ഇന്ത്യ തദ്ദേശീയമായി നിർമിച്ച കോവിഡ് വാക്സിനായ കോവാക്സിന് ലോകാരോഗ്യ സംഘടന അംഗീകാരം നൽകി. കോവാക്സിനെ അടിയന്തര ഉപയോഗത്തിനുള്ള വാക്സിനുകളുടെ പട്ടികയിൽ ഉൾപ്പെടുത്താൻ ലോകാരോഗ്യ സംഘടനയുടെ സ്വതന്ത്ര ഉപദേശക സമിതിയായ ടെക്നിക്കല്‍ അഡൈ്വസറി ഗ്രൂപ്പ് ശിപാർശ ചെയ്തു. ഇതോടെ കോവാക്സിൻ എടുത്തവരുടെ വിദേശയാത്രകൾക്ക് ഉൾപ്പെടെ നേരിട്ടിരുന്ന പ്രശ്നത്തിന് പരിഹാരമാകും.
ഏപ്രില്‍ 19-നാണ് അനുമതിക്കായി ഭാരത് ബയോടെക്ക് ലോകാരോഗ്യ സംഘടനയ്ക്ക് അപേക്ഷ സമര്‍പ്പിച്ചത്. വാക്സിന് പരീക്ഷണഫലം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ നല്കാന് ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടതനുസരിച്ച് കമ്പനി കൂടുതല്‍ രേഖകള്‍ ഹാജരാക്കിയിരുന്നു. ഇന്ന് സംഘടനയുടെ ഉപദേശക സമിതി യോഗം എമര്‍ജന്‍സി യൂസേജ് ലിസ്റ്റിംഗ് (EUL) അംഗീകാരം നൽകുകയായിരുന്നു.
കോവാക്സിന് വികസിപ്പിച്ചത് ഹൈദരാബാദ് ആസ്ഥാനമായ ഭാരത് ബയോടെക്കാണ്. ഇന്ത്യയില്‍ ഉപയോഗാനുമതി ലഭിച്ചെങ്കിലും അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലും അംഗീകാരമില്ല. അടിയന്തര ഉപയോഗ വാക്സിനുകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയതോടെ കോവാക്സിന് സ്വീകരിച്ച ആളുകള്‍ക്ക് മറ്റ് രാജ്യങ്ങളില്‍ പ്രവേശിക്കാന്‍ അംഗീകാരം ലഭിക്കുന്നതിന് സഹായകമാകും.
ഇന്ത്യയുടെ ആദ്യ തദ്ദേശീയ കോവിഡ് വാക്സിനായ കോവാക്സിന് 2021 ജനുവരിയിലാണ് അടിയന്തര ഉപയോഗത്തിന് കേന്ദ്ര സർക്കാർ അനുമതി നൽകിയത്. ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ഒക്ടോബര്‍ അവസാനത്തോടെ പ്രതീക്ഷിച്ചിരുന്നുവെങ്കിലും ലോകാരോഗ്യസംഘടനയുടെ തീരുമാനം വൈകുകയായിരുന്നു.
ഓസ്ട്രേലിയ, ഒമാൻ തുടങ്ങിയ രാജ്യങ്ങൾ കോവാക്സിൻ അംഗീകരിച്ചിരുന്നു. പിന്നാലെ തെക്കേ അമേരിക്കൻ രാജ്യമായ ഗയാന കഴിഞ്ഞ ദിവസം കോവാക്സിന് അംഗീകാരം നൽകിയിരുന്നു. മൗറീഷ്യസ്, ഫിലിപ്പിയൻസ്, നേപ്പാൾ, മെക്സികോ, ഇറാൻ, ശ്രീലങ്ക, ഗ്രീസ്, എസ്റ്റോണിയ, സിംബാവെ തുടങ്ങിയ രാജ്യങ്ങളും കോവാക്സിന് അംഗീകാരം നൽകിയിട്ടുണ്ട്.