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ വരുത്തിയ കുറവ് പോക്കറ്റടിക്കാരന്റെ ന്യായം പോലെയാണെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കേന്ദ്രം അധികമായി വാങ്ങിച്ചിരുന്ന 30 രൂപയില്‍ നിന്നാണ് ഇപ്പോള്‍ അഞ്ചൂരൂപ കുറച്ചിരിക്കുന്നത്. സംസ്ഥാനത്ത് ഇതിന് ആനുപാതികമായി കുറവ് വരുത്തിയിട്ടുണ്ട്. 10 രൂപ ഡീസലിന് കേന്ദ്രം കുറച്ചപ്പോള്‍ സംസ്ഥാനം 2.50 രൂപയും പെട്രോളിന് 5 രൂപ കുറച്ചപ്പോള്‍ 1.60 രൂപയോളവും ആനുപാതികമായി കേരളത്തില്‍ കുറവ് വന്നതായും ധനമന്ത്രി ചൂണ്ടിക്കാട്ടി.

സംസ്ഥാനങ്ങളുമായി ഒരുരൂപപോലും പങ്കുവെക്കേണ്ടാത്ത നികുതിയില്‍ വരുത്തിയ കുറവ് മുഖം മിനുക്കാനുള്ള നടപടി മാത്രമാണ്. ഏതാനും മാസങ്ങളായി 30 രൂപയിലധികം കേന്ദ്രം വര്‍ധിപ്പിച്ചിട്ടുണ്ട്. സാധാരണ നികുതിനിയമം അനുസരിച്ചല്ല എക്‌സൈസ് നികുതിയില്‍ ഈ വര്‍ധനവ് നടത്തിയത്. ഇതില്‍ സംസ്ഥാനങ്ങള്‍ക്ക് വിഹിതം കിട്ടില്ല. അതില്‍ നിന്നാണ് ഇപ്പോള്‍ കുറവ് വരുത്തിയത്. പോക്കറ്റടിച്ചിട്ട് വണ്ടിക്കൂലി തരുന്നതുപോലെയാണ് ഈ കുറവെന്നും മന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

കേന്ദ്രത്തിനു പിന്നാലെ ചില സംസ്ഥാനങ്ങളിലും നികുതി കുറച്ചുവെന്ന വാദത്തിനും മന്ത്രി മറുപടി നല്‍കി. കോവിഡിന്റെ കാലത്ത് നികുതി കൂട്ടാത്ത അപൂര്‍വ സംസ്ഥാനങ്ങളിലൊന്നാണ് കേരളം. അഞ്ച് രൂപയാണ് കോവിഡ് സെസായി അസം വാങ്ങിയത്. അതില്‍ നിന്നാണ് ഇപ്പോള്‍ അസം നികുതി കുറച്ചിരിക്കുന്നത്. കേരളത്തില്‍ കോവിഡ് സെസ് ഏര്‍പ്പെടുത്തിയിട്ടില്ല. ഇന്ധനവിലയില്‍ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളേക്കാള്‍ കുറവാണ് കേരളത്തിലെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് കഴിഞ്ഞ ആറ് വര്‍ഷമായി ഇന്ധന നികുതി വര്‍ധിപ്പിച്ചിട്ടില്ല. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് നികുതി ഒരുതവണ കുറയ്ക്കുകയും ചെയ്തു. യുഡിഎഫിന്റെ കാലത്ത് അഞ്ചുവര്‍ഷം കൊണ്ട് 90 ശതമാനത്തോളം വര്‍ധനവാണ് നികുതിയില്‍ നിന്ന് വന്നത്. ഇടയ്ക്കിടക്കെല്ലാം യുഡിഎഫ് സര്‍ക്കാര്‍ നികുതി വര്‍ധിപ്പിക്കുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നികുതിയില്‍ 15 ശതമാനത്തോളം വര്‍ധനവ് മാത്രമാണ് ഉണ്ടായത്.

ഈ വര്‍ഷം മാത്രം കഴിഞ്ഞ വര്‍ഷം കിട്ടിയതിനേക്കാള്‍ 6400 കോടിയാണ് സംസ്ഥാനത്ത് കിട്ടിക്കൊണ്ടിരുന്ന നികുതിയിനത്തില്‍ കുറവുവന്നത്. ഇത് എല്ലാ സംസ്ഥാനങ്ങളും ഉയര്‍ത്തുന്ന വിഷയങ്ങളാണ്. വിലകുറയുക എന്നത് ജനങ്ങളുടെ ആവശ്യമാണ്. എല്ലാ ജനങ്ങളുടെയും താല്‍പര്യം സംരക്ഷിക്കുകയാണ് സര്‍ക്കാരിന്റെ കടമ. സോണിയാ ഗാന്ധിയും കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റിയും ആവശ്യപ്പെട്ടത് കേന്ദ്രം സെസ് വെട്ടിക്കുറയ്ക്കണമെന്നാണ്. ആ അഭിപ്രായം കെപിസിസി പ്രസിഡന്റിന് ഉണ്ടോ എന്ന് പറയണം. സംസ്ഥാനങ്ങളെ സാമ്പത്തികമായി തകര്‍ക്കുന്ന കേന്ദ്രനിലപാടിനെതിരായി എല്ലാവരും മുന്നോട്ടുവരികയാണ് ചെയ്യേണ്ടതെന്നും ധനമന്ത്രി പറഞ്ഞു.

Related posts

പറശ്ശിനിക്കടവിൽ ജലവിനോദ സഞ്ചാരത്തിന്‌ തിരക്കേറുന്നു

Aswathi Kottiyoor

അവശർക്ക് സഹായം നൽകാൻ സർക്കാർ പ്രതിജ്ഞാബദ്ധം: മന്ത്രി വി.എൻ. വാസവൻ

Aswathi Kottiyoor

സം​സ്ഥാ​ന​ത്ത് സ്ത്രീ​ധ​ന നി​രോ​ധ​ന ച​ട്ട​ങ്ങ​ളി​ല്‍ ഭേ​ദ​ഗ​തി വ​രു​ത്തി

Aswathi Kottiyoor
WordPress Image Lightbox