റെസിഡന്‍ഷ്യല്‍ അപ്പാര്‍ട്ട്മെന്റുകളിലെ താമസക്കാര്‍ വളര്‍ത്തുമൃഗങ്ങളെ ഒപ്പം സംരക്ഷിക്കുന്നതു വിലക്കുന്ന റെസിഡന്‍ഷ്യല്‍ അസോസിയേഷനുകളുടെ നിയമാവലി നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്നു ഹൈക്കോടതി.
അപ്പാര്‍ട്ട്മെന്റുകളിലെ താമസക്കാര്‍ക്ക് സ്വന്തം ഇഷ്ടപ്രകാരം വളര്‍ത്തുമൃഗങ്ങളെ സംരക്ഷിക്കാം. അപ്പാര്‍ട്ട്മെന്റിലെ ലിഫ്റ്റുകള്‍ ഉള്‍പ്പെടെയുള്ള പൊതുസൗകര്യങ്ങള്‍ ഇതിനായി ഉപയോഗിക്കുന്നതിനും തടസമില്ലെന്നും കോടതി പറഞ്ഞു. പീപ്പിള്‍സ് ഫോര്‍ ആനിമല്‍സ് എന്ന സംഘടന നല്കിയ ഹര്‍ജിയില്‍ ജസ്റ്റീസ് എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റീസ് പി. ഗോപിനാഥ് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചാണു വിധി പറഞ്ഞത്.
അതേസമയം സമീപത്തെ ഫ്ളാറ്റുകളിലും അപ്പാര്‍ട്ട്മെന്റുകളിലും കഴിയുന്നവരുടെ അവകാശങ്ങള്‍ ഹനിക്കുന്ന തരത്തിലോ സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കാതെയോ മൃഗങ്ങളെ വളര്‍ത്തരുതെന്നും ഡിവിഷന് ബെഞ്ചിന്റെ വിധിയില്‍ പറയുന്നുണ്ട്.
ദേശീയ മൃഗസംരക്ഷണ ബോര്‍ഡ് ഇത്തരത്തില്‍ മൃഗങ്ങളെ സംരക്ഷിക്കുന്നതിനുള്ള വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി മാര്‍ഗനിര്‍ദേശങ്ങള്‍ 2015 ഫെബ്രുവരി 26ന് നല്‍കിയിട്ടുണ്ട്. റെസിഡന്റ്സ് അസോസിയേഷനുകള്‍ക്ക് ഈ മാര്‍ഗനിര്‍ദേശങ്ങള്‍ ഏര്‍പ്പെടുത്താവുന്നതാണെന്നും ഡിവിഷന് ബെഞ്ച് പറഞ്ഞു. മറ്റു ജീവികള്‍ക്കും അവകാശങ്ങളുണ്ടെന്ന് പൗരന്മാരെ ഓര്‍മ്മപ്പെടുത്തേണ്ടതുണ്ട്. കാരുണ്യവും ദയയും സംസ്കാരത്തിന്റെ പ്രധാന ഭാഗമാണ്. മറ്റു ജീവികളെയും സംരക്ഷിക്കുന്നതിനുള്ള ചിന്ത സമൂഹത്തില്‍ വളര്‍ത്താനായി സംസ്ഥാനത്ത് സ്കൂള്‍തലം മുതല്‍ ബോധവത്കരണ പരിപാടികള്‍ സര്‍ക്കാര്‍ സംഘടിപ്പിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.